ആന്റണി രാജിവച്ചതുപോലെ പിണറായി ഒഴിയില്ല; പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റ് വാങ്ങിയപ്പോൾ 2004ൽ എ.കെ.ആന്റണി രാജിവച്ചൊഴിഞ്ഞത് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കില്ലെന്ന് അഡ്വ.എ.ജയശങ്കറിന്റെ പരിഹാസം. ആന്റണിയല്ല സഖാവ് വിജയനെന്നും ഇരുപത് സീറ്റിൽ തോറ്റാലും അദ്ദേഹം രാജിവയ്‌ക്കില്ലെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. കാരണം, പാർട്ടിക്കോ സർക്കാരിനോ തെറ്റ് പറ്റിയിട്ടില്ലെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്‌ത ജനങ്ങൾക്കാണ് തെറ്റിയതെന്നും ജയശങ്കർ കളിയാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

കേരളത്തിൽ എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? താത്വികമായ ഒരു അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥികൾക്ക് എൽഡിഎഫ് സാരഥികളേക്കാളധികം വോട്ട് കിട്ടി എന്നതാണ് ഒന്നാമത്തെ കാരണം. എണ്ണത്തിൽ അവർ നേടിയെങ്കിലും ഗുണം കൂടിയ വോട്ടുകൾ നമുക്കാണ് കിട്ടിയത്.

ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു. പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്.

ശബരിമല മുൻനിർത്തി നമ്മൾ നടത്തിയ നവോത്ഥാനമാണ് നമ്മുടെ പണി തീർത്തതെന്ന വ്യാഖ്യാനം തെറ്റാണ്. ഇന്നാട്ടിലെ മൊത്തം സാംസ്‌കാരിക നായകരും എൽഡിഎഫിനാണ് വോട്ട് ചെയ്തത്. ഫെമിനിസ്റ്റുകളും തഥൈവ.

ശബരിമല വിഷയത്തിൽ കുറേ സവർണ മൂരാച്ചികൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരും അങ്ങനെ യുഡിഎഫ് ദുർബലമാകും എന്നാണ് നമ്മൾ കണക്കു കൂട്ടിയത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വോട്ടുകൾ നമുക്ക് അനുകൂലമാകുമെന്നും കരുതി. അവിടെയും കണക്ക് അല്പം തെറ്റി. നമ്മുടെ ഏതാനും വോട്ടുകൾ കൂടി എതിർ ഭാഗത്തേക്കു പോയി.

സഖാവ് പി ജയരാജന്റെ സ്ഥാനാർഥിത്വം പാർട്ടിയിലും മുന്നണിയിലും വലിയ ആവേശം സൃഷ്ടിച്ചെങ്കിലും വടകരയിൽ കോലീബി സഖ്യവും കുലംകുത്തികളുമായി കൈകോർക്കുന്നതിന് ഇടയാക്കി.

പാർട്ടിയും സർക്കാരും തെറ്റു തിരുത്തണം, 2004ൽ ആന്റണി ചെയ്ത പോലെ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ചില കുബുദ്ധികൾ ആവശ്യപ്പെടുന്നുണ്ട്. അതൊന്നും നടപ്പില്ല.

ഒന്നാമത് പാർട്ടിക്കോ സർക്കാരിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റിയത് ജനങ്ങൾക്കാണ്. യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തവരാണ് തെറ്റു തിരുത്തേണ്ടത്.

പിന്നെ, കോൺഗ്രസല്ല സിപിഎം. 2004അല്ല 2019. ആന്റണിയല്ല സഖാവ് വിജയൻ. 20സീറ്റും തോറ്റാലും രാജിയില്ല. ഈ കട്ടിൽ കണ്ടു പനിക്കേണ്ട