ഇടത് രാഷ്ട്രീയത്തില്‍ മേല്‍ക്കൈ സിപിഎമ്മിന് തന്നെ: എം.എം.ലോറന്‍സ്

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഇടത് രാഷ്ട്രീയത്തില്‍ മേല്‍ക്കൈ സിപിഐയ്ക്ക് അല്ല സിപിഎമ്മിന് തന്നെയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് 24 കേരളയോടു പറഞ്ഞു. പക്ഷെ ഇപ്പോഴത്തെ ഇടത് രാഷ്ട്രീയത്തില്‍ താഴെയും മേലെയുമല്ലാതെ സമാന്തരമായി മുന്നോട്ടു മുന്നോട്ട് പോകാന്‍ നിലവിലുള്ള രാഷ്ട്രീയ നിലപാടുകള്‍ വഴി സിപിഐയ്ക്ക് സാധിച്ചിട്ടുണ്ട്. പൊതു രാഷ്ട്രീയ പ്രശ്നങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് സിപിഎമ്മും സിപിഎയും പൊതുവേ സ്വീകരിച്ചിട്ടുള്ളത്.

ഇപ്പോള്‍ സിപിഐ-സിപിഎം നിലപാടുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഇല്ല. പകരം യോജിപ്പാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മേല്‍ക്കൈ ലഭിക്കുന്നുണ്ട് എന്ന് പറയുന്നത് രാഷ്ട്രീയമായി ശരിയല്ല. പക്ഷെ ജനങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടയാക്കുന്നുണ്ട്.

ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഐ ലൈന്‍. ഇപ്പോള്‍ സിപിഎമ്മും അതേ ലൈനിലേക്ക് വരുകയാണോ എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ ഇടയുണ്ട്. കോണ്‍ഗ്രസുമായി യോജിച്ച് പോവുക എന്നത് സിപിഐ നിലപാടാണ്. ഇപ്പോള്‍ സിപിഎമ്മും അതേ നിലപാടിലേക്ക് എത്തിയിരിക്കുന്നതായി വ്യാഖ്യാനം വരും.

കോണ്‍ഗ്രസുമായി യോജിച്ച് ബിജെപിയെ നേരിടാം എന്ന ഒരു ലൈന്‍ ആദ്യം സിപിഐ സ്വീകരിച്ചു എന്ന് പറയാം. പക്ഷെ കോണ്‍ഗ്രസുമായി യോജിക്കുന്ന ഒരു ലൈന്‍ ഇപ്പോഴും സിപിഎം സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗസ് എടുക്കുന്ന നിലപാട് ശരിയാണെന്ന അഭിപ്രായം ഇപ്പോഴും സിപിഎമ്മിനില്ല.

കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് ശരിയല്ല എന്ന് ബോധ്യം വന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് വന്നത്. സിപിഎമ്മും സിപിഐയുമായി രണ്ടു പാര്‍ട്ടികളായി പിളര്‍ന്നു മാറിയത് തന്നെ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്റെ പേരിലാണ്. കോണ്‍ഗ്രസിന്റെ കാര്യം എടുത്തു നോക്കൂ. ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ട്.

കോണ്‍ഗ്രസ് ബിജെപിയായി മാറുന്ന അവസ്ഥാവിശേഷം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സിപിഎം ശക്തമാണ്. സിപിഎം-സിപിഐ ഉരസലുകള്‍ ഉണ്ടെങ്കിലും സിപിഎമ്മിന്റെ നിലപാടുകള്‍ ആണ് സിപിഐയെ സ്വാധീനിക്കുന്നത്. സിപിഎം ഒരു നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകുമ്പോള്‍ മാത്രമേ സിപിഐസ്വീകരിക്കുന്ന നിലപാടിനും കരുത്ത് വരുകയുള്ളൂ.

സിപിഐയ്ക്ക് ഒരു സ്വതന്ത്ര നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകാനുള്ള കഴിവും കരുത്തുമില്ല. പാര്‍ട്ടി എന്ന നിലയില്‍ വലിയ വലുപ്പവും സിപിഐയ്ക്കില്ല. പക്ഷെ ഇപ്പോള്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യോജിച്ച് പോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ സ്വന്തം നിലപാടുകള്‍ വഴി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.

കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ സിപിഎമ്മിനും സിപിഐയ്ക്കും ഒരേ നിലപാടാണ് ഉള്ളത്. ബിജെപിയെ നേരിടാന്‍ വേണ്ടി കോണ്‍ഗ്രസുമായി യോജിക്കാം എന്ന നിലപാട് സിപിഎമ്മിന് മുന്‍പ് തന്നെ സിപിഐ സ്വീകരിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി എടുക്കുന്ന നിലപാട് സിപിഐ നിലപാടിനോട് കുറച്ചു കൂടി ചേര്‍ന്ന് പോകുന്നതാണ്.

സിപിഎം-സിപിഐ ഭിന്നിപ്പിനു പിന്നില്‍ സിപിഎമ്മാണ് എന്നാണു സിപിഐ കരുതുന്നത്. സിപിഐയുടെ മുന്‍ നിലപാട് തന്നെ കോണ്‍ഗ്രസുമായി യോജിച്ചു മുന്നോട്ട് നീങ്ങാം എന്നായിരുന്നു. പക്ഷെ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പലതും ജനകീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഈ കാര്യത്തിലാണ് ഭിന്നിപ്പ് വന്നത്. പക്ഷെ സിപിഎം നിലപാടായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.

സിപിഎം ശക്തി പ്രാപിക്കുകയും സിപിഐ ക്രമേണ ദുര്‍ബലമാവുകയും ചെയ്തു. പക്ഷെ സിപിഐ എടുക്കുന്ന നിലപാടിലേക്ക് സിപിഎമ്മിനും ഇപ്പോള്‍ വരേണ്ടി വന്നു. ഇത് യാഥാര്‍ഥ്യമാണ്. പക്ഷെ ഇടത് രാഷ്ട്രീയത്തില്‍ സിപിഐയ്ക്ക് മേല്‍ക്കോയ്മ വന്നിട്ടില്ല. സിപിഎമ്മിന്റെ ചില നിലപാടുകളില്‍ മാറ്റം വരിക മാത്രമാണ് ചെയ്തത്-എം.എം.ലോറന്‍സ് പറയുന്നു.