ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും ഉണ്ടെന്ന് സൂചന; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കുറിപ്പ്‌

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും ഉണ്ടെന്ന് സൂചന. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. കൃഷ്ണമ്മ, ശാന്ത, കാശി എന്നിവരാണ് മരണത്തിന് കാരണമെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. വസ്തു വില്‍ക്കാന്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ ഒന്നും ചെയ്തില്ല. മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നാല് പേരാണ് മരണത്തിന് കാരണക്കാര്‍ എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.സംഭവത്തില്‍ ചന്ദ്രനേയും അമ്മയേയും സഹോദരിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചുമരിലും ഭിത്തിയിലും നാല് ഭാഗത്തായി കുറിപ്പ് എഴുതിയിട്ടുണ്ടെന്നും കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്നുപറയുന്നുണ്ടെന്നും ബാക്കി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാറായിട്ടില്ലെന്നും ഡി.വൈ.എസ്.പി വിനോദ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ബാങ്കിന്റെ കാര്യങ്ങള്‍ ആത്മഹത്യാകുറിപ്പിലില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്നും വിനോദ് പറഞ്ഞു.

അതിനിടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുകയാണ്‌.
കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ 
നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം.

തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.നെയ്യാറ്റിന്‍കര ശാഖയ്ക്ക്  രാവിലെമുതല്‍  നാട്ടുകാര്‍ ഉപരോധിക്കുകയാണ്.