ആമിയുടെ ഓര്‍മ്മകള്‍ക്ക് പത്ത് വയസ്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാസുരയ്യ യാത്രയായിട്ട് ഇന്നേക്ക് പത്തുവര്‍ഷം. വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ചര്‍ച്ചകളിലുമെല്ലാം നിറഞ്ഞുനിന്ന കമലാസുരയ്യ രചനകളിലൂടെ, നിലപാടുകളിലൂടെ പെണ്ണെഴുത്തിന് പുതിയൊരു ഭാവം നര്‍കിയ കഥാകാരിയാണ്.

കമലാ ദാസ് എന്ന പേരിലാണ് ഇംഗീഷില്‍ കവിതകളെഴുതിയിരുന്നത്. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളേയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരിയാണ് അവര്‍. എന്റെ കഥ എന്ന ആത്മകഥ 15 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്തത്. 1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

1999ല്‍ ഇസ്ലാം മതം സ്വീകരിച്ച് മാധവിക്കുട്ടി കമല സുരയ്യ ആയപ്പോള്‍ പറഞ്ഞു വസ്ത്രം മാറ്റി ധരിക്കുന്ന സ്വാഭാവികതയെ മതം മാറ്റത്തിനുള്ളുയെന്ന്. തന്റെ നിലപാടുകളുമായി എന്നും സമൂഹത്തോട് കലഹിച്ച എഴുത്തുകാരിയായിരുന്നു അവര്‍.

വേര്‍പാടിന്റെ പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നാലപ്പാട്ടു തറവാട്ടിലെ സര്‍പ്പക്കാവിലും, ഇന്നും സുഗന്ധം പരത്തുന്ന നീര്‍മാതളത്തിലും, തൃശൂരിലെ പുന്നയൂര്‍ക്കുളം ഗ്രാമത്തിലും, ഒടുവില്‍ പൊഴിഞ്ഞുവീണെന്നു പറയാവുന്ന പാളയത്തെ ഗുല്‍മോഹര്‍ ചുവട്ടിലും ആമി ജീവിക്കുന്നു എന്നു വിശ്വസിക്കാനാകും ആ അക്ഷരങ്ങളെ സ്‌നേഹിച്ച ഓരോ മലയാളിയും ഇഷ്ടപ്പെടുന്നത്.