ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ ഇടതുപക്ഷം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയും മന്ത്രി സ്ഥാനവും; ഇടനില നിന്നത് താമരാക്ഷന്‍: രാജന്‍ ബാബു

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: എ.കെ.ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ 2003ല്‍ ഇടതുപക്ഷം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി മുന്‍ യുഡിഎഫ് സെക്രട്ടറിയും ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എ.എന്‍.രാജന്‍ ബാബു 24 കേരളയോട്‌ പറഞ്ഞു. അന്ന് ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസിലായിരുന്നു രാജന്‍ ബാബു.

എ.വി.താമരാക്ഷനാണ്  ഒരു കോടി രൂപയുടെ വാഗ്ദാനവും
മന്ത്രി സ്ഥാനവുമായി എന്നെ സമീപിച്ചത്. ലീഡര്‍ കെ.കരുണാകരനും പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും അറിഞ്ഞായിരുന്നു അന്നത്തെ നീക്കങ്ങള്‍.

വി.എസ്.അച്യുതാനന്ദന്‍ അന്ന് നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. ഞങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റ് 40 അംഗങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാമെന്ന്. കരുണാകരന് ഒരു മോഹം വന്നു. ഐ വിഭാഗത്തിന്‌ 21 എംഎല്‍എമാരുണ്ട്. അപ്പോള്‍ മൊത്തം 61 എംഎല്‍എമാരുണ്ട്. കേരള കോണ്‍ഗ്രസ്(ബി)യ്ക്ക് ആര്‍.ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ എന്നിങ്ങനെ രണ്ട് എംഎല്‍എമാരുണ്ട്. അപ്പോള്‍ 63 ആയി. ബാബു ദിവാകരനും ഷിബു ബേബിജോണും കൂടി ആയാല്‍ 65 പേരായി. ടി.എം.ജേക്കബും ജോണി നെല്ലൂരും കൂടി ആകുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം 67 ആയി. അങ്ങിനെ 67 എംഎല്‍എമാരുടെ ഭൂരിപക്ഷം വെച്ചിട്ടാണ് ഞങ്ങള്‍ ജെഎസ്എസിന്റെ നാല് എംഎല്‍എമാരുടെ പിന്തുണയ്ക്കായി താമരാക്ഷന്‍ എന്നെ സമീപിക്കുന്നത്.

ആദ്യത്തെ ഓഫര്‍ 50 ലക്ഷം രൂപയും ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവുമായിരുന്നു. എനിക്ക് വേറെ മന്ത്രി സ്ഥാനം. ഞങ്ങളുടെ മൂന്നു എംഎല്‍എമാര്‍ക്ക് 50 ലക്ഷം രൂപയും. അത് പക്ഷെ ജെഎസ്എസ് തള്ളിക്കളഞ്ഞു.

അപ്പോഴാണ്‌ വി.എസ്.അച്യുതാനന്ദന്‍ തന്നെ നേരിട്ട് കെ.ആര്‍.ഗൗരിയമ്മയെ കാണുന്നത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലായിരുന്നു ആ കൂടിക്കാഴ്ച. ഞാനും അന്ന് ഗൗരിയമ്മയ്ക്ക് ഒപ്പം കൂടിക്കാഴ്ചയ്ക്കുണ്ട്. സമാന ചിന്താഗതിക്കാര്‍ ഒന്നിച്ചു നില്‍ക്കണം. സഹകരിക്കണം. അതാണ്‌ വിഎസിന്റെ അഭിപ്രായമായി പറഞ്ഞത്. ഞാന്‍ എന്നും നിങ്ങളോടൊപ്പം കാണും – വിഎസ് ഗൗരിയമ്മയോട് പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി അന്ന് രാവിലെ ആറ് മണിയ്ക്ക്‌ ഗൗരിയമ്മയെ വീട്ടില്‍ പോയി കണ്ടു. എന്താണ് ഗൗരിയമ്മേ ഈ കേള്‍ക്കുന്നത് എന്ന് ചോദിച്ചു. ഗൗരിയമ്മയും വിഎസും ഒന്നിച്ചിരുന്നു കതകടച്ച് ചര്‍ച്ച ചെയ്തത് മന്ത്രിസഭ മറിക്കാനാണ് എന്ന് വാര്‍ത്ത ഇറങ്ങി. ഗൗരിയമ്മ അന്ന് വി എസിനോട് പറഞ്ഞത് ഞങ്ങള്‍ ഒരു മുന്നണിയില്‍ നില്‍ക്കുകയാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചിട്ടില്ല എന്നാണ്. അതോടെ ഇടതുമുന്നണിയ്ക്ക്‌ മുന്നില്‍ ആ വഴി അടഞ്ഞു.

പിന്നെ അവര്‍ ഗൗരിയമ്മയെ ഒഴിവാക്കി. എന്നെയും ഷാജുവിനെയും ഉമേഷ്‌ ചള്ളിയിലിനേയും സമീപിച്ചു. ഞങ്ങള്‍ രണ്ടു പേരും തയ്യാറാണ്. രാജന്‍ ബാബു സാര്‍ കൂടി സഹകരിച്ചാല്‍ ഇത് നടക്കും എന്നാണ് ചള്ളിയിലും ഷാജുവും എന്നോട് പറഞ്ഞത്. എന്നെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. ഞാന്‍ വെള്ളാപ്പള്ളിയുടെ വക്കീല്‍ ആയതിനാല്‍ വെള്ളാപ്പള്ളി വഴി സ്വാധീനിക്കാം എന്ന് തീരുമാനിച്ചു.

വെള്ളാപ്പള്ളി എന്നെ വിളിച്ച് പറഞ്ഞു. വക്കീലേ ഒരു കോടി രൂപയും മന്ത്രി സ്ഥാനവുമുണ്ട്. ഞാന്‍ അന്ന് വെള്ളാപ്പള്ളിയോട് പറഞ്ഞു. എനിക്ക് ആ പണം വേണ്ട. പി.സി.ജോര്‍ജ് എന്നോടു പറഞ്ഞു. ഒരു കോടി രൂപ തരാം എന്ന് പറഞ്ഞു. എന്നിട്ടും അത് വാങ്ങിച്ചില്ല.അതോടെ ആ രാഷ്ട്രീയ നീക്കങ്ങളുടെ മുനയൊടിഞ്ഞു പോയി-രാജന്‍ ബാബു പറഞ്ഞു.