ആമിഷ് ജനവിഭാഗം-ഇതും അമേരിക്ക!

ആലിയ

അമേരിക്കയിലെ അദ്‌ഭുതമാണ്‌ ‘ആമിഷ്‌ ‘ എന്നറിയപ്പെടുന്ന ജനവിഭാഗം. മുന്നൂറിലേറെ വർഷങ്ങൾ പിന്നിലാണ്‌ അവർ ഇപ്പോഴും. അജ്ഞത കൊണ്ടല്ല, മനപ്പൂർവം!

അമേരിക്ക എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത്‌ ആകാശത്തെ തൊട്ടുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും വേഗത്തിൽ പായുന്ന വില കൂടിയ കാറുകളും ഗ്ളാമർ വേഷമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമൊക്കെയാണോ?. എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്മമായൊരു അമേരിക്കൻജീവിതത്തെ തൊട്ടറിയാൻ പെൻസിൽവാനിയയിലെയും ഇൻഡ്യാനയിലെയും ചില ചെറു ഗ്രാമങ്ങളിലേക്ക്‌ വരൂ. അവിടെയാണ്‌ ‘ആമിഷ്‌’ ജനത വസിക്കുന്നത്‌.

തിരവണ്ടികളിൽമാത്രം യാത്ര ചെയ്ത്‌ വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വർഷം പഴക്കമുള്ള ജീവിതക്രമങ്ങൾ ഇന്നും അനുവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ!ആദിവാസികളാണെന്നോ, വിദ്യാഭ്യാസമില്ലാത്തവരാണെന്നോ തെറ്റിദ്ധരിക്കേണ്ട, സുഖ ലോലുപതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ, മുഖ്യധാരയിൽനിന്ന്‌ അകന്നുമാറി, ലൗകിക സുഖങ്ങളെ തിരസ്കരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹമാണ്‌ ആമിഷുകൾ.

സ്വന്തം ചിത്രങ്ങളെടുക്കുന്നതിനോട് അങ്ങേയറ്റം വിമുഖത കാട്ടാറുണ്ട്‌ ആമിഷുകൾ. യാത്രയ്ക്കിടെ ഒരിടത്താവളത്തിൽവെച്ച് ഒരു കടയുടമ എന്റെ ക്യാമറ ശ്രദ്ധിച്ചിരുന്നു. അയാൾ പറഞ്ഞു: ‘‘ആമിഷ് ഗ്രാമങ്ങളിലേക്കാണോ യാത്ര? കഴിവതും അവരുടെ ചിത്രങ്ങളെടുക്കാൻ ശ്രമിക്കരുത്. ഫോട്ടോ എടുക്കുന്നത്, സ്വന്തം ആത്മാവ് പറിച്ചെടുക്കുന്നതുപോലെയാണവർക്ക്.’’ അവരെ അടുത്തറിയാനുള്ള ജിജ്ഞാസകൊണ്ടാണ്‌ ആമിഷ്‌ ഗ്രാമ ങ്ങളിലേക്കൊരു യാത്ര പോയത്‌.

ഷിക്കാഗോ നഗരത്തിൽനിന്ന്‌ 250 കിലോമീറ്റർ യാത്ര ചെയ്തപ്പോൾ ആമിഷ്‌ ഗ്രാമങ്ങളുടെ വരവറിയിക്കുന്ന കറുത്ത കുതിരവണ്ടികൾ കണ്ടുതുടങ്ങി. ഇൻഡ്യാന എന്ന സംസ്ഥാനത്തെ ഷിപ്‌ഷിവാന എന്ന ചെറുഗ്രാമത്തിലെത്തിയിരുന്നു ഞാനപ്പോൾ. പഴയ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ആമിഷ്‌ ജനതയ്ക്ക്‌ പുറംലോകത്തോട്‌ അത്ര താത്‌പര്യമില്ല. ചെറുപ്പം മുതൽ തന്നെ ഇംഗ്ളീഷും പെൻസിൽവാനിയൻ ഡച്ചും (ജർമൻഭാഷയുടെ ഒരു വകഭേദം) സംസാരിക്കുന്നവരാണ്‌ ആമിഷുകൾ. പക്ഷെ, അമേരിക്കയിലെ മറ്റു ജനങ്ങളെ ‘ഇംഗ്ളീഷ്‌’ എന്നാണ്‌ ആമിഷുകൾ
വിളിക്കുക.

ഷിപ്‌ഷിവാനയിലെ ഒരു കവലയിൽ ആമിഷ്‌ കുതിരവണ്ടികൾ നോക്കി കുറച്ചുനേരം നിന്നുപോയി. കാലം നൂറ്റാണ്ടുകൾക്കു പിന്നിലേക്ക്‌ പെട്ടെന്ന്‌ തെന്നിമാറിയതുപോലെ!. സൈക്കിൾ ചവിട്ടിവന്ന ഒരു ആമിഷ്‌ യുവാവിനെ തികച്ചും ആകസ്മികമായി പരിചയപ്പെട്ടു. ഒർലാന്റ്‌ മില്ലർ എന്നായിരുന്നു അയാളുടെ പേര്‌. ആമിഷ്‌ ജീവിതരീതികൾ മനസ്സിലാക്കാൻവേണ്ടി വന്നതാണെന്നാണു പറഞ്ഞപ്പോൾ ഒർലാന്റ്‌ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഒരേയൊരു അഭ്യർഥനയോടെ- തന്റെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോ എടുക്കരുത്!

ഒരു ബിസിനസ്സുകാരനായ ഓർലാന്റ്‌ പോകുംവഴി തന്റെ കോടികൾ വിലമതിക്കുന്ന ഫാക്ടറി കാട്ടിത്തന്നു. എന്നാൽ തികച്ചും ലളിതമായ ഒരു വീട്ടിലേക്കാണ്‌ മില്ലർ എന്നെ കൊണ്ടുപോയത്‌. അമേരിക്കയിലാണ്‌ ജീവിക്കുന്നതെങ്കിലും പുത്തൻ സാങ്കേതികവിദ്യകളോട്‌ ആമിഷുകൾക്ക്‌ തീരെ താത്‌പര്യമില്ല. ഇവ തങ്ങളെ മുഖ്യധാരയിലേക്ക്‌ അടുപ്പിക്കും എന്ന ഭയം കൊണ്ടാണിത്‌. വിദ്യുച്ഛക്തി ഉപയോഗിക്കാത്തതും ടെലിവിഷൻ, കമ്പ്യൂട്ടർ, ഫ്രിഡ്‌ജ്‌, ഇന്റർനെറ്റ്‌, മൊബൈൽ ഫോൺ എന്നിവയ്ക്ക്‌ അയിത്തം കല്പിച്ചതുമൊക്കെ ഇതേ കാരണംകൊണ്ടാണ്‌. അപൂർവമായി ഫോൺ ഉപയോഗിക്കുന്നവർ അത്‌ വീടിനു പുറത്താണ്‌ സൂക്ഷിക്കുക.

ഓർലാന്റിന്റെ വീട്ടുവരാന്തയിലാണ്‌ ഫോൺ! വീടിനുപുറത്ത്‌ അയലിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അമേരിക്കയിൽ ഒരസാധാരണമായ കാഴ്ചയാണ്‌. ആമിഷുകൾ വാഷിങ്‌ മെഷീനും ഡ്രയറും ഉപയോഗിക്കാറില്ല. എന്നെ സ്നേഹപൂർവം വീട്ടിനുള്ളിലേക്ക്‌ ക്ഷണിച്ചത്‌ ഒർലാന്റ്‌ മില്ലറിന്റെ കുടുംബം മുഴുവൻ നേരിൽ വന്നാണ്‌. ഒർലാന്റ്‌, അദ്ദേഹത്തിന്റെ ഭാര്യ ഡെറോത്തി, പന്ത്രണ്ടു മുതൽ രണ്ടുവയസ്സുവരെയുള്ള ആറ്‌ കുട്ടികൾ എന്നിവരെ എനിക്കു പരിചയപ്പെടുത്തി. സന്ധ്യകഴിഞ്ഞ സമയമായിരുന്നു. കുടുംബ ബന്ധങ്ങൾക്ക്‌ വലിയ വില കല്പിക്കുന്ന ആമിഷുകൾ ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കാറുള്ളൂ. തീൻമേശയിൽ പാത്രങ്ങൾ നിരത്തി ഗൃഹനാഥന്റെ വരവുകാത്തിരിക്കുകയായിരുന്നു കുടുംബം. തീൻ മേശയ്ക്കു ചുറ്റുമിരുന്ന്‌ അവർ ആമിഷ്‌ ജീവിത രീതികൾ പങ്കുവെച്ചു.

പുഴുങ്ങിയ ഉരുളക്കിഴങ്ങും പൊരിച്ച മീനും സാലഡും ആണ്‌ ഭക്ഷണം. ഒപ്പം സ്‌ട്രോബറി കേക്കും ലെമൺ പൈച്ചുമുണ്ട്‌. ഒർലാന്റ്‌ ആമിഷ്‌ ജനതയുടെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞു: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യാക്കോബ്‌ അമ്മാൻ എന്ന സ്വിസ്‌ പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ്‌ വിഭാഗത്തിൽ നിന്ന്‌ വേർപിരിഞ്ഞ ഒരു ക്രൈസ്തവ സമൂഹമാണ്‌ ആമിഷ്‌ എന്നറിയപ്പെടുന്നത്‌. അമ്മാനിൽ നിന്നാണ്‌ ആമിഷ്‌ എന്ന പേരിന്റെ ഉത്‌ഭവം. അമേരിക്കയിലേക്ക്‌ ഇവർ കുടിേയറിപ്പാർത്തത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്‌. ഇപ്പോൾ രണ്ടരലക്ഷത്തോളം ആമിഷുകൾ അമേരിക്കയിലുണ്ട്‌.

ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവർ മുഖ്യമായും താമസിക്കുന്നത്‌. പൊതുവെ ശാന്തശീലരാണ്‌ ആമിഷുകൾ. പുരുഷന്മാർ വിവാഹിതരാവുന്നതോടെ താടി നീട്ടി വളർത്തിത്തുടങ്ങും. പക്ഷെ, മീശ എന്നത്‌ മിലിട്ടറി, പോലീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവർ മീശയില്ലാതെ താടി മാത്രമാണ്‌ വളർത്താറ്‌. സ്ത്രീകൾ ഒറ്റ നിറത്തിലുള്ള നീളൻവസ്ത്രങ്ങളാണ്‌ ധരിക്കാറ്‌. കണങ്കാൽ വരെ നീളുന്ന വസ്ത്രങ്ങൾക്ക്‌ നീളൻ കൈകളുമുണ്ടാകും. ഇവർ മുടി മുറിക്കാറില്ല. ചുരുട്ടികെട്ടിവെക്കുന്ന മുടിക്കുമേൽ ധരിക്കുന്ന തുണിക്കെട്ടിന്‌ ‘കാപ്പ’ എന്നാണ്‌ പേരെന്ന്‌ ഡെറോത്തി പറഞ്ഞു.

വിവാഹിതരാവുന്ന സ്ത്രീകൾ സ്വയം തയ്‌ച്ചെടുക്കുന്ന വേഷമാണ്‌ ധരിക്കാറ്. പിന്നീട്‌ ഇതേ വസ്ത്രംതന്നെ ഇവർ ഞായറാഴ്ചകളിലെ പ്രാർഥനകൾക്കും ഉപയോഗിക്കും. മരണശേഷമുള്ള അന്ത്യയാത്രയും ഈ വസ്ത്രത്തിൽതന്നെ.
കൃഷിയിലും അനുബന്ധ തൊഴിലുകളിലുമാണ്‌ ആമിഷുകളുടെ ശ്രദ്ധ. നിലമുഴാൻ ട്രാക്ടറിനു പകരം കുതിരയെയും കഴുതയെയുമാണ്‌ ഉപയോഗിക്കാറ്. കഠിനാധ്വാനം ചെയ്യുന്ന ആമിഷുകളുടെ കാർഷികോത്‌പന്നങ്ങൾ അമേരിക്കയിൽ പ്രസിദ്ധമാണ്‌. വെനീറും പ്ലൈവുഡും ഉപയോഗിക്കാതെ ഈടുറപ്പോടെ നിർമിക്കുന്ന ആമിഷ്‌ ഫർണിച്ചറിനും അമേരിക്കയിൽ ആവശ്യക്കാർ അനവധി.

ആമിഷ്‌ കുട്ടികൾ പഠനം നടത്തുന്നത്‌ വീട്ടിൽത്തന്നെയുള്ള ‘സെൽഫ്‌ സ്റ്റഡി’ സമ്പ്രദായത്തിൽ. അല്ലെങ്കിൽ ആമിഷ്‌ സമൂഹം നടത്തുന്ന ഏകാധ്യാപക വിദ്യാലയത്തിൽ. മില്ലർ കുടുംബത്തിലെ വിദ്യാഭ്യാസ പ്രായമെത്തിയ നാലുകുട്ടികളെ വീട്ടിൽ വെച്ച്‌ ഡെറോത്തിതന്നെയാണ്‌ പഠിപ്പിക്കുന്നത്‌. അടിസ്ഥാന വിദ്യാഭ്യാസം കുട്ടികളെ ആമിഷ്‌ ജീവി തത്തിന്‌ സജ്ജരാക്കും എന്നാണിവരുടെ അഭിപ്രായം. എട്ടാം ക്ളാസ്സിനുശേഷം ആൺകുട്ടികൾ എന്തെങ്കിലും തൊഴിൽ അഭ്യസിക്കും. പെൺ
കുഞ്ഞുങ്ങളാവട്ടെ കുടുംബത്തിന്റെ പരിപാലനത്തിലേക്ക്‌ ശ്രദ്ധതിരിക്കും.
ആമിഷ്‌ ജീവിതരീതിയിലെ ഒരു പ്രത്യേകതയാണ്‌ ‘റംസ്‌പ്രിങ്ങ’ എന്നു വിളിക്കുന്ന കാലഘട്ടം. (ഓടി നടക്കൽ എന്ന് മലയാളം).

പ്രായപൂർത്തിയെത്താത്ത കുട്ടികൾക്ക് പുറം ലോകവുമായി സംസർഗത്തിനുള്ള അവസരമാണീ കാലം. അച്ഛനമ്മമാരുടെ കടുത്ത ശിക്ഷണത്തിൽ നിന്നുള്ള ഈ ഇളവുകാലം ആമിഷ് ജിവിതം തുടരണോ എന്ന തീരുമാനം എടുക്കുന്നതിനുള്ള സമയമാണ്. ആമിഷായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ പ്രായ
പൂർത്തി എത്തിയശേഷം മാമോദീസ ചെയ്യപ്പെടും. ഇങ്ങനെ വൈകിയുള്ള മാമോദീസയും ആമിഷുകളുടെ പ്രത്യേകതയാണ്.

ആമിഷായി ജീവിക്കാൻ വൈമുഖ്യം കാണിക്കുന്നവർ സമൂഹത്തിനു പുറത്താകും. വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് ആമിഷ് ജീവിതരീതിയിൽനിന്ന് പുറത്തുപോവുന്നത് എന്നതും ശ്രദ്ധേയമാണ്. കാറുവാങ്ങുക, മദ്യപിക്കുക തുടങ്ങിയ ‘കുറ്റങ്ങൾ’ ചെയ്യുന്നവർക്ക് ആമിഷ് സമൂഹത്തിൽ ശിക്ഷാവിധികളുണ്ട്. ഇവരെ സമൂഹത്തിൽ നിന്നുതന്നെ ഭ്രഷ്ട് കല്പിക്കാറാണ് പതിവ്.
അമേരിക്കയിലെ മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്ന ആമിഷുകൾ കുടുംബബന്ധങ്ങളിലും അവരുടെ വിശ്വാസങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. മിതത്വമാണ് ആമിഷ് ജീവിതരീതിയുടെ മുഖമുദ്ര. ഇത് അവരുടെ ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലുമൊക്കെ പ്രതിഫലിക്കുന്നുമുണ്ട്.

എന്തുകൊണ്ടാണ് കാറുകൾ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിന് ഒർലാന്റ് മറുപടി പറഞ്ഞു. ‘‘കുതിരവണ്ടികൾമാത്രം ഉപയോഗിക്കുന്ന ഞങ്ങളുടെ സമൂഹത്തിന്റെ വ്യാപ്തി വളരെ കുറവാണ്. പരമാവധി 15 മൈൽ ദൂരം മാത്രമേ കുതിരവണ്ടിയിൽ പോയിവരാൻ കഴിയൂ. ആ ചെറിയ വൃത്തത്തിനുള്ളിൽ ഈടുറപ്പുള്ള ബന്ധങ്ങളുണ്ട് ഞങ്ങൾക്ക്. കൂടുതൽ സമയം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ കഴിയുന്നു. കാറുകൾ കടന്നുവന്നാൽ ആ വൃത്ത ങ്ങൾ വലുതാവും, അതിനൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പം കുറയും.’’

ആമിഷ് ജനതയിൽത്തന്നെ പല ഉപവിഭാഗങ്ങളുണ്ട്. കുടിയേറ്റകാലത്ത് ജർമനിയുടെയും സ്വിറ്റ്‌സർലൻഡിന്റെയും പല ഭാഗങ്ങളിൽ നിന്നുവന്നവർ. ഇന്നും ചില പ്രത്യേക വ്യത്യാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനാലാണിത്. ഉപ വിഭാഗങ്ങളുടെ ഈ വ്യത്യാസങ്ങൾ അവരുടെ വസ്ത്രധാരണത്തിലും ആചാരങ്ങളിലും എന്തിന് കുതിരവണ്ടികളുടെ നിറവ്യത്യാസത്തിൽ നിന്നുപോലും മനസ്സിലാക്കാമത്രെ.

കേരളത്തിലെ വായനക്കാർക്കുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിന് ഡെറോത്തിയും ഒാർലന്റും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു. ‘‘ഞങ്ങളുടെ വിശ്വാസം, സമൂഹം, കുടുംബം അവയാണ് ഞങ്ങൾക്ക് എല്ലാമെല്ലാം. നിങ്ങൾക്ക് ഞങ്ങളുടെ കുടുംബബന്ധങ്ങളും ആമിഷ് സമൂഹവും ഇഷ്ടമായെങ്കിൽ,
നിങ്ങളുടെ കുടുംബത്തിനൊപ്പം കൂടുതൽ സമയം പങ്കിടൂ. നിങ്ങളുടെ സമൂഹത്തെ സ്നേഹബന്ധങ്ങളിലൂടെ കെട്ടിപ്പൊക്കാൻ
പരിശ്രമിക്കൂ!’’

ഒർലാന്റിനോടും ഡെറോത്തിയോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്ക് രാവേറെ വൈകിയിരുന്നു. പരുന്തിനു മീതെ പറക്കുന്നത് പണം മാത്രമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ജീവിതത്തിരക്കുകളിൽ നിന്നും ഏറെയകലെ ആമിഷ്ഗ്രാമങ്ങളിൽ ചെറുകുതിരവണ്ടികൾ മെല്ലെ നീങ്ങുകയാണ്. മുന്നൂറു വർഷത്തിലധികം പഴക്കമുള്ള വിശ്വാസാനുഷ്ഠാനങ്ങളിലൂടെ… കുടുംബ ബന്ധങ്ങൾ ഇഴപാകിയ ചെറുവീടു കൾക്കുള്ളിൽ രാവിളക്കുകൾ തെളിഞ്ഞിരിക്കുന്നു.