ആനന്ദ് ഗ്രോവറിന്റെയും ഇന്ദിര ജയ്സിങ്ങിന്റെയും വസതിയില്‍ സിബിഐ റെയ്ഡ്

ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവറിന്റെയും ഇന്ദിര ജയ്സിങ്ങിന്റെയും ഡല്‍ഹിയിലെയും മുംബൈയിലെയും വസതിയിലും ഓഫീസിലും സിബിഐ റെയ്ഡ്. ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ ലോയേഴ്സ് കളക്ടീവ് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 

ഇന്ദിരാ ജയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ഇളവുകളോടെ സംഘടനയ്‍ക്ക് ലഭിച്ച ഫണ്ട് പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് കേസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശയാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ഇരുവരും ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ക്കെതിരായ കേസുകളില്‍ ഇരകള്‍ക്കുവേണ്ടി ഹാജരായവരാണ്. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു ഇന്ദിര ജയ് സിങ്​.