ആര്‍എസ്എസ് ആക്രമിച്ചത് കുരീപ്പുഴയെ അല്ല, ജാതിരഹിത സമൂഹം എന്ന ആശയത്തെ


കെ.ശ്രീജിത്ത്

ഞാന്‍, അദ്ദേഹത്തെ പോലെ മദ്യം തൊട്ടിറക്കിയിട്ടില്ലാത്ത ആളല്ല…
പക്ഷെ, ഞാനാരുടെയും പള്ളി പൊളിച്ചിട്ടില്ല…
ഞാന്‍, പുകവലിച്ചിട്ടില്ലാത്ത ആളുമല്ല…
എങ്കിലും ഞാനാരെയും ഗ്യാസ് ചേമ്പറിലിട്ട് കൊന്നിട്ടില്ല……
ഞാന്‍ സമ്പൂര്‍ണ സസ്യഭുക്കല്ല… എന്നാലും ഞാന്‍ അന്യമതസ്ഥരെ…
ബലാത്സംഗം ചെയ്യുകയോ, അമ്മ വയറ്റിലുറങ്ങിയ കണ്ണുതുറക്കാകണ്‍മണിയെ …
ശൂലത്തില്‍ കുത്തി തിയ്യിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല…
അപ്പോള്‍ ചങ്ങാതി, യഥാര്‍ഥ ദുശീലമെന്താണ്….

കുരീപ്പുഴ ശ്രീകുമാര്‍
(ആര്‍എസ്എസ്സിന്റെ ആക്രമണത്തിന് ശേഷം എഴുതിയ കവിത)

മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് ആക്രമിച്ചിരിക്കുന്നു. കടയ്ക്കല്‍ കോട്ടുങ്കലില്‍ കൈരളി ഗ്രന്ഥശാലയുടെ അന്‍പതാം വാര്‍ഷികത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. വടയമ്പാടിയിലുയര്‍ന്ന ജാതി മതിലിനെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസുകാരെക്കുറിച്ചും സംസാരിച്ചതിനുള്ള മറുപടിയാണ് ആക്രമണം. കേരളത്തിലിപ്പോള്‍ പൊതുമൈതാനങ്ങള്‍ വര്‍ഗീയ വാദികള്‍ കൈയ്യേറിക്കൊണ്ടിരിക്കുകയാണെന്നും ഒടുവിലത്തെ ഉദാഹരണം വടയമ്പാടിയാണെന്നുമായിരുന്നു കുരീപ്പുഴ പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് ആക്രമിച്ചത് കുരീപ്പുഴ ശ്രീകുമാറിനെയല്ല. മറിച്ച് ജാതിരഹിത സമൂഹം എന്ന ആശയത്തെയാണ്. ആ ആശയത്തിന്റെ ശക്തനായ വക്താവാണ് ശ്രീകുമാര്‍. ജാതിരഹിത ജീവിതം, സമൂഹം എന്ന് പറഞ്ഞ് കേരളം മുഴുവന്‍ ഓടിനടക്കുന്ന പ്രിയ കവിയാണ് അദ്ദേഹം. ജാതിയ്‌ക്കെതിരെ കവിതയെഴുതിയും പ്രസംഗിച്ചും മിശ്രവിവാഹങ്ങളില്‍ പങ്കെടുത്തും ഒരു തപസ്യ പോലെ ജാതിരഹിത ചിന്ത കൊണ്ടുനടക്കുന്ന ഒരാള്‍. അയാളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതിലൂടെ ആ ആശയത്തെ കീഴടക്കാമെന്ന് ആര്‍എസ്എസ് മോഹിക്കുന്നു. അതിവേഗം ജാതീയതയെ തിരിച്ചുകൊണ്ടുവരാന്‍ കുരീപ്പുഴയെപ്പോലുള്ളവരെ തച്ചുതകര്‍ക്കണമെന്ന് ആര്‍എസ്എസ്സിന് നന്നായിട്ടറിയാം.

ഉത്തരേന്ത്യയില്‍ മുഴുവന്‍ ആര്‍എസ്എസ് അതില്‍ വിജയിച്ചുകഴിഞ്ഞു. ഇനി ഇങ്ങ് തെക്ക് കേരളം എന്ന നാടാണ് അവര്‍ക്ക് തൊടാന്‍ പറ്റാതെ ബാക്കി നില്‍ക്കുന്നത്. അവരുടെ ക്ഷമ നശിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് ജാതിമതിലുകള്‍ ഉയരുന്നത്. കെട്ടിപ്പൊക്കിയ വേലികളെ, മതിലുകളെ പൊളിച്ചെറിയാന്‍ ശ്രമിക്കുന്നവരെ ശാരീരികമായി ആക്രമിച്ച് കീഴടക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. ലോകമെമ്പാടും ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയ ആയുധം തന്നെയാണ് ആര്‍എസ്എസ്സും ഇവിടെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മറ്റൊന്നുമല്ല, ഭയം. ഭയം ഒരു നല്ല ആയുധമാണെന്ന് അവര്‍ കരുതുന്നു. ശാരീരികമായി ആക്രമിച്ച് ഭയപ്പെടുത്തി എന്തിനെയും കീഴടക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ കുരീപ്പുഴയെപ്പോലെ ഒരാളെ ഭയപ്പെടുത്താമെന്ന് കരുതുന്ന ആര്‍എസ്എസ് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നതാണ് സത്യം.

കേരളം പോലൊരു മതനിരപേക്ഷ സമൂഹത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ കലാപങ്ങളും ജാതി ലഹളകളും ആവശ്യമാണെന്ന് അവര്‍ക്കറിയാം. ഇതേ അഭ്യാസം ഉത്തരേന്ത്യയില്‍ പയറ്റി ജയിച്ചു. അത് ഇവിടെയും നടപ്പിലാക്കുമെന്ന് അവര്‍ ഊറ്റം കൊള്ളുന്നു. അതുവഴി ഒരു സംസ്‌കാരത്തെ അപ്പാടെ പൊളിച്ചുമാറ്റാമെന്നും ജാതിമത ശക്തികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. അധികാരം പിടിച്ചെടുക്കാന്‍ എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കാന്‍ ആര്‍എസ്എസ്സിന് യാതൊരു മടിയുമില്ലെന്ന് അവര്‍ നേരത്തെത്തന്നെ തെളിയിച്ചതാണ്. എന്തെങ്കിലുമൊരു തീപ്പൊരി വീണുകിട്ടിയാല്‍ അത് ആളിക്കത്തിക്കാമെന്ന് അവര്‍ കരുതുന്നു. ജാതിരഹിത ജീവിതം പാടി നടക്കുന്ന കുരീപ്പുഴയെ പോലുള്ളവരെ തല്ലിയിട്ടായാലും വേണ്ടില്ല, അത്തരം ആശയങ്ങളുടെ വേരറുക്കണം. അതുവഴി ഒരു സംസ്‌കാരത്തെ, ഒരു ജീവിതചര്യയെ തകര്‍ത്ത് തരിപ്പണമാക്കണം. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയും സാന്ത്വനിപ്പിക്കുകയും തോളില്‍ കൈയിട്ട് നടക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. പകരം നൂറ്റാണ്ടുകളുടെ പഴക്കമുള്ള മനുസ്മൃതി നടപ്പിലാക്കണം. ജാതിയില്‍ ഉയര്‍ന്നവന്റെ കാലടികള്‍ക്കിടയില്‍ കിടന്ന് ദളിത് ജീവിതങ്ങള്‍ ഞെരിഞ്ഞമരണം. മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവിന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം. അല്ലെങ്കില്‍ അവരെ നാടുകടത്തണം. അധികാരം സവര്‍ണന്റെ കൈകളില്‍ ഭദ്രമാകണം.

മത വര്‍ഗീയ കാഴ്ചപ്പാടുകള്‍ കൊണ്ട് വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യണം. അതിന് ആരെയും ഉപയോഗിക്കും. ആരെയും ആക്രമിക്കും. നാം ഇന്ന് അനുഭവിക്കുന്ന ‘ഏകസ്വരത’യുടെ ആധിപത്യം തന്നെയാണ് ഇതിന് വലിയ ഉദാഹരണം. അസഹിഷ്ണുതയും ഏകസ്വരതയും ഏകാധിപത്യവും നിത്യേന അനുഭവിപ്പിക്കുകയും അതുവഴി എല്ലാവരെയും ഭയപ്പെടുത്തി ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുകയും ചെയ്യുക. അതുകൊണ്ടാണ് പൊതുമൈതാനങ്ങള്‍ ഇന്ന് വര്‍ഗീയവാദികള്‍ കൈയ്യേറിയിരിക്കുന്നു എന്ന് കുരീപ്പുഴയ്ക്ക് പറയേണ്ടിവരുന്നത്. എല്ലാ പൊതു ഇടങ്ങളും തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുമ്പോള്‍ ചെറുത്തുനില്പിന്റെ ശക്തി, പ്രതിരോധത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ ഇന്ന് കുരീപ്പുഴ. നാളെ നമ്മള്‍ ഓരോരുത്തരും. അതുതന്നെയാണ് ആര്‍എസ്എസ്സിന്റെ ലക്ഷ്യവും. അതിനാണവര്‍ കുരീപ്പുഴയെപ്പോലുള്ളവരെ ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ജാതിരഹിത ജീവിതത്തിന്റെ, സമൂഹത്തിന്റെ വേരുകളറുക്കാമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. ചുരുങ്ങിയത് കേരളത്തിലെങ്കിലും അത് സ്വപ്‌നമായിത്തന്നെ അവശേഷിക്കാന്‍ കുരീപ്പുഴയെപ്പോലുള്ളവരെ എന്ത് വില കൊടുത്തും സംരക്ഷിച്ചുനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണ്.

നാം ഏത് സംസ്‌കാരത്തിലാണ് ജീവിച്ചുവന്നതെന്ന്, എന്താണ് നമ്മുടെ പാരമ്പര്യമെന്ന്, നമ്മുടെ സാംസ്‌കാരിക അടയാളങ്ങളെന്തൊക്കെയാണെന്ന്, അത് മറന്നുപോകുന്നവര്‍ക്കുവേണ്ടി കുരീപ്പുഴ നേരത്തെത്തന്നെ എഴുതിവെച്ചിട്ടുണ്ട്. അത് വായിച്ചിട്ടെങ്കിലും, അത് കേട്ടിട്ടെങ്കിലും എന്താണ് മനുഷ്യനെന്നും എന്താണ് മലയാളിയെന്നും അവന്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന താളങ്ങളും തുടിപ്പുകളുമെന്തെന്നും അറിഞ്ഞെങ്കില്ലെന്ന്, മനസിലാക്കിയെങ്കിലെന്ന് നമ്മുക്ക് ആശിക്കാം…

കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഇഷ്ടമുടിക്കായല്‍’ എന്ന കവിത നമ്മുക്കൊരുമിച്ച് വായിക്കാം, കേള്‍ക്കാം…   (വീഡിയോ കടപ്പാട്: മനോരമ ന്യൂസ്‌)

മുടിയെട്ടും കോര്‍ത്ത് കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്
എന്റെ തുഴത്തണ്ടില്‍ താളമിട്ട് തുടിക്കുന്നോള്

കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും
തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ് പോകെ
എന്റെ ജലക്കൂട്ടേ നിറക്കൂട്ടേ നിറഞ്ഞ് നില്ല്!
ദൂരെ പകലോന്റെ പള്ളിവേട്ടക്കൊരുങ്ങി നില്ല്

അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്
റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്!
ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്
നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂഞ്ചൂചൂര്

മഴക്കോളില്‍ പിറക്കുന്ന നറുംകുഴലി
ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം
പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കിന്നാരം

വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്ന..
ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട…
ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്..
കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന
ഇറച്ചിക്ക് കള്ളുമായി തിരിക്കും നിന്റെ
തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്

മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ…
മറു തായ്ക്ക് പിറന്നോരാ ചെറ്റകള്‍ ശൃംഗരിക്കുന്ന
തുരുത്തിന്മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്..
ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!

പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്..
പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്..
നേരമുച്ച തിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടേ
കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടേ…

നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്…
പകല്‍ തോരും മുന്‍പ് പോകും കോല്‍കുതിരക്ക്…
ആളകമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്‍
നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ
വിങ്ങും താളമായി ചര്രോ….പര്രോ….
ചിലക്കുമ്പോള്‍ വിളിക്കമ്പോള്‍
കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!

കരിക്കും വെള്ളക്കയും പെയ്തൊഴിഞ്ഞ തെങ്ങില്‍
കരിഞ്ചെല്ലി കാവലേല്‍ക്കും പാതിരാവത്ത്…
കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..
നെരിപ്പോട് മാടനെയ്ത വടിയില്‍ കുത്തീ…
കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങരാവേ കത്തിച്ച് നില്ല്…

ദുരവസ്ഥക്കവിയേ നീ ഒടുക്കം കണ്ടൂ…
ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..
വയല്‍ പെറ്റ ധന്യമാര്‍ക്ക് റൗക്കയും സ്നേഹവും പേറി
വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
മണ്ണില്‍ കുരുത്തോന് നടക്കാനും പഠിക്കാനും ധരിക്കാനും
കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ…

ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത് വച്ച്..
മടികണ്ട് നടുക്കു ഞാനിറങ്ങീ നിന്നൂ..
ആഴമെല്ലാം ഒളിപ്പിച്ച് കൊതിപ്പിച്ചോളെ..
നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍ തേടി
പടക്കെല്ലാം പോര്‍വിളിക്കാന്‍ ഞണ്ടുവേണം കൂന്തലും വേണം!

കണ്ടവര്‍ക്ക് പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..
കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ….
പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി..
കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ…

കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..
ചീനവലക്കുള്ളില്‍ ചൂളയിട്ട് ചിരിക്കുന്നോളെ..
ജയപാല പണിക്കര്‍ക്ക് ലഹരിക്കായി
ഇളം നീല, ചുവപ്പ് പച്ചയും ചാലിച്ചൊരുക്കിയോളേ….

ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍
ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ…

മുടിയെട്ടും കോര്‍ത്ത് കെട്ടി വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്
എന്റെ തുഴത്തണ്ടില്‍ താളമിട്ട് തുടിക്കുന്നോള്
എന്റെ തുഴത്തണ്ടില്‍ താളമിട്ട് തുടിക്കുന്നോള്?