‘ആര്‍ക്കാണ് ജാതിയില്ലാത്തത്…’

മായ പ്രമോദ്‌

ഒരു കലാകരന്റെ മൃതദേഹത്തില്‍ പോലും ജാതി അശുദ്ധിയായി
കണ്ട ജാതിയില്ലാ കേരളത്തിന്റ പ്രബുദ്ധമായ ജാത്യാചാരങ്ങള്‍ എറണാകുളത്തും. ക്ഷേത്രം അശുദ്ധിയാവുമെന്ന് ആരോപിച്ച് പ്രശസ്ത ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് അമ്പല കമ്മറ്റിക്കാര്‍ തടഞ്ഞു. ആര്‍ട്ട് ഗ്യാലറിക്കടുത്തുള്ള ശിവക്ഷേത്രത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

പന്തല്‍ ഒഴിവാക്കി ദളിത് ചിത്രകാരന്‍ അശാന്തന്‍ മാഷുടെ മൃതദേഹം തിണ്ണയില്‍ വെച്ച് അപമാനിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു കലാകാരന്റെ മൃതദേഹം ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നത്. ലളിതകല അക്കാദമിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്. ക്ഷേത്രത്തിലെ ഭഗവാന് അശുദ്ധിയാകുമെന്നും ആചാരപ്രകാരം അനുവദനീയമല്ലെന്നും
പറഞ്ഞ് തടഞ്ഞ് മണിക്കുറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സവര്‍ണര്‍ അതിക്രമം കാട്ടിയത്. ഇതിനു മുമ്പും നിരവധി കലാകാരന്മാരുടെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി വെക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രതിഷേധം ഇപ്പോഴുണ്ടാകാന്‍ കാരണം അദ്ദേഹം ഒരു ദളിതന്‍ ആയതുകൊണ്ടു മാത്രമാണ്.

‘നമ്മുക്ക് ജാതിയില്ലായെന്ന ‘ ശ്രീ നാരായണ ഗുരുവിളംബംരത്തിന്റെ 100 – ാം
വര്‍ഷ ആഘോഷത്തിന്റെ അലയൊലികള്‍ കടന്ന് രണ്ടാം വര്‍ഷത്തില്‍ നില്‍ക്കുന്ന നമ്മുക്ക് ജാതിയുണ്ടെന്ന്‌ കാട്ടിതന്ന് കൊണ്ട് ഗോവിന്ദാപുരത്തെ ജാതിയടയാളമായ വാട്ടര്‍ ടാപ്പ്. അത് ഒന്നുകൂടി ഊട്ടിയുറപ്പിച്ച്‌ വടയമ്പാടിയില്‍ ജാതിമതിലായി പൊങ്ങി. ഒടുവില്‍ പ്രിയപ്പെട്ട കലാകാരന്റെ മൃതദേഹത്തോടു പോലും ഞങ്ങള്‍ക്ക് ജാതിയുണ്ടെന്ന്‌ കേരളീയര്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു.
ആ മൃതദേഹത്തെ ചെറുവഴിയിലൂടെ കടത്തി തിണ്ണയില്‍ കിടത്തി അപമാനിച്ച കേരളം. ഒരു കലാകാരന്‍ ദലിതനായിപ്പോയതു കൊണ്ടു മാത്രം അദ്ദേഹം നേടിയ സംസ്ഥാന പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇല്ലാതാകുന്നില്ല.

കാല്‍നൂറ്റാണ്ടിന്‌ മേലേ ദലിത് പരിസരത്തുനിന്നുള്ള ആത്മാവിഷ്‌ക്കാരങ്ങളിലൂടെ ശ്രദ്ധേയമായ ഒട്ടേറേ കലാസൃഷ്ടികള്‍ നടത്തിയ ചിത്രകാരനായ അദ്ദേഹത്തിന്റെ മരണത്തെ അവഹേളിച്ച നടപടിയില്‍ ലളിതകല അക്കാദമി പാലിക്കുന്ന മൗനം, ആ ഇടത്തിലെ അനീതിയുടെ സവര്‍ണ പരിസരം വിളിച്ചു പറയുന്നതാണ്. എര്‍ണാകുളത്തപ്പന്‍ എന്ന് വിളിക്കുന്ന ഭഗവാന്‍ ശിവന്റെ ചരിത്രത്തിലേയ്ക്ക്‌ പോയാല്‍ ചുടലയില്‍ ജീവിക്കുന്ന ഒരു ശിവനെയും നമ്മുക്ക് കാണാന്‍ കഴിയും. കപാലവും തലയോട്ടിയും മാലയായി അണിയുന്ന ചുടല ശിവന്റെ ചരിത്രമുറങ്ങുന്നിടത്താണ്, അതേ പ്രതിഷ്ഠയുള്ള അമ്പലത്തിനടുത്തുള്ള ,ഗവണ്‍മെന്റ് അധീനതയുള്ള മന്ദിരത്തില്‍, അവരുടെ അനുവാദ പ്രകാരം പൊതുദര്‍ശനത്തിനു വെച്ച ഒരു കലാകാരന്റ മൃതുദേഹത്തില്‍… ഗാന്ധിയുടെ പിന്‍തലമുറക്കാരനായ ഒരു ഖദര്‍ നേതാവിന്റെ ആചാരപ്രകടനം. ഗാന്ധി പാലിച്ച അതേ വര്‍ണ-ജാതി വ്യവസ്ഥ തീര്‍ച്ചയായും നിങ്ങള്‍ പാലിക്കേണ്ടിയിരിക്കുന്നു… അതുകൊണ്ട് ഇനി മേലാല്‍ ‘അശുദ്ധിയുണ്ടാവാതിരിക്കാന്‍’ ദര്‍ബാര്‍ ഹാള്‍ മറ്റൊരു കലാകാരനും തുറന്ന് കൊടുക്കരുത്….