ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്ഥ; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നടത്തുന്ന ഹര്‍ത്താലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

ഹര്‍ത്താല്‍ ആഘോഷമാക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് മലയാളികള്‍ വന്നെന്നും അര്‍ദ്ധ രാത്രിയില്‍ ഹര്‍ത്താലിന് ആഹ്വനം ചെയ്തിട്ടുള്ളത് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ അല്ലെന്നും ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും കാനം പറഞ്ഞു.

ഒരു പ്രസ്താവന കൊണ്ട് ഹര്‍ത്താല്‍ നടത്താമെന്നായി. സമര ലക്ഷ്യങ്ങള്‍ നേടുവാന്‍ സാധാരണക്കാരെ ബന്ദികളാക്കി വിജയിച്ച ചരിത്രം ഇല്ല, കാനം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ബിജെപിയും കര്‍മ്മ സമിതിയും അടിക്കടിയാണ് ഹര്‍ത്താലുകള്‍ നടത്തിയത്. യുവതീപ്രവേശനത്തെ തുടര്‍ന്ന് കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലില്‍ നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.