ആലപ്പാട് ; പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ രാത്രികാലങ്ങളില്‍ കള്ളക്കടത്തായി പുറത്തുപോകുന്നുണ്ട്. രാത്രിയിലാണ് തമിഴ്‌നാട്ടിലേക്ക് ലോറിയില്‍ മണല്‍ കടത്തുന്നത്. അത് തടയുന്നതിനുള്ള നടപടികളിലേക്ക് താന്‍ പോകുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

പ്രകൃതി നല്‍കിയ കടല്‍ തരുന്ന ധനമാണ് കരിമണല്‍. അത് ശേഖരിക്കുന്നതിനാണ് അവിടെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഐ.ആര്‍.ഇ എന്നത് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമാണ്. അവിടെ അവര്‍ക്ക് മൂന്ന് പ്ലോട്ട് തിരിച്ചു കൊടുത്തിരുന്നു. അതില്‍ ഒരു പ്ലോട്ടില്‍ നിന്ന് മാത്രമെ അവര്‍ മണല്‍ എടുക്കുന്നുള്ളൂ.അവിടെ മറ്റേതെങ്കിലും തരത്തില്‍കരയിടിയുകയോ മറ്റ് കാര്യങ്ങള്‍ക്കോ സാധ്യത ഇല്ലാത്തതാണ്. ഇപ്പോഴെന്താണ് പ്രശനം എന്നത് സംബന്ധിച്ച്‌ വിശദമായി പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം, ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി അറിയിച്ചിരുന്നു. ആലപ്പാട്ടെ പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.