ആലപ്പാട് ഖനനം: സമരസമിതിയുമായി ഇന്ന് ചര്‍ച്ച; സമവായത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം:  ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരം അവസാനിപ്പിക്കാൻ സമരസമിതിയുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ വൈകിട്ട് അഞ്ചു മണിക്ക് ചര്‍ച്ചനടത്തും. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന സീ വാഷിങ് താത്കാലികമായി നിർത്തി വെയ്ക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് സമരസമിതി സമവായത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് സീവാഷിങ് നിര്‍ത്തിവെക്കാനും ശാസ്ത്രീയ ഖനനം തുടരാനുമുള്ള തീരുമാനമെടുത്തത്.

അതേസമയം, കടലില്‍നിന്ന് നേരിട്ട് കരിമണലെടുക്കുന്ന ഖനന രീതിയായ സീവാഷിങ് കാരണം വന്‍തോതില്‍കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ വസ്തുത അംഗീരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സമവായ ശ്രമമെന്ന നിലയില്‍ സീവാഷിങ് താല്‍ക്കാലികമായി നിറുത്തിവെക്കാന്‍തീരുമാനിക്കുകയായിരുന്നു. സമരസമിതിയുമായി ചര്‍ച്ചക്കില്ല, സമരത്തിന് പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണ് എന്നീ നിലപാടുകള്‍ വ്യവസായമന്ത്രിക്ക് മാറ്റേണ്ടിവന്നു. വ്യവസായമന്ത്രി തന്നെ സമരസമിതിയുമായി സംസാരിക്കും.