ആദ്യത്തെ ഫെമിനിസ്റ്റും പിന്നീടുവന്ന കുലസ്ത്രീയും

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ

ഉല്‍പ്പത്തി കഥയുടെ നമ്മളധികം കേള്‍ക്കാത്ത മറ്റൊരു വേര്‍ഷനുണ്ട്. അതില്‍ ആദത്തിന് ഹവ്വയ്ക്ക് മുമ്പ് മറ്റൊരു ഭാര്യയുണ്ട്. ലിലിത് എന്നാണവളുടെ പേര്. ആദമിനെയും ലിലിതിനെയും ദൈവം ഒരുമിച്ച് ഒരേ സമയത്ത് ഒരേ വസ്തുവില്‍ (മണ്ണ്) നിന്നാണ് സൃഷ്ടിച്ചത്. ഇന്ന് ലിലിത് പാപത്തിന്റെയും തിന്മയുടെയും പ്രതീകമായ ഒരു പിശാചായാണ് കണക്കാക്കപ്പെടുന്നത്. ലിലിത് ചെയ്ത കുറ്റം ഒരേ വസ്തുവില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട രണ്ടാളുകളെ എന്തിനു വ്യത്യസ്തമായി കാണുന്നു എന്ന് ചിന്തിച്ചതാണ്. ലിലിത് ഒരു റിബല്‍ ആയിരുന്നു, ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഫെമിനിച്ചി. എല്ലാത്തിലും തന്റേതായ അഭിപ്രായവും താല്പര്യവുമുണ്ടായിരുന്ന ലിലിത് ദൈവവും തന്റെ പുരുഷനും തനിക്കെതിരാണെന്ന് മനസ്സിലാക്കി സ്വര്‍ഗീയമായ ഏദന്‍ തോട്ടം ഉപേക്ഷിച്ചുപോയി. ലിലിത് പോയതിന് ശേഷമാണ് ആദമിന്റെ വാരിയെല്ലില്‍ നിന്ന് നമ്മള്‍ ഉദ്ദേശിക്കുന്ന കുലസ്ത്രീ ടൈപ്പ് ആയ ഹവ്വയെ ദൈവം സൃഷ്ടിച്ച് കൊടുക്കുന്നത്. അവിടെ നിന്ന് തുടങ്ങുന്നു സ്ത്രീകളുടെ conditioning.

അന്ന് മുതല്‍ ഇന്നു വരെയുള്ള ആ conditioning-ന്‍റെ പ്രതിഫലനമാണ് ഇന്നു നമ്മള്‍ കാണുന്ന കുലസ്ത്രീകള്‍. ബൈബിളിലെ ഹവ്വ മുതല്‍ പിന്നീടങ്ങോട്ട് വന്ന എണ്ണിയാലൊടുങ്ങാത്ത പുരുഷനിര്‍മ്മിത സ്ത്രീ കഥാപാത്രങ്ങള്‍ വരെ സ്ത്രീ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ മോഡല്‍ സ്ത്രീകളില്‍ നിന്ന് വ്യതിചലിക്കുന്ന ചുരുക്കം ചില ലിലിതുകളെ സാമൂഹിക സാംസ്കാരിക അധപതനത്തിന്റെ അടയാളമായി ചിത്രീകരിക്കാനും നാം മടിച്ചിട്ടില്ല. മനുഷ്യന്‍ ഉണ്ടായത് മുതല്‍ പല തരത്തിലുള്ള വിവേചനങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഇന്നും വലിയ വ്യത്യാസമില്ലാതെ തുടരുന്ന ഒന്നാണ് സ്ത്രീ വിവേചനം. ഇന്നു ഒരു സിനിമയില്‍ ഒരു മനുഷ്യനെ പുലയാ എന്ന് വിളിച്ചാല്‍ അത് അധിക്ഷേപമാണെന്നു കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. എന്നാല്‍ ഒരു പെണ്ണിന്റെ മടിക്കുത്തിനു പിടിച്ചാല്‍ അതിലെ അപാകത തിരിച്ചറിയാന്‍ കഴിയാത്തവരാണ് സ്ത്രീകളടക്കം.

ഈ conditioning-ന് വിധേയരായ, വിധേയരായിക്കൊണ്ടിരിക്കുന്ന കുലസ്ത്രീകളില്‍ കണ്ടുവരുന്ന ഒരു മാനസിക വൈകല്യമാണ് സഹനത്തെ ഒരു pleasure ആയി കാണുന്ന അവസ്ഥ. ജോലിയുള്ള സ്ത്രീ, സ്ത്രീ മുന്നേറ്റത്തിന്റെ അവസാന വാക്കായാണ് നമ്മുടെ സമൂഹം കരുതുന്നത്. എന്നാല്‍ അവര്‍ പോലും ഈ conditioning-ല്‍ നിന്ന് വിമുക്തരല്ല. ജോലിയോടൊപ്പം വീട്ടുജോലിയും കുട്ടികളെ നോക്കലും എല്ലാം കഴിഞ്ഞു തളര്‍ന്ന്, കൂട്ടുകാരിയോട് തന്‍റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു പരിഭവിച്ച് വീണ്ടും അത് തന്നെ തുടരുന്ന പല സ്ത്രീകളെ എനിക്കറിയാം. ഇത് തന്‍റെ കടമയാണെന്നതില്‍ അവര്‍ക്ക് തര്‍ക്കമൊന്നുമില്ല. സമൂഹം അതാണ്‌ അവരെ പഠിപ്പിച്ചിരിക്കുന്നത്. തനിക്കതിനപ്പുറം വിശ്രമത്തിനും വിനോദത്തിനും അറിവ് നേടുന്നതിനും ലോകത്തെ അറിയുന്നതിനുമുള്ള അവകാശം ഉണ്ടെന്നു അവര്‍ക്ക് തീര്‍ച്ചയായും അറിയില്ല.

ലോകത്തെ അറിയാന്‍ സമയം കിട്ടാത്ത അവര്‍ പിന്നീട് ലോകത്തെ ശ്രദ്ധിക്കാതാകുന്നു. അവരുടെ ലോകം ചുരുങ്ങുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാന്‍ കഴിയാത്ത അവര്‍ ജീവിതത്തിലെ ഈ ഭാരങ്ങളെ സന്തോഷമായി കരുതുന്നു. പിന്നീട് സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ചിലര്‍ മുന്നോട്ട് വരുമ്പോള്‍ അവര്‍ അവരുടെ സ്വതന്ത്ര ലോകത്ത് വിഹരിക്കുമ്പോള്‍, നഷ്ടപ്പെട്ട സ്വാതന്ത്ര്യം നഷ്ടമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ വേണ്ടി സ്ത്രീ സ്വാതന്ത്ര്യത്തെ മോശമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണിവര്‍. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഹവ്വയ്ക്ക് പകരം ലിലിത് തന്നെ ആയിരുന്നുവെങ്കില്‍ എന്ന്. അതൊരിക്കലും സംഭവിക്കില്ല. കാരണം ബൈബിള്‍ ഒരിക്കലും ഒരു പെണ്ണിന്റെ സൃഷ്ടിയല്ല.

PS: ആൾകൂട്ടം കാണുമ്പോൾ സാമാന്യബുദ്ധി നഷ്ടപ്പെടുന്ന സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളോട് ഐക്യദാർഢ്യം ഒട്ടും തന്നെയില്ല.