ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകള്‍, പൊലീസ് തിരിച്ചടിച്ചു: ഐ ജി

വയനാട്‌ : വൈത്തിരിയില്‍ വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂർ റേഞ്ച് ഐജി മാധ്യമങ്ങളോട് വിശദമാക്കി. വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐ ജി വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ റെയ്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീലാണ് കൊല്ലപ്പെട്ടതെന്നു ഐജി മാധ്യമങ്ങളോടു പറഞ്ഞു. മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് ജലീൽ. റിസോർട്ടിനുള്ളിലെ മീൻ കുളത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം . റിസോർട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും. റിസോർട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവർ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തിൽ കാട്ടിനുള്ളിൽ തണ്ടർബോൾട്ട് പരിശോധന തുടരുന്നു. ഐജിയുടെ നേതൃത്വത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നു.