ആറാം ഘട്ട വോട്ടെടുപ്പ്‌:ആദ്യ പകുതി പിന്നിടുമ്പോൾ 29 ശതമാനം പോളിങ്

ന്യൂഡല്‍ഹി:  ആറാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 29 ശതമാനം പോളിങ്. ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ജനവിധി കുറിക്കുന്നത്. ബംഗാളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് ഒരു ബിജെപി പ്രവർത്തകനെയും തൃണമൂൽ പ്രവർത്തകനെയും മരിച്ചനിലയിൽ കണ്ടെത്തി.

ഉത്തർപ്രദേശിലെ പതിനാല് സീറ്റിലും ഡൽഹിയിലെയും ഹരിയാനയിലെയും മുഴുവൻ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ത്രിപുരയിലെ നൂറ്റി അറുപത്തി എട്ടും ബംഗാളിലെ രണ്ടും ബൂത്തുകളിൽ റിപ്പോളിങ്ങും നടക്കുന്നുണ്ട്. ബംഗാളിലെ ബംഗുരയിൽ തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

ഗട്ടലിലെ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിന്റെ വാഹനവ്യൂഹം  ആക്രമിക്കപ്പെട്ടു. യു.പിയിലെ സുൽത്താൻപുരിൽ കേന്ദ്രമന്ത്രി മനേക ഗാന്ധിയും മഹാസഖ്യ സ്ഥാനാർത്ഥി സോനു സിങ്ങും തമ്മിൽ പോളിങ് ബൂത്തിന് സമീപം വാക്കേറ്റമുണ്ടായി. 

ഹരിയാനയിലെ പഞ്ച്കുലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായ വാഹന പരിശോധനയ്ക്കിടെ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം എസ്.എ.പി ക്യാംപിലെ കോൺസ്റ്റബിൾ വിഷ്ണു രാജിനാണ് കാർ തട്ടിത്തെറിപ്പിച്ചത്.