ഇക്ബാൽ…. നീ മരിക്കുന്നില്ല

രേഷ്മ സെബാസ്റ്റ്യൻ

കഷ്ടപാടുകളോടും യാതനകളോടും പടപൊരുതി വിജയിച്ചാണ് പലരും നേതാക്കൻമാരായത് . അതുപോലെ കഷ്ടപ്പാടിന്റെയും അടിമത്വത്തിന്റെയും ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്രത്തിലേയ്ക്ക് നടന്നു കയറിയ കുട്ടി നേതാവാണ് ഇഖ്‌ബാൽ മാസിഹ്. നരകതുല്യമായ തൊഴിലിടത്തിൽ നിന്നും സ്വയം രക്ഷപെടുകയും മറ്റു കുട്ടികളെക്കൂടി രക്ഷപെടുത്തുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകനാണ് ഇഖ്‌ബാൽ .

1983 ഇൽ പാകിസ്ഥാനിലെ ലാഹോറിൽ ജനിച്ച ഇഖ്‌ബാൽ തന്റെ മാതാപിതാക്കളുടെ കടം വീട്ടുന്നതിനായാണ് കാർപെറ്റ് ഫാക്ടറിയിൽ ജോലിക്കിറങ്ങേണ്ടി വന്നത് . അങ്ങനെ നാലാം വയസ്സിൽ വെറും 600 രൂപയ്ക്കു വേണ്ടി ഇഖ്ബാലിന്റെ ജീവിതം നരകത്തിലേയ്ക്ക് എറിയപ്പെട്ടു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ജോലി സമയമെങ്കിലും ബാക്കിയുള്ള സമയങ്ങളിൽ ഇഖ്‌ബാൽ അടക്കമുള്ള കുട്ടികളെ കൈകാലുകളിൽ ചങ്ങലയിട്ട് ഫാക്ടറിയിൽ തന്നെ ബന്ധിച്ചിരുന്നു. അങ്ങനെ ദിവസേന കിട്ടുന്ന ഒരു രൂപ പ്രതിഫലം കൊണ്ട് അവന്റെ കടങ്ങൾ തീർന്നതേയില്ല .

Related image

പത്താമത്തെ വയസ്സിൽ, തന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഇഖ്‌ബാൽ ഓടിയെങ്കിലും പോലീസ് വീണ്ടും ഇഖ്ബാലിനെ തിരികെ കൊണ്ടുവന്നാക്കി . പക്ഷെ ഇഖ്‌ബാൽ തളർന്നില്ല. ഒരിക്കൽ കൂടി അവൻ രക്ഷപെട്ടു. ഇത്തവണ അവൻ എത്തിയത് കുട്ടികളുടെ അടിമ വേലയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട്(BLLF) എന്ന സഘടനയിലാണ്. തുടർന്ന് അവരുടെ സഹായത്തോടെ നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കുകയും ബാലവേലയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെ മൂവായിരത്തോളം കുട്ടികൾ ഇഖ്‌ബാലിന്റെ സഹായത്തോടെ രക്ഷപെടുത്താനായി.

അനുഭവിച്ച ദുരിതങ്ങളുടെ ആധിക്യം കൊണ്ടാവാം, ബാലവേലയ്‌ക്കെതിരെ പോരാടുന്ന ഒരു വക്കീൽ ആവണമെന്ന് ഇഖ്‌ബാൽ ആഗ്രഹിച്ചു. മറ്റുള്ളവരെക്കൂടി ഉദ്ബോധിപ്പിക്കുവാനായി സ്വീഡൻ, U S പോലുള്ള രാജ്യങ്ങളിലും പോയി അവൻ തന്റെ ദുരിത കഥ വിവരിച്ചു . താൻ അനുഭവിച്ചറിഞ്ഞ സങ്കടക്കടലിൽ മറ്റു കുട്ടികളും വീഴാതിരിക്കുവാൻ അവൻ ശക്തിയുക്തം പോരാടി. 1994 ഇൽ റീബോക് ഹ്യൂമൻ റൈറ്റ്സ് അവാർഡ് (Reebok Human Rights Award) ഇഖ്ബാലിനു ലഭിച്ചു.

 

Related image

അതിക്രമങ്ങൾക്കെതിരെ കത്തിപ്പടർന്ന ഇഖ്ബാലിനെ എതിരാളികൾ തല്ലിക്കെടുത്തിക്കളഞ്ഞു. 1995 ഏപ്രിൽ 16 ന് വീട്ടിൽ ഈസ്റ്റർ ആഘോഷിച്ചുകൊണ്ടിരിക്കെ എതിരാളികളുടെ വെടിയേറ്റ് ആ ജീവൻ അണഞ്ഞു പോയി.

വിടരും മുൻപേ അടർത്തി മാറ്റപ്പെട്ട ഒരു പനിനീർപ്പൂവായിരുന്നു ഇഖ്‌ബാൽ. പക്ഷെ ആ സുഗന്ധം അവസാനിച്ചില്ല. ഇഖ്‌ബാലിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ഇഖ്‌ബാൽ സഹകരിച്ചു പ്രവർത്തിച്ചിരുന്ന സംഘടന ബാലവേലയ്‌ക്കെതിരെ ഇന്നും സജീവമാണ്. അനീതിക്കെതിരെ പൊരുതിയ ഈ ധീരന്റെ ജീവിതം അടിസ്ഥാനമാക്കി ഫ്രാൻസിസ്കോ.ഡി.അമാനോ “ഇഖ്ബാൽ” എന്ന നോവലും എഴുതിയിട്ടുണ്ട്.

Image result for iqbal masih

അനീതിക്കെതിരെ പോരാടാൻ പ്രായമോ സാഹചര്യമോ തടസ്സമല്ല എന്ന് ഇഖ്‌ബാൽ നമുക്ക് തെളിയിച്ചു തരുന്നുണ്ട്. ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞവർ മാത്രമാണ് സ്വാതന്ത്രത്തിലേയ്ക്ക് കടന്നിട്ടുള്ളത്. അത് കാലിനു ചുറ്റുമുള്ളതായാലും, മനസ്സിനു ചുറ്റുമുള്ളതായാലും……