ആഭ്യന്തര വളർച്ചാ കണക്കുകൾക്ക് വിശ്വാസ്യത നഷ്ടമാകുമ്പോൾ

മേഘനാഥൻ

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) എത്രയാണ്? അതെങ്ങനെയാണ് കണക്കുകൂട്ടുന്നത്? ഈ ചോദ്യങ്ങൾ ഇപ്പോള്‍ വലിയൊരു തമാശയായി മാറിയിരിക്കുകയാണ്. അത് കണക്കു കൂട്ടുന്നതിനായി 2015ല്‍ പുതിയൊരു രീതി ആവിഷ്‌ക്കരിച്ചു. അന്നുമുതല്‍ വിവാദങ്ങളും പതിവായി. പഴയതും പുതിയതുമായ രീതികള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകളും നിലനില്‍ക്കുന്നു.
ജിഡിപി കണക്കുകളും ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകളും തമ്മിലും വലിയ വൈരുധ്യങ്ങളുണ്ട്. പുതിയ കണക്കുകൂട്ടല്‍ രീതി അടിസ്ഥാനമാക്കുന്നത് എംസിഎ-21 ഡേറ്റാ ബേസിലുള്ള കോര്‍പ്പറേറ്റ് കണക്കുകളെയാണ്.

ഈ ഡേറ്റാ ബേസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 36% കമ്പനികള്‍ നിലവിലില്ലെന്നാണ്  നാഷണല്‍ സാമ്പിള്‍ സര്‍വേ ഓർഗനൈസേഷൻ  (എന്‍എസ്എസ്ഓ) കണ്ടെത്തിയിട്ടുള്ളത്.  
ചവറിടുന്ന കൂടയില്‍ നിന്നും ചവറു മാത്രമേ എടുക്കാനാകൂയെന്നൊരു ചൊല്ലുണ്ട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജിഡിപി കണക്കുകളുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. പല സാമ്പത്തിക വിദഗ്ദ്ധരും വളര്‍ച്ച കണക്കാക്കുന്നന് അവരുടെ സ്വന്തം മാര്‍ഗങ്ങളാണിപ്പോള്‍ അവലംബിക്കുന്നത്. അവര്‍ ആവിഷ്‌ക്കരിച്ച മാതൃകകളെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടന മാന്ദ്യത്തിലാണെന്നും രാജ്യം ഘടനപരമായിത്തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമാണ്. 

പുതിയ കണക്കുകൂട്ടല്‍ രീതി 2011-12 ആണ് അടിസ്ഥാന വര്‍ഷമാക്കുന്നത്. ഈ രീതിയനുസരിച്ച് 2004-2012ല്‍ മുമ്പ് പറഞ്ഞിരുന്നതിനേക്കാള്‍ കുറവായിരുന്നു സാമ്പത്തിക വളര്‍ച്ചയെന്നു കാണിക്കുന്ന കണക്കുകള്‍ 2018  നവംബറില്‍ ഗവണ്മെന്റ് പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന രണ്ടാം യുപിഎ ഗവണ്മെന്റിന്റെ കാലമായിരുന്നു അത്.  യുപിഎ സർക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ച കുറവായിരുന്നുവെന്നും ബിജെപി നേതൃത്വത്തിലുള്ള ഗവണ്മെന്റ് വന്നതിനു ശേഷമാണ് വളര്‍ച്ച കൂടിയതെന്നും കാണിക്കുന്നതിന് വേണ്ടിയുള്ള വെറും അഭ്യാസമായിരുന്നു അതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട്. 

പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം? ആ കണക്കുകൾ കാട്ടി ബിജെപി ലാഭം കൊയ്തുകഴിഞ്ഞല്ലോ! തൊഴിലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് കാണിക്കുന്ന കണക്കുകൾ ആദ്യം പൂഴ്ത്തിവയ്ക്കുകയും, അവ ഒരു മാധ്യമം പുറത്ത് കൊണ്ടുവന്നപ്പോൾ അത് തെറ്റാണെന്ന് പറയുകയും പിന്നെ തെരഞ്ഞെടുപ്പിൽ വാൻ വിജയം കൊയ്ത്തു കഴിഞ്ഞപ്പോൾ അത് ശരിയായിരുന്നു എന്ന് ഒരു നാണവുമില്ലാതെ സമ്മതിക്കുകയും ചെയ്യുന്നവർ ഇതിനപ്പുറം ചെയ്യുമെന്നുറപ്പ്.

നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ കമ്മീഷൻ അംഗം പി.സി. മോഹനന്‍ ഗവണ്മെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ രാജിവച്ചു. മുന്‍ വര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്കുകള്‍ കണക്കാക്കിയപ്പോള്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്ത് മോഡി സർക്കാർ പുറത്ത് വിട്ട കണക്കുകള്‍ കാട്ടിയതിനേക്കാൾ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളാണ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് അദ്ദേഹം രാജിവച്ചത്. 
തെളിയിക്കാന്‍ കഴിയുന്നതും തത്സമയം ലഭിക്കുന്നതും  ദീര്‍ഘകാലത്തേക്ക് പ്രസക്തവുമായ സൂചികകളുമായി പൊരുത്തപ്പെടുന്നതിന് പുതിയ കണക്കുകൂട്ടൽ രീതിക്ക് കഴിയുന്നില്ല എന്നതാണ് ആദ്യ പ്രശ്‌നം.

തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഫലങ്ങള്‍ പുരോഗതിയൊന്നും ഉണ്ടാകാതെ തുടരുമ്പോഴും കാര്‍ വില്‍പ്പനയില്‍ വളര്‍ച്ചയൊന്നും രേഖപ്പെടുത്താതിരിക്കുമ്പോഴും റെയില്‍വേ ചരക്കുനീക്കത്തിൽ നാമമാത്ര വര്‍ദ്ധനയുണ്ടാകുമ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ നികുതി വരുമാനം കുറഞ്ഞിരിക്കുമ്പോഴും പുതിയ രീതിയില്‍ ജിഡിപി കണക്കുകൂട്ടുമ്പോൾ വളർച്ച ഉയർന്ന് നിൽക്കുന്നതായി കാണിക്കാം എന്നതാണ് കൂടുതൽ ആശങ്കാജനകം.
മഹിന്ദ്ര ആൻഡ് മഹിന്ദ്ര ഏറ്റവുമൊടുവിലെടുത്ത തീരുമാനം ശ്രദ്ധേയമാണ്.

സമ്പദ്ഘടനയുടെ ഇന്നത്തെ അവസ്ഥയെന്തെന്ന് വ്യക്തമായ സൂചന നൽകുന്നതും. വരുന്ന ഏതാനും ആഴ്ചകളിലായി 12 ദിവസങ്ങളിലെ ഉത്പാദനം ഒഴിവാക്കാനാണ് അവരുടെ തീരുമാനം. ഇരു ചക്ര വാഹനങ്ങള്‍, കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ വില്‍പ്പന  കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഗണ്യമായി കുറഞ്ഞു. ഇവയുടെ വില്പനയിൽ 2019ല്‍ ഇതുവരെ 10% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന രാജ്യത്ത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതിന്റെ നല്ലൊരു സൂചനകമാണ്. വാഹന വ്യവസായവുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശ്രുംഖല തന്നെയുണ്ട്. അടിസ്ഥാന ലോഹങ്ങള്‍ മുതല്‍ റബ്ബര്‍, തുകല്‍, പ്ലാസ്റ്റിക്, ഘടക വസ്തുക്കള്‍ തുടങ്ങി അത്യാധുനികമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ അത് വ്യാപിച്ചു കിടക്കുന്നു. ധനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവന വാഹന വ്യവസായം നല്‍കുന്നുണ്ട്. 

വാഹനനിര്‍മ്മാണ വ്യവസായത്തിന് വലിയതോതില്‍ മൂലധനം ആവശ്യമുണ്ടെന്നതിനു പുറമെ ഓരോ വാഹനവും വില്‍ക്കുന്നത് പ്രതിമാസ തവണകളായി ( ഇഎംഐ) അടയ്ക്കുന്ന വായ്പകളുടെ അടിസ്ഥാനത്തിലുമാണ്. വാഹന ഇന്‍ഷുറന്‍സ് ധനകാര്യ മേഖലയിലെ മറ്റൊരു വലിയൊരു പ്രവര്‍ത്തനമാണ്. പരസ്യ-മാര്‍ക്കറ്റിംഗ് വിപണികള്‍ക്കും വാഹന വ്യവസായം വലിയതോതില്‍ വരുമാനം നേടിക്കൊടുക്കുന്നുണ്ട്. ഊര്‍ജ്ജം ഏറ്റവും കൂടുതല്‍ ഉപഭോഗം ചെയ്യുന്നതാണത്. 
വാഹനങ്ങളുടെ സര്‍വീസ്, റിപ്പയര്‍, മെയിന്റനന്‍സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വാഹന വില്‍പ്പന കുറയുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം സമ്പദ്ഘടനയിൽ മാന്ദ്യം പടരുന്നു എന്നാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ജിഡിപി വർദ്ധിക്കുന്ന പ്രശ്നമില്ല. ഇനി നികുതി വരുമാനമെടുക്കുക. നികുതി വരുമാനം 2019  ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിനേക്കാള്‍ വളരെ കുറവാണ്. അതിന്റെ ഫലമായി കേന്ദ്ര ധനക്കമ്മി 2019 ഫെബ്രുവരി അവസാനം 8.5 ട്രില്യണ്‍ രൂപയായാണ് വര്‍ദ്ധിച്ചത്.

വ്യാപാര കമ്മി 2018-19ല്‍ 176 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കയറ്റുമതി 9.1% വളര്‍ന്ന് 331 ബില്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 9% വളര്‍ന്ന് 507.4 ബില്യണ്‍ ഡോളറായി. 350 ബില്യണ്‍ ഡോളറിന്റെ കയറ്റിമതിവരുമാനം നേടുകയെന്ന ലക്ഷ്യം കൈവരിക്കാനായില്ല. അതിനൊരു മുഖ്യ കാരണമാകട്ടെ ചരക്കു സേവന നികുതിയിലെ (ജി എസ് ടി) കുഴപ്പങ്ങളും. ഇത് മൂലം കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കുറച്ചിരിക്കുകയാണെന്നാണ് പല  കയറ്റുമതിക്കാരും പറയുന്നത്. ചിലവഴിക്കുന്ന പണം തിരിച്ച് പിടിക്കുന്നതിന് ഏറെ സമയമെടുക്കുന്നത് അവരുടെ മൂലധനത്തെ ബാധിക്കുന്നു എന്നതാണിതിന്റെ കാരണം. 

2016 ലെ നോട്ടു നിരോധനത്തെക്കുറിച്ച് 2019ലെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി ഒന്നും മിണ്ടിയില്ല. കറന്‍സി വിനിമയത്തിന്റെ വലുപ്പം അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്ന് പറഞ്ഞത്. ഇപ്പോള്‍ കറന്‍സി വിനിമയം നോട്ടുനിരോധനത്തിനു മുമ്പുണ്ടായിരുന്ന നിലവാരത്തിലും വളരെ കൂടുതലാണ്. നോട്ടു നിരോധനം സൃഷ്ടിച്ച കുഴപ്പങ്ങളില്‍പ്പെട്ട് രാജ്യത്ത് നൂറിലധികം പേര്‍ മരിക്കുകയും സാമ്പത്തികരംഗത്തെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഇത്രയൊക്കെയുണ്ടായിട്ടും നോട്ടു നിരോധനത്തിന്റെ വലിയൊരു ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കറന്‍സി വിനിമയത്തിന്റെ വലുപ്പം ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. 

ജിഡിപി കണക്കുകളുടെ വിശ്വാസ്യതക്കുറവ് മൂലം ജിഡിപിയും കറന്‍സി വിനിമയവും തമ്മിലുള്ള അനുപാതം തിട്ടപ്പെടുത്താന്‍ കഴിയില്ലെങ്കിലും 2016 നവംബറിനു ശേഷം അത് 22% വര്‍ദ്ധിച്ചതായി കാണാം.വളര്‍ച്ചാ നിരക്ക് കുറഞ്ഞ ഈ സമയത്ത് ജിഡിപിയും കറന്‍സി വിനിമയനിരക്കും തമ്മിലുള്ള അനുപാതം നോട്ടുനിരോധനത്തിന് മുമ്പുണ്ടായിരുന്ന അനുപാതത്തില്‍ തന്നെ  ആയിരിക്കുന്നതിനാണ് സാധ്യത. 

എല്ലാ സൂചികകളും കാണിക്കുന്നത് വളര്‍ച്ച മന്ദഗതിയിലായെന്നും അത് കൂടുതൽ മന്ദീഭവിക്കുന്നുവെന്നുമാ ണ്. ഒരു ബാഹ്യപ്രതിസന്ധിയുടെയും ഫലമായുള്ളതല്ല ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഇന്നത്തെ അവസ്ഥ. സാമ്പത്തിക കെടുകാര്യസ്ഥത മാത്രമാണ് അതിനുകാരണം. സമ്പദ്ഘടനയെ സ്തംഭനാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുക പുതിയ സർക്കാരിന് എളുപ്പമാവില്ല. ആശ്രയിക്കാന്‍ കഴിയാത്ത ജിഡിപി കണക്കുകളാകട്ടെ ഫലപ്രദമായ പരിഹാരങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുകയും ചെയ്യും.