ആന്ധ്രയ്ക്ക് പ്രത്യേക പദവി; ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 22 സീറ്റുകളും നേടിയ ജഗന്‍ മോഹന്‍റെ പാര്‍ട്ടി ‌വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കുകയാണ് ഇനി ജഗന്‍ മോഹന്‍റെ ലക്ഷ്യം.

എന്നാല്‍ വമ്പിച്ച വിജയം നേടി കേന്ദ്രത്തിലെത്തിയ എൻഡിഎ മുന്നണിക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഇനി ആവശ്യമില്ല.അതുകൊണ്ട് തന്നെ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ജഗന്‍ മോഹന്‍റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ എന്‍ഡിഎ വഴങ്ങാന്‍ സാധ്യതയില്ല. എന്നാല്‍ പ്രത്യേക പദവിക്കായുള്ള ആവശ്യം തുടരുമെന്നും മോദിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുമെന്നും ജഗന്‍ പറഞ്ഞു. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും തെലു​ഗ് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബുനായിഡു എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് 2018 മാര്‍ച്ചിലാണ്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാൻ തായാറാകാതെ വന്നതോടെയാണ് ചന്ദ്രബാബുനായിഡു എൻഡിഎ വിട്ടത്.