ആമിയിലെ രണ്ടാം ഗാനവുമെത്തി

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനവുമെത്തി.പ്രണയമയി രാധാ, വിരഹിണിയതു രാധാ… എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.

രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ മനോഹരമായി ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മഞ്ജു വാര്യരാണ് പ്രധാനവേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്

ആദ്യഗാനത്തില്‍ മാധവിക്കുട്ടിയുടെ ബാല്യവും, കൗമാരവും ചിത്രീകരിച്ചപ്പോള്‍, യൗവനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘര്‍ഷങ്ങളും പ്രണയവുമാണ് രണ്ടാമത്തെ ഗാനത്തില്‍ ചിത്രീകിരച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ മഞ്ജു വാര്യരും, ടൊവിനോ തോമസുമാണ് വേഷമിടുന്നത്.

മാധവിക്കുട്ടിയെ അഭ്രപാളിയിലെത്തിക്കാന്‍ സംവിധായകന്‍ കമല്‍ ആദ്യം കണ്ടെത്തിയ വിദ്യാ ബാലന്റെ സിനിമയില്‍ നിന്നുള്ള പിന്മാറ്റവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുകയാണ് മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘ആമി’.