ആദ്യത്തേതെല്ലാം പ്രത്യേകം ഓർമ്മിക്കപ്പെടുന്നതാണല്ലോ…

ഡോ. ഷിംന അസീസ്

കഴിഞ്ഞ രണ്ട്‌ വർഷമായി സർക്കാർ സ്‌കൂളുകളിലും അല്ലാതെയും വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക്‌ ലൈംഗികവിദ്യാഭ്യാസക്ലാസുകൾ എടുത്തിട്ടുണ്ട്‌. പെൺകുട്ടികൾ മാത്രവും ആണും പെണ്ണും ഇടകലർന്നും ഉള്ള ക്ലാസുകൾ എടുത്തിട്ടുണ്ട്‌. ഏറ്റവും കൂടുതൽ ക്ലാസുകൾ എടുത്തിട്ടുള്ളത്‌ സ്‌കൂളുകളിലെ ‘സൗഹൃദ ക്ലബ്ബുകൾ’ക്ക്‌ കീഴിൽ പ്ലസ്‌ വൺ വിദ്യാർത്‌ഥികൾക്കാണ്‌. അതിൽ തന്നെ ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത്‌ മറ കെട്ടി തിരിക്കാത്ത മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചുള്ള ക്ലാസാണ്‌. മറ്റൊന്നും കൊണ്ടല്ല, അത്രയും കാലം സഹപാഠികൾക്കുണ്ടെന്ന്‌ പോലുമറിയാത്ത പല വിഷമങ്ങളെക്കുറിച്ചും തുറന്ന ചർച്ചകൾ അവർ ഏറെ ബഹുമാനത്തോടെ ഉൾക്കൊള്ളുന്നത്‌ നേരിൽ കണ്ടത്‌ കൊണ്ട്‌ തന്നെ.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ ദിവസം ആദ്യമായി നാട്ടിലെ ആൺകുട്ടികൾക്ക്‌ മാത്രമായി ഒരു ക്ലാസെടുത്തു. അരീക്കോടിനടുത്ത്‌ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ വൺ ക്ലാസിലെ മിടുക്കൻമാരാണ്‌ രണ്ട്‌ മണിക്കൂർ ക്ഷമയോടെ മുന്നിലിരുന്നത്‌. ഹാളിലേക്ക്‌ കയറിച്ചെല്ലുന്ന സമയത്ത്‌ ‘ഈ പെണ്ണുംപിള്ള ഇതെന്ത് പറയാൻ വന്നതാണാവോ’ എന്ന ഭാവത്തിൽ ഇരുന്ന എല്ലാ വേന്ദ്രൻമാരും പോവാറായപ്പോഴേക്ക്‌ കട്ടക്കമ്പനി ! ഉള്ളത്‌ പറഞ്ഞാൽ… എനിക്കങ്ങിഷ്‌ടപ്പെട്ടു.

മുൻകാലത്തെ അനുഭവങ്ങൾ കൂടി ചേർത്തുവെച്ച്‌ പറഞ്ഞാൽ, ആൺകുട്ടികൾക്ക്‌ ആർത്തവത്തെക്കുറിച്ച്‌ വ്യക്‌തമായ ധാരണയില്ല. പ്രസവിക്കുന്നത്‌ എങ്ങനെയെന്ന്‌ മിക്കവർക്കുമറിയില്ല. സ്‌ത്രീകളുടെ ശാരീരികപ്രത്യേകതകൾ അറിയില്ല. സ്വന്തം ശരീരത്തിൽ നിലവിലുള്ള ഉദ്ധാരണം പോലുള്ള സംഗതികളുടെ കാര്യമോ കാരണമോ അറിയില്ല. പക്ഷേ, പതിവ്‌ പോലെ അവരുടെ പ്രായവും കൂട്ടുകാരും വീഡിയോകളും പുസ്‌തകങ്ങളും നൽകിയ തെറ്റിദ്ധാരണകളുടെ ഘോഷയാത്ര എല്ലാവരുടെ മനസ്സിലുമുണ്ട്‌ താനും.

അവർക്കൊന്നുമറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ മിണ്ടിയ ഇടങ്ങളിലെല്ലാം അവർ കലപിലകൾ നിർത്തി വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആർത്തവവും സ്‌ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിൽ അവരുൾപ്പെടെയുള്ള പുരുഷസമൂഹത്തിന്റെ ഇടപെടലുകളുടെ ആവശ്യകതയും ട്രാൻസ്‌ജെൻഡറുകളെ കുറിച്ചുമെല്ലാം ഏറെ ശ്രദ്ധയോടെയാണവർ കേട്ടിരുന്നത്‌. അവരുടെ മനസ്സിലൂടെ ആ നേരത്ത്‌ വീട്ടിൽ കാത്തിരുന്ന അമ്മയുടെയോ കുഞ്ഞുപെങ്ങളുടെയോ സുഹൃത്തിന്റെയോ മുഖം തെളിഞ്ഞിരിക്കണം. ‘പുരുഷൻമാരെല്ലാം ഉപദ്രവകാരികളാണ്‌’ എന്ന പറച്ചിൽ കേട്ട്‌ വളർന്ന പെൺസമൂഹത്തെ പ്രവർത്തി കൊണ്ട്‌ തിരുത്തേണ്ടത്‌ ഇവരാണെന്നത്‌ അവർ നെഞ്ചിലേറ്റിയെന്നുറപ്പ്‌.

ക്ലാസിനിടെ എനിക്ക്‌ കിട്ടിയ പതിവ്‌ സംശയങ്ങൾക്കിടയിൽ അവരോട്‌ അങ്ങോട്ടൊരു ചോദ്യം ചോദിച്ചു – ”നിങ്ങളിൽ എത്ര പേർ വീട്ടിൽ ആർക്കെങ്കിലും സാനിറ്ററി നാപ്കിൻ വാങ്ങികൊടുത്തിട്ടുണ്ട്‌?”. മുന്നിലുള്ള ഒരു കൈ പോലും പൊങ്ങിയില്ല. എനിക്ക്‌ വല്ല്യ അദ്‌ഭുതമൊന്നും തോന്നിയില്ല.

കടന്നുപോയ പ്രളയകാലത്താവണം പല ആൺകുട്ടികളും സാനിറ്ററി നാപ്‌കിൻ ഒരു അത്യാവശ്യം ആണെന്ന്‌ പോലുമറിയുന്നത്‌. ഇനി അടുത്ത തലമുറയിലെ ആൺകുട്ടികൾ എങ്കിലും പെണ്ണിനെ അറിയുന്നവരും പരസ്പരബഹുമാനമുള്ളവരുമാവണം. ആ കടലിലേക്ക്‌ ഒരു തുള്ളി വെള്ളം പകരാൻ സാധിക്കുന്നുവല്ലോ…

ആൺകുട്ടികൾക്കും അറിവ്‌ വേണം. അവരെയും അവളെയും കുറിച്ച്‌… ജീവന്റെ നേർപാതിയാണല്ലോ അവനും.