ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി

ബക്കർ അബു

മനുഷ്യ ജീവിതത്തിനു നദികള്‍ക്കുള്ള പ്രാധാന്യം ഈ അടുത്തായി
നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ഓരോ നീര്‍ച്ചാലുകളും, ഓരോ കൈത്തോടുകളും,ഓരോ നദിയും നമ്മുടെ ആവാസവ്യവസ്ഥയില്‍ കൈത്താങ്ങുമായി നിലകൊള്ളുന്നതിനെ കാണാതെ പോവുന്നതില്‍ നിന്ന് ജന്മമെടുക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്ന വരുംകാല ചരിത്രമാവരുത് നമ്മുടെതെന്നു കണ്ണില്‍കുത്തി പറഞ്ഞു തന്ന ദുരന്തം.

ആമസോണ്‍ : അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു നദി. ഇത് നദിയോ അതോ മിസിസിപ്പി നദിയിലുള്ളതിനേക്കാള്‍ പതിനൊന്നിരട്ടി വെള്ളം നിറഞ്ഞു കിടക്കുന്ന, സൗത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു കടലോ?
മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്ലാന്ടിക് സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ടനുഭവിച്ചറിയുന്നത്.

മഴക്കാടിന്‍റെ സൗന്ദര്യത്തിന് അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര.
ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്.

പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും. പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും. ഒരു നദിയുടെ ചരിത്രവും, ആ ചരിത്രത്തിനെ അറിയാന്‍ ഭാഗ്യമായ ഒരു യാത്രയും അതിലൂടെ അവലംബിതമാവുന്ന അറിവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇത് യാത്രാവിവരണമല്ല.

ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു മുന്നൂര്‍ മൈല്‍ വീതിയുണ്ടാകും. ഓരോ ദിവസവും 500 ബില്യൺ ക്യൂബിക് അടി ജലം അറ്റ്ലാന്റിക് സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു. അതായത് ന്യുയോര്‍ക്ക് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്.
കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും.

പതിനഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്ഗോ നദിസിസ്റ്റത്തിന്‍റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്. അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്‍റെ ഒഴുക്ക്. സൗത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്‍റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.

ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായിരിക്കും. എന്നാല്‍ ഒരു നദി അതിന്‍റെ വലുപ്പം കൊണ്ടും അതിനോടനുബന്ധിച്ചുള്ള വന്യമേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും ഈ ഭൂഗോളത്തിന്‍റെ ജീവല്‍ പ്രതിഭാസത്തിനു
രക്തയോട്ടമായി നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട്‌ നില്‍ക്കാനുള്ള കാരണം.

ഒരു നദിയെ അതിന്‍റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് മാത്രം അവകാശപ്പെട്ടതാണ്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ‘ആമസോണ്‍’ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു. നിത്യ ഹരിത മഴക്കടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയിൽ നിന്ന് ഉദ്ഭവിച്ച് ബ്രസീലിൽ വച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്. കൊളംബിയ അടക്കം മൂന്ന്‍ രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്. ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്, വെനിസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നു.

നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു. ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്‌.

ആമസോണിലൂടെ വലിയ കപ്പലുകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്. 3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു, ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌.
ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്നു. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌.

വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിലുണ്ട്. , മറ്റുള്ള ജന്തുക്കളെയും മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌

ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.

ലോകത്തിലുള്ള ശുദ്ധജലത്തിന്‍റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്. അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള൦ ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം. അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്. 6.7 മില്യൺ ചതുരശ്ര കിലോമീറ്ററില്‍ നാനൂര്‍ ബില്ലിയന്‍ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഓക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല.

അതേ സമയം ഈ മഴക്കാടുകള്‍ 90 – 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്‍റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.

കാൻസറിനെതിരെ ഉപയോഗിക്കാവുന്ന മൂവായിരത്തോളം ചെടികളിൽ എഴുപതു ശതമാനത്തോളവും ആമസോൺ മഴക്കാടുകളിലാണ്.

ആമസോണ്‍ നശിച്ചാല്‍ ഭൂമിക്ക് കാന്‍സര്‍ പിടിച്ച അവസ്ഥയിലാവും. താപനില ഉയരുന്നതും മനുഷ്യരുടെ വനവിഭവ ചൂഷണവും പതുക്കെയുള്ള വനനശീകരണത്തിന്‍റെ മുന്നറിയിപ്പുമായി ഉയര്‍ന്നുവന്നു തുടങ്ങി. താപനില വര്‍ഷത്തില്‍ മൂന്ന് ഡിഗ്രീ കൂടിയാല്‍ മതി. ആമസോണിന്‍റെ നാശം അതിവേഗത്തിലാവും.

ലോകത്തുള്ള ജീവജാലങ്ങളില്‍ പത്തു ശതമാനത്തോളം ആമസോണിന്‍റെ വകയാണ്. 1500 വിവിധ തരത്തിലുള്ള പക്ഷി വര്‍ഗങ്ങള്‍, നാല്‍പതിനായിരം തരത്തിലുള്ള മരങ്ങള്‍, 2.5 മില്യൺ വൈവിധ്യമാര്‍ന്ന ഷഡ്പദങ്ങള്‍, പത്തു മില്ലിയനില്‍ കൂടുതല്‍ വൈവിധ്യമുള്ള ജന്തു ജീവികള്‍, കൂടാതെ ഭക്ഷ്യയോഗ്യമായ മൂവായിരത്തോളം പഴവര്‍‍ഗങ്ങളും ഇവിടെയുണ്ട്.
മഴക്കാടുകള്‍ക്കിടയിലൂടെ മഴ ഭൂമിയിലേക്ക് വന്നെത്താന്‍ പലയിടങ്ങളിലും പത്തു മിനിറ്റ് എടുക്കും. അതി നിബിഡമായ കാടിനാല്‍ ഭൂമി ചൂടിത്തന്ന ഹരിത കുടകള്‍ എത്രത്തോളം അനുഗ്രഹീതമാണെന്നോര്‍ക്കുക.

പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ ഉള്ളത് ആമസോൺ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു. 77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്. ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി ഉപജീവനമാക്കിയുമാണ്‌ ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.

യുറോപ്പില്‍ നിന്ന് ആദ്യമായി ഒരാള്‍ ആമസോണില്‍ യാത്ര ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് 1542ല്‍ യാത്ര ചെയ്ത Francisco de Orellana യുടെ പേരിലാണ
ആമസോണ്‍ നദിക്കടിയിലൂടെ മറ്റൊരു ഭൂഗര്‍ഭ നദി ഒഴുകുന്നത് ഈ അടുത്ത കാലത്താണ് കണ്ടു പിടിച്ചത്. Rio Hamza.
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് ‘റിയോ ഹംസ’ ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് . ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും ’80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.

എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളം ഈ നദിയിലൂടെ ഒഴുകിപ്പോവുന്നു. ആകെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കല്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍
കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ കണ്ടെത്തലാണ് ഇതിന്‍റെ പിന്നില്‍. അദ്ധേഹത്തോടുള്ള ബഹുമാനാര്‍ഥം, ‘റിയോ ഹംസ നദി’ എന്ന് ഇതിനെ നാമകരണം ചെയ്തു. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.

River Rio Negro വും River Solimos ഉം
മനോസില്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ്. രണ്ടു നദികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
ഈ രണ്ടു പോഷക നദികളിലെ താപനിലയിലെ വ്യത്യാസവും,
ജല സാന്ദ്രതയും, ഒഴുക്കിന്‍റെ വേഗതയും കാരണം രണ്ടും രണ്ടായിത്തന്നെ കാണാം. River Rio Negro മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗത. താപനില 28°C. River Solimos മണിക്കൂറില്‍ നാല് മുതല്‍ ആറു കിലോമീറ്റര്‍ വേഗത, താപനില 22°C. കാറ്റും അടിയൊഴുക്കും വ്യത്യസ്തമായ സാന്ദ്രതയും സങ്കലിതമാവുമ്പോള്‍ ഈ വിഭജന രേഖ ഉപരിതലത്തില്‍ കാണുന്നത് പോലെയല്ല. കൂടിച്ചേരലിന്‍റെ തോത് തിരിച്ചറിയുന്നത് ജലത്തിന്‍റെ സാന്ദ്രത ഓരോ നോട്ടിക്കല്‍ മൈലിലും വ്യത്യാസപ്പെടുന്നതിനു അനുസരിച്ചായിരിക്കും. ജല നൌകകളുടെ യാത്രയില്‍ ഉണ്ടാകുന്ന താഴ്ചയും ഇതിനോടനുബന്ധിച്ച് വ്യത്യാസപ്പെടുന്നു.

ആമസോണ്‍ മഴക്കാടുകളിലെ ഓരോ മരങ്ങള്‍ക്കും വളരാന്‍ ആവശ്യമായ പ്രകൃതി വളം ലഭിക്കുന്നത് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും ആയിരത്തി അറനൂര്‍ മൈല്‍ ദൂരെവരെ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ കാറ്റില്‍ പറന്നു പോകുന്ന പൊടിപടലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസില്‍ നിന്നാണെന്നു നിങ്ങള്‍ അറിയുമ്പോള്‍ അവിശ്വസനീയമായി തോന്നും. മഴക്കാടുകളുടെ 56% വളമിടല്‍ കാറ്റിലൂടെ പ്രകൃതി നിര്‍വ്വഹിക്കുകയാണിവിടെ.

ഓരോ വര്‍ഷവും ശരാശരി182 million tons പൊടിപടലങ്ങള്‍ സഹാറയില്‍ നിന്നും ആമസോണില്‍ വന്നെത്തുന്നതായി നാസയുടെ
CALIPSO satellite ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയിലെ മഴയും വെള്ളപ്പൊക്കവും കഴുകി ഒഴിവാക്കുന്ന ഫോസ്ഫറസ് തുടര്‍ന്നു വരുന്ന കാറ്റില്‍ നിന്ന് സഹാറയില്‍ നിന്ന് ആമസോണില്‍ പകരം വെച്ച് കൊടുക്കുന്ന ഒരു പ്രകൃതി പ്രതിഭാസം ഭൂമിയെ സ്കാന്‍ ചെയ്യുന്ന CALIPSO യുടെ Laser range finder വീക്ഷിക്കുന്നു.

വെള്ളപ്പൊക്കക്കെടുതികള്‍, നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങി ജലം കൊണ്ട് മുറിവേറ്റു ജീവിക്കുന്ന മനുഷ്യവേദനകളില്‍ ആമസോണ്‍ ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹമായി ഒഴുകിയെത്തുന്നു.

പ്രകൃതിയുടെ സംരക്ഷണ ഭിത്തിയാണ് നദികളും മഴക്കാടുകളും. ആരോഗ്യകരമായ ഒരു ഭൂമുഖം നിലനിര്‍ത്താന്‍ നമുക്കിതില്ലാതെ കഴിയില്ല. അതെ, കാടും ഒരു രാജ്യമാണ്. നമ്മുടെ ജീവശ്വാസമൂല്യം കാത്തു സൂക്ഷിക്കുന്ന ഹരിതാമൃത സൌന്ദര്യം. അവിടെയാണ് ഈ നദിയെ അതിന്‍റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയിലൂടെ ഞാന്‍ തൊട്ടറിഞ്ഞത്.
ഒരു നദിക്ക് ഓരോ മേഖലയിലും മാറി മാറി വരുന്ന മുഖങ്ങള്‍.
ചിലപ്പോള്‍ ശാന്തമായി ഒഴുകുകയും, കൈവഴികളിലൂടെ കാടിന്‍റെ വന്യതയിലേക് കയറിപ്പോവുന്നതുമായ കാഴ്ച. ചിലപ്പോള്‍ കടല്‍ പോലെ
വിതാനിച്ചു അറ്റം കാണാതെയുള്ള യാത്ര. കപ്പല്‍ യാത്ര തുടരുമ്പോള്‍ കരയില്‍ നിന്ന് കൈവീശി കാണിക്കുന്ന അമ്മയും കുഞ്ഞുങ്ങളും,
കപ്പലിനോടൊപ്പം യാത്ര തുടര്‍ന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ബോട്ടുകാര്‍.

മരപ്പലക കൊണ്ട് വീട് കെട്ടി താമസിക്കുന്ന ഏതൊരു കുടുംബവും എന്തെങ്കിലും കിട്ടുന്നത് വരെ ബോട്ടുമായി പിന്തുടരും. ചിലപ്പോള്‍ നൂറു കണക്കിന് മൈലുകളോളം വൈദ്യുതിയോ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു സൌകര്യങ്ങളോ ഇല്ലാത്ത ആദിവാസ ജീവിതം നയിക്കുന്ന ജനങ്ങളെ കാണാം. പൈലറ്റ്‌ പറയുമായിരുന്നു, ഭാഗ്യം അവിടുത്തെ കുട്ടികള്‍ക്കൊന്നും സ്കൂളില്‍ പോകേണ്ടെന്ന്. വടികളില്‍ മത്സ്യം കുത്തിപ്പിടിച്ചും കായ്കനികള്‍ തിന്നും ചെറു മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവര്‍.
ഒരു മനുഷ്യനോളം വലുതാവുന്ന നദി ഡോള്‍ഫിനുകള്‍, ഭീമാകാരമായ മുതലകള്‍, കടല്‍ നദിയില്‍ എല്ലായിടത്തും ഒരേ പെലെയല്ല ജലപ്രവാഹം, ചിലയിടങ്ങളില്‍ തെളിഞ്ഞ വെള്ളം, ചിലയിടങ്ങളില്‍ പൊടുന്നേനെ പെയ്യുന്ന മഴയില്‍ കരയിടിഞ്ഞു കുതിരുന്ന മഞ്ഞ പ്രവാഹം.

  • ആയിരത്തി ഒരുനൂര്‍ പോഷകനദികളുള്ള ഒരേയൊരു ആമസോണ്‍.
    അതില്‍ പതിനേഴോളം നദികള്‍ക്ക് ആയിരം മൈലുകളില്‍ കൂടുതല്‍ നീളം.
    ഒരേ സമയം ജീവന്‍റെ ഖനിയും, ചരിത്രവും, ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹവുമാവുന്നു ആമസോണ്‍.