ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നത് കരിയറിലെ വലിയ അബദ്ധം: മംമ്ത മോഹന്‍ദാസ്‌

‘അരുന്ധതി’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാതിരുന്നത്‌ കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്ന് മംമ്ത മോഹന്‍ദാസ്. അരുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം മംമ്ത മോഹന്‍ദാസിനെയായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ താരം റോള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അരുന്ധതിയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നാണ് അനുഷ്‌ക ഷെട്ടി സൂപ്പര്‍താരമായി മാറിയത്.

‘വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍ അന്ന്. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോള്‍ ഓടേണ്ടതെന്നുള്ള തിരിച്ചറിവ്’ മംമ്ത പറഞ്ഞു.

കുറച്ചു വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ല. ആദ്യത്തെ നാലുവര്‍ഷം ഞാന്‍ ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. വെറുതെ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രവും തിരഞ്ഞെടുത്തില്ല – മംമ്ത കൂട്ടിച്ചേര്‍ത്തു.