ഇംഗ്ലണ്ടിനെതിരായ നാലാം എകദിനത്തില്‍ കീവിസിന് ഉജ്ജ്വല ജയം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം എകദിനത്തില്‍ ന്യസിലന്‍ഡിന് അഞ്ചു വിക്കറ്റിന്‌റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 336 എന്ന കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കേയാണ് കീവികള്‍ മറികടന്നത്. കാലിനേറ്റ പരുക്ക് വകവെക്കാതെ പൊരുതി ഉജ്ജ്വല സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറാണ്‌
കീവികളുടെ വിജയശില്‍പി. ജയത്തോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ന്യുസിലന്‍ഡ് ഇംഗ്ലണ്ടിന് ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയര്‍ സ്‌റ്റോയുടെയും ജോ റൂട്ടിന്‌റെയും സെഞ്ച്വറികളുടെ മികവില്‍ സ്‌കോര്‍ 335 റണ്‍സിലെത്തിക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ കീവിസ് പരമ്പര തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെയാണ് ടെയ്‌ലര്‍ ടീമിനെ തിരികെ കൊണ്ടുവന്നത്. 147 പന്തില്‍ പുറത്താകാതെ ടെയ്‌ലര്‍ 181 റണ്‍സ് നേടി. 7 ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

മത്സരത്തിനിടെ കാലിനേറ്റ പരുക്ക് വകവെക്കാതെയായിരുന്നു ടെയ്‌ലറുടെ
പ്രകടനം. സെഞ്ച്വറിക്ക് അരികില്‍ നില്‍ക്കെ റണ്ണൗട്ടില്‍ നിന്ന് രക്ഷപെടാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോഴാണ് ടെയ്ലറുടെ കാലിന് പരുക്കേറ്റത്. ഇതിന്റെ വേദനയും സഹിച്ചായിരുന്നു അപരാജിത സെഞ്ച്വറി.