ആദിയ്ക്കു പിന്നാലെ ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയ്ക്കു പിന്നാലെ മലയാള ചിത്രങ്ങളായ ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍. പൊലീസിന്റെ നിരോധനം മറികടന്നു സംസ്ഥാനത്തു വീണ്ടും സിനിമ പൈറസി സൈറ്റുകള്‍ സജീവമാകുന്നുവെന്നതിന്റെ തെളിവാണിത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐപി വിലാസം ഉപയോഗിച്ചാണു സൈറ്റുകളുടെ പ്രവര്‍ത്തനം. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു സൈറ്റുകള്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ പരസ്യവരുമാനമാണു നേടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ് റോക്കേഴ്‌സ് സൈറ്റില്‍ രണ്ടു ദിവസം കൊണ്ട് അറുപതിനായിരത്തിലേറെപ്പേരാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി കണ്ടത്. ഏറ്റവും പ്രധാന പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ടുമാസം മുന്‍പു ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പൂര്‍വാധികം സജീവമായി സൈറ്റ് തിരിച്ചെത്തിയിരിക്കുകയാണ്.

തമിഴ് റോക്കേഴ്‌സ് ഡോട്ട് കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐപി അഡ്രസിലാണു ഇപ്പോള്‍ പ്രവര്‍ത്തനം. നെതര്‍ലന്‍ഡില്‍ നിന്നുള്ള എന്‍ഫോഴ്‌സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണു സൈറ്റില്‍ കാണുന്നത്. മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് അടക്കം പത്തിലേറെ മലയാള ചിത്രങ്ങളും തമിഴ്, ഹിന്ദി ഭാഷകളിലെ അമ്പതിലേറെ പുതുചിത്രങ്ങളും സൈറ്റിലുണ്ട്.