ആയിരം രൂപ കടം വാങ്ങി, തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ അഞ്ചു വർഷത്തെ അടിമപ്പണി ; സർക്കാരുദ്യോഗസ്ഥരെത്തി മോചിപ്പിച്ചു

ചെന്നൈ: വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്‌നാട്ടില്‍ വര്‍ഷങ്ങളോളം അടിമപ്പണി ചെയ്യിപ്പിച്ചതായി കണ്ടെത്തി മോചിപ്പിച്ചു. ഇത്തരത്തില്‍ ദുരിതത്തില്‍ കഴിഞ്ഞ 42 തൊഴിലാളികളെയാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചത്.

ആയിരം രൂപ മാത്രം വായ്‌പ വാങ്ങി തിരിച്ച്‌ നല്‍കാന്‍ കഴിയാതെ അഞ്ച് വര്‍ഷമായി പീഡനം അനുഭവിച്ച കാശി എന്ന 60കാരന്‍ തഹസില്‍ദാരുടെ കാല്‍ക്കല്‍ വീണ് നന്ദിയറിയിക്കുന്ന ചിത്രം ഇതിന്റെ തീവ്രത മനസിലാകുന്നു.

നടരാജ് എന്ന വ്യക്തിയില്‍ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാല്‍ ഈ തുക തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ നടരാജ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ബന്ധിത തൊഴില്‍ ചെയ്യേണ്ടി വന്നു. സർക്കാർ ഉദ്യോഗസ്ഥരാണ് മോചിപ്പിച്ചത്.

കാഞ്ചിപുരത്തെ മരംമുറിക്കുന്ന കേന്ദ്രത്തില്‍ 28 പേരാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്. വെല്ലൂരില്‍ 14 പേരും ഉണ്ടായിരുന്നു. എല്ലാവരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘം രക്ഷിച്ചു. കാഞ്ചിപുരം സബ് കളക്ടര്‍ എ ശരവണന്‍, റാണിപതിലെ സബ് കളക്ടര്‍ ഇളംബഹവത് എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

ഇവര്‍ 30,000 രൂപ വരെ തിരികെ നല്‍കാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി. എന്നാല്‍ തങ്ങള്‍ക്ക് തടവറയ്ക്ക് സമാനമായ അനുഭവമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് തൊഴിലാളികളുടെ മൊഴി. സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും, ഗര്‍ഭിണിയെ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതെ കാട്ടിനകത്ത് പ്രസവിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തൊഴിലുടമയ്ക്ക് എതിരെ തൊഴിലാളികള്‍ ഉന്നയിച്ചത്. ജോലിക്ക് കൂലി നല്‍കാറില്ലെന്നും ആഹാരം നല്കിയിരുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

തൊഴിലുടമയെയും തൊഴിലാളികളെയും റവന്യു ഓഫീസിലേക്ക് വിളിച്ചു വരുത്തി തൊഴിലാളികളുടെ കടം അടച്ചു തീര്‍ന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി വാങ്ങിച്ചശേഷം 42 പേരെയും സ്വതന്ത്രരാക്കി.