ആരോഗ്യരംഗത്ത് കേരള മോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യരംഗത്ത് കേരളാ മോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിക്കുകയും അതുവഴി മികച്ച ചികിത്സ ഉറപ്പുവരുത്താനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന, ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണെന്ന് കാണിച്ചുള്ള ആരോഗ്യ സൂചിക റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ സൂചിക റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍ പ്രദേശ് ആണ്‌ ഏറ്റവും പിന്നില്‍. നീതി ആയോഗ്, ആരോഗ്യമന്ത്രാലയം, ലോകബാങ്ക് എന്നിവ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ ദേശീയ ആരോഗ്യനയത്തില്‍ പറയുന്ന ലക്ഷ്യം കേരളവും തമിഴ്നാടും കൈവരിച്ചു. ആയിരത്തില്‍ 23 ആണ് നയത്തിലെ ലക്ഷ്യം. കേരളത്തിലിത് 13-ഉം, തമിഴ്നാട്ടില്‍ 20-ഉം ആണ്. കേരളത്തില്‍ ജനിക്കുന്ന 11.7 ശതമാനം കുട്ടികളും ഭാരക്കുറവ് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ വാര്‍ഷികവളര്‍ച്ചാനിരക്കും കണക്കാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും കൈവരിക്കുന്ന പുരോഗതിയുടെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാനിരക്ക് നിശ്ചയിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പുരോഗതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് സൂചിക തിട്ടപ്പെടുത്തിയത്. 76.55 ആണ് കേരളത്തിനുലഭിച്ച പോയന്റ്. 2014-15 കാലയളവിനെക്കാള്‍ വളര്‍ച്ചയില്‍ മൂന്നരശതമാനത്തോളം കുറവുണ്ടായി. പഞ്ചാബ് (65.21), തമിഴ്നാട് (63.38) എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശിന്റെ പോയന്റ് 33.69 ആണ്. ചെറിയസംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മിസോറമാണ് മുന്നില്‍ (73.70).

വാര്‍ഷികവളര്‍ച്ചയുടെ കാര്യത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവയും ചെറിയ സംസ്ഥാനങ്ങളില്‍ മണിപ്പുര്‍, ഗോവ എന്നിവയും മുന്നില്‍നില്‍ക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇരുസൂചികയിലും ലക്ഷദ്വീപാണ് മുന്നില്‍. 2014-2015, 2015-2016 കാലയളവിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്.