
ഭോപ്പാല്‍ : ഭാര്യയേയും മകളേയും കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയ ശേഷം വ്യവസായി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ബുന്ദേല്‍ഖണ്ഡിലെ സിമന്റ് വ്യാവസായിയായിരുന്ന ബ്രജേഷ് ചൗരസ്യ, മകള്‍ മഹിമ(16), എന്നിവരെയാണ് കഴിഞ്ഞ മാസം പതിനേഴാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യതയെ തുടര്‍ന്നാണ് ബ്രജേഷ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത്. മകളേയും ഭാര്യയേയും വെടിവെച്ച് കൊലപ്പെടുത്താന്‍ ഇയാള്‍ വാടകക്കൊലയാളിയെ ഏല്‍പ്പിക്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് ബ്രജേഷ് എഴുതിയ കത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. 90 ലക്ഷത്തോളം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്ന് ഹിന്ദിയിലെഴുതിയ കത്തില്‍ ഇയാള്‍ പറയുന്നു.
ബ്രജേഷ് ക്വട്ടേഷന്‍ നല്കിയ വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാര്‍ സ്വദേശിയായ രഞ്ജന്‍ റായിയാണ് അറസ്റ്റിലായത്. ഭാര്യയേയും മകളേയും കൊലപ്പെടുത്തുന്നതിനായി ബ്രജേഷ് 90,000 രൂപ കൈമാറിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ജൂലൈ 17ന് പുലര്‍ച്ചെ 1.45ഓടെയാണ് പട്രോളിംഗിനിടെ പോലീസ് സംഘം വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കാണുന്നത്. ബ്രജേഷിനേയും മകളേയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ രാധ അബോധാവസ്ഥയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ബ്രജേഷ് വീട്ടില്‍ വെച്ച് തനിക്കും മകള്‍ക്കും കുടിക്കാന്‍ ഒരു പാനിയം തന്നെന്നും പിന്നീട് സംഭവിച്ചതൊന്നും ഓര്‍മയില്ലെന്നും രാധ പോലീസിന് മൊഴി നല്കി. മകളേയും ഭാര്യയേയും കാറില്‍ ഇരുത്തിയ ശേഷം ബ്രജേഷ് വാടകക്കൊലയാളിയെ കാത്തുനിന്നതായി പോലീസ് പറയുന്നു.
ആദ്യം മഹിമയേയാണ് കൊലപ്പെടുത്തിയത്. രാധയെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊലയാളി സംഭവ സ്ഥലത്ത് നിന്നും മാറി നിന്നു. താന്‍ ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കൊലയാളി ബ്രജേഷിനെ അറിയിച്ചു. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് തിരികെ വരാമെന്ന് പറഞ്ഞ് പോയ കാറിന് സമീപത്തേയ്ക്ക് പോയ ബ്രജേഷ് പിന്നീട് മടങ്ങി വന്നില്ല.
ഏറെ നേരമായിട്ടും ബ്രജേഷിനെ കാണാതെ വന്നതോടെ വാടകക്കൊലയാളി കാറിനടുത്ത് എത്തിയപ്പോഴാണ് ബ്രജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്കുമായി പശ്ചിമ ബംഗാളിലേക്ക് കടക്കുകയായിരുന്നു. ചൗരസ്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ വാടകകൊലയാളിയുമായി ബന്ധപ്പെട്ടതായി വ്യക്തമായത്.