ആരാധകര്‍ക്ക് പ്രതീക്ഷ ഇരട്ടിയായി; നെയ്മറെ ടീമിൽ എത്തിക്കാൻ റയല്‍ മാഡ്രിഡ്

പാരിസ് : പി എസ് ജി വിടാനൊരുങ്ങുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് നീക്കം ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റയലിന്റെ പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട് പാരീസില്‍ ചര്‍ച്ച നടത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍പാദത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്. ലോകകപ്പിന് മുമ്ബായി നെയ്മര്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് റയല്‍ താരത്തിനായി നീക്കം ശക്തമായത്. ഈ സീസണിന്റെ തുടക്കത്തിലാണ് നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സിലോണയില്‍ നിന്ന് പി എസ് ജിയിലേക്ക് കൂടുമാറിയത്.എന്നാല്‍ നെയ്മറെ വീണ്ടും ബാഴ്സലോണയിലെത്തിക്കുമെന്ന് ക്ലബ് പ്രസിഡന്റ് അടുത്തിടെ ടി.വി ഷോയില്‍ പറഞ്ഞിരുന്നു. ലോകത്തെ മികച്ച താരങ്ങള്‍ ബാഴ്സലോണക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു ബര്‍ട്ടമു പറഞ്ഞത്.

ബാഴ്സ വിട്ടതിനു ശേഷം നെയ്മര്‍ക്ക് ബാഴ്സ മാനേജ്മെന്റുമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ നെയ്മറെ വീണ്ടും ബാഴ്സയിലേക്കെത്തിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ബാഴ്സലോണ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. വാല്‍വെര്‍ദേ ബാഴ്സലോണ പരിശീലകനായി തുടരുമോയെന്ന പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്ബോഴാണ് നെയ്മറെ കുറിച്ചും ബാഴ്സ പ്രസിഡന്റ് മനസു തുറന്നത്.ലോകത്തിലെ മികച്ച താരങ്ങള്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നത് തനിക്കു വളരെയധികം താല്‍പര്യമുള്ള കാര്യമാണെന്നും അതുകൊണ്ടു തന്നെ നെയ്മറെ വീണ്ടും ബാഴ്സലോണയിലെത്തിക്കാന്‍ തനിക്കു മടിയില്ലെന്നും ബര്‍ട്ടമൂ പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.