ആറു വര്‍ഷത്തിനു ശേഷം യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം തുടങ്ങി

ദുബായ്: യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം ഇന്നു മുതല്‍ തുടങ്ങുന്നു. ഒക്ടോബര്‍ 31 വരെയാണ് ഇതിന്റെ കാലാവധി. ആര്‍ക്കും യാത്രാനിരോധനമോ ശിക്ഷാനടപടികളോ ഇല്ലാതെ ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി അവരവരുടെ നാട്ടിലേക്ക് പോകാനോ യു.എ.ഇയില്‍ തന്നെ തുടരാനോ അനുവദിക്കുന്ന സംവിധാനമാണ് പൊതുമാപ്പ്.

ആറു വര്‍ഷത്തിനു ശേഷമാണ് യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം വരുന്നത്. വിസാ കാലവധി തീര്‍ന്നിട്ടും ഇവിടെ തങ്ങുന്ന വിദേശികള്‍ക്ക് ഇതിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി ലഭിക്കുന്നതിനുവേണ്ടി ആറുമാസത്തെ വിസ അനുവദിക്കാനും യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം പൊതുമാപ്പിന്റെ കാലാവധിക്ക് ശേഷവും രേഖകള്‍ ശരിയാക്കാതെ ഇവിടെ തങ്ങുന്നവര്‍ക്ക് കനത്ത പിഴയും നിയമ നടപടികളും നേരിടേണ്ടി വരും.

അതെ സമയം യു.എ.ഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആഗസ്റ്റ് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.ഇ യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.