ആഢ്യത്വത്തിന്റെ പ്രതീകമായി നിലമ്പൂർ പുതിയ കോവിലകം

 

സായിനാഥ്‌ മേനോൻ

മലപ്പുറം ജില്ലയിൽ നിലമ്പൂർ എന്ന സ്ഥലത്താണ്‌ ‌ പ്രൗഢ ഗംഭീരമായ നിലമ്പൂർ കോവിലകം സ്ഥിതി ചെയ്യുന്നത്‌. തേക്കിൻ കാടുകളാലും, കോവിലകത്തിന്റെ പേരിലും നിലമ്പൂർ എന്ന സ്ഥലം ലോകപ്രശസ്തമാണ്‌ . സ്വർണ്ണ അരഞ്ഞാണം കണക്കെ കോവിലകത്തെ ചുറ്റി ഒഴുകുന്ന ചാലിയാർ പുഴയുടെ തീരത്തെ അഭിമാനസ്തംഭമായ നിലമ്പൂർ പുതിയ കോവിലകത്തെ കുറിച്ചും , ഏറനാടിന്റെ വികസനത്തിൽ വല്ലിയൊരു പങ്കു വഹിച്ച നിലമ്പൂർ കോവിലക ചരിത്രത്തെ കുറിച്ചും നമുക്കൊന്ന് വായിക്കാം .

ഒരു കാലത്ത്‌ ഏറനാടിന്റെ തലസ്ഥാനമായിരുന്നു നിലമ്പൂർ. നീലഗിരിയുമായി അതിർത്തി പങ്കിടുന്ന , ചാലിയാർ കൊഞ്ചി കുഴഞ്ഞൊഴുകുന്ന മനോഹര ഭൂമി . നിലമ്പൂർ തേക്കും , നിലമ്പൂർ കാടുകളും , അറിയാത്ത മലയാളികൾ ഇല്ലാ താനും.ഏകദേശം 13 -ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്ത്‌ സാമൂതിരി എടവണ്ണപ്പാറയിൽ തന്റെ കീഴിലുള്ള തൃക്കളൂർ ദേവസ്വത്തിന്റെ നിലമ്പൂർ ഭാഗത്തുള്ള നോക്കെത്താ ദൂരത്തോളമുള്ള ഭൂസ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി താനുമായി വളരെ അടുത്ത ബന്ധമുള്ള കൂടൽമണ്ണ തച്ചറക്കാവ്‌ എന്ന പരമ്പരയെ നിലമ്പൂരിലേക്ക്‌ അയയ്ക്കുകയും ,അവർക്ക്‌ ആ ഭൂമിയുടെ അവകാശം നൽകുകയും, ആ പരമ്പര നിലമ്പൂർ വന്ന് താമസമാക്കുകയും അവർ തച്ചറക്കാവ്‌ നിലമ്പൂർ/ നിലമ്പൂർ കോവിലകം പരമ്പര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടൽമണ്ണ തച്ചറക്കാവ്‌ പരമ്പര സാമൂതിരിയുടെ അരിയിട്ട്‌ വാഴ്ച്ച മുതൽ എല്ലാ കാര്യങ്ങൾക്കും പ്രഥമ സ്ഥാനീയരാണ്‌ .

നിലമ്പൂർ കോവിലകം പരമ്പരയുടെ തറവാടാണ്‌ പുതിയ കോവിലകം. നിലമ്പൂർ കോവിലക സമുച്ചയത്തിൽ പുതിയ കോവിലകത്തെ കൂടാതെ , വല്ലിയ കോവിലകം , അഞ്ചുമുറി കോവിലകം, സുധർമ്മ, വൃന്ദാവൻ, എന്നീ തുടങ്ങി മറ്റു കോവിലകങ്ങളും കാണാം നമുക്ക്‌ . വല്ലിയ കോവിലകത്തെ നിലമ്പൂർ കോവിലകത്തെ കാരണവർ താമസിച്ചിരുന്നത്‌. അവിടെയാണ്‌ കോവിലകത്തെ ഭരണസിരാകേന്ദ്രം ഉണ്ടായിരുന്നത്‌.കാലക്രമേണ നികുതി പിരിക്കാനും നീതിന്യായ കാര്യങ്ങളിൽ തീർപ്പ്‌ കൽപ്പിക്കാനും അവകാശമുള്ളവരായി തീർന്നു ഇവർ . നിലമ്പൂർ കോവിലകത്തെ പുരുഷന്മാർക്ക്‌ തിരുമുൽപ്പാട്‌ എന്ന സ്ഥാനവും , സ്ത്രീകൾക്ക്‌ തമ്പാട്ടി എന്ന സ്ഥാനവും ഉണ്ട്‌.അഞ്ചു മുറി കോവിലകത്തിന്‌ പിന്നാലെയായിരുന്നു ഇവർ കോഴിക്കോട്‌ നിന്ന് വന്ന ഉടൻ താമസിച്ചിരുന്നത്‌ . മൂല സ്ഥാനം അവിടെയാണ്‌ . പുതിയ കോവിലകത്തിലേക്ക്‌ മാറുന്നത്‌.നാടുവാഴികളായി മാറിയപ്പോഴും നാടിനെയും നിലമ്പൂർ കാടിനെയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ലാ ഇവർ.

ഇവർ ജന്മി പരമ്പരയായിരുന്നു . ഏകദേശം ഒരു ലക്ഷത്തോളം ഏക്കർ ഭൂമി മലബാറിൽ മാത്രം ഇവർക്കുണ്ടായിരുന്നു . നിലമ്പൂർ, വഴിക്കടവ്‌ , പെരിന്തൽമണ്ണ, ഗൂഡല്ലൂർ ഭാഗങ്ങളിൽ ഇവർക്ക്‌ ധാരാളം ഭൂമിയുണ്ടായിരുന്നു . ബിർളയ്ക്ക്‌ മാവൂർ റയോൺസിന്‌ വേണ്ടി മുപ്പതിനായിരം ഏക്കർ ഭൂമി നൽകിയത്‌ കോവിലകമായിരുന്നു.ഒരു കാലത്ത്‌ നിലമ്പൂർ മുതൽ ഗൂഡലൂർ വരെയുള്ള പ്രദേശങ്ങൾ മുഴുവൻ ഇവരുടേതായിരുന്നു.നിലമ്പൂർ പുതിയ കോവിലകത്തിന്‌ മുന്നൂറിലധികം വർഷം പഴക്കം കാണും .ഇന്നുള്ള കോവിലകങ്ങളിൽ വച്ചേറ്റവും മനോഹരമായ കോവിലകമാണ്‌ പുതിയ കോവിലകം. പതിനാറ്‌ കെട്ടായിരുന്ന കോവിലകം ഇപ്പോൾ പന്ത്രണ്ട്‌ കെട്ടാണ്‌ .വല്ലിയ പൂമുഖവും, മനോഹരമായ തൂണുകൾ ഉള്ള പുറത്തളവുമാണ്‌ കോവിലകത്തിലേക്ക്‌ കയറി ചെല്ലുന്ന നമ്മെ വരവേൽക്കുന്നത്‌ . ഈ പുറത്തളത്തിൽ വച്ചാണ്‌ പണ്ട്‌ കാലത്ത്‌ കോവിലകത്തിലെ അംഗങ്ങളുടെ വിവാഹം നടത്തിയിരുന്നു . വിവാഹങ്ങളിലും ഒരു പ്രത്യേകത ഉണ്ട്‌ . കോവിലകത്തെ കാവായ വേട്ടക്കൊരു മകൻ കാവിലെ ദീപാരാധനയ്ക്ക്‌ ശേഷമാണ്‌ ഇവിടുത്തെ വിവാഹ മുഹൂർത്തം വച്ചിരുന്നത്‌.

അതായത്‌ സന്ധ്യയ്ക്ക്‌. അത്‌ പോലെ കല്യാണത്തിന്‌ ജാതകം നോക്കണ പതിവും ഇവിടെ ഉണ്ടായിരുന്നില്ലാ . രണ്ട്‌ നിലകളിലായി ഇരുപത്തിയൊന്നോളം മുറികളും, തെക്കെ കെട്ടിലെയും വടക്കെ കെട്ടിലെയും നടുമുറ്റങ്ങളോട്‌ ചേർന്ന് തളങ്ങളും , മൂന്ന് നടുമുറ്റങ്ങളും, മച്ചും , അടുക്കളയും , അടങ്ങിയതാണ്‌
പുതിയ കോവിലകം . ചാണകം മെഴുകിയ തളവും, മനോഹമായ തട്ടുകളും, ഭംഗിയുള്ള ഗോവണികളും, നടുമുറ്റത്തിനോട്‌ ചേർന്നുള്ള തൂണുകളും കോവിലകത്തിന്റെ ഭംഗിയ്ക്ക്‌ മാറ്റുകൂട്ടുന്നു.രാജ ഗംഭീരമായ നിർമ്മിതിയാണ്‌ പുതിയ കോവിലകത്തിന്റേത്‌.പണ്ടിവിടെ രണ്ട്‌ അടുക്കളയും , എൺപതിനായിരം പറ നെല്ല് കൊള്ളുന്ന പത്തായപ്പുരയും, നാനൂറോളം പേർക്ക്‌ ഊൺ കഴിക്കാൻ സൗകര്യമുള്ള , കലവറയും , മുറികളും ഉള്ള , വല്ലിയ തളങ്ങളും ഉള്ള ഒരു വാസ്തു സമുച്ചയവും ഉണ്ടായിരുന്നു . കാലാധിക്യത്താൽ അവ മൺ മറഞ്ഞു പോയി .ധാരാളം പുരാവസ്തുക്കൾ നമുക്കിവിടെ ചെന്നാൽ കാണാൻ കഴിയും .

നിലമ്പൂർ വേട്ടക്കൊരു മകൻ ക്ഷേത്രവും ഗൂഡല്ലൂർ ബന്ധവും –

ബാലുശ്ശേരി കുറുമ്പ്രനാട്‌ കോവിലകത്തെ ഒരു കാരണവരുടെ മകളായ ശ്രീ സുഭദ്ര വാഴുന്നോരമ്മയും അവരുടെ സഹോദരനും ഗൂഡല്ലൂർ അടുത്തുള്ള നമ്പോലക്കോട്‌ എന്ന സ്ഥലത്ത്‌ താമസിച്ചിരുന്നു . ഏകദേശം 1700 കാലഘട്ടമാണ്‌ എന്നനുമാനിക്കാം നമുക്ക്‌ . അന്ന് നീലഗിരി ജില്ല രണ്ട്‌ ഭാഗമായിട്ടായിരുന്നു . മേപ്പാടി നീലഗിരിയും, നീലഗിരിയും. ഈ മേപ്പാടി നീലഗിരിയിലെ ഭൂമിയെല്ലാം സുഭദ്രവാഴുന്നോരമ്മയുടെതായിരുന്നു . ഗൂഡല്ലൂർ അടക്കം .ഈ വാഴുന്നോരമ്മ താമസിക്കുന്നതിന്‌ അടുത്ത്‌ ഒരു കുന്നുണ്ടായിരുന്നു . അവിടെ അവർ വേട്ടക്കൊരു മകനെ ആരാധിക്കുകയും ചെയ്തിരുന്നു . പ്രത്യക്ഷ മൂർത്തിയായിരുന്നുത്രേ.

ഇക്കാര്യങ്ങൾ മനസിലാക്കിയ നിലമ്പൂർ ഭക്തൻ തമ്പുരാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കാരണവർ വേട്ടക്കൊരു മകനെ തൊഴാനായി നമ്പോലക്കോട്‌ പോകൽ പതിവാകുകയും, വാഴുന്നോരമ്മയായും സഹോദരനായും നല്ല ബന്ധം സ്ഥാപിക്കുകയും , കാരണവർക്കും വേട്ടക്കൊരു മകൻ ദർശ്ശനം ലഭിക്കുകയും ചെയ്തുവത്രെ .ഭക്തൻ തമ്പുരാൻ വേട്ടക്കൊരു മകന്റെ വല്ലിയ ഭക്താനായി മാറി . അദേഹം ഇടയ്ക്കിടെ നമ്പോലക്കോട്‌ പോയി ഭഗവാനെ കാണാനും തുടങ്ങി . അതിനിടയ്ക്ക്‌ സുഭദ്ര വാഴുന്നോരമ്മയ്ക്ക്‌ സുഖമില്ലാതാകുകയും അവർ ഗൂഡലൂർക്ക്‌ താമസം മാറുകയും ചെയ്തു. അവരുടെ സഹോദരനും കൂടി സുഖമില്ലായ്മ വന്നതോട്‌ കൂടി ഭക്തൻ തമ്പുരാൻ രണ്ട്‌ പേരെയും കൂട്ടി നിലമ്പൂർ പുതിയ കോവിലകത്തിലേക്ക്‌ കൊണ്ടു വന്നു ശുശ്രൂഷിക്കാനായി .

Image result for nilambur kovilakam front view1753ഇൽ വാഴുന്നോരമ്മ ഗൂഡല്ലൂരടക്കമുള്ള മേപ്പാടി നീലഗിരിയിലെ സ്വത്തുക്കൾ എല്ലാം നിലമ്പൂർ കോവിലകത്തിലേക്ക്‌ എഴുതി വച്ചു . 1758 ഇൽ വാഴുന്നോരമ്മ അന്തരിക്കുകയും ചെയ്തു . അന്ന് മുതൽ ഗൂഡല്ലൂർ നീലഗിരി ഭാഗങ്ങളിലെ ഭൂമിയെല്ലാം നിലമ്പൂർ കോവിലകത്തിന്‌ സ്വന്തമായത്‌. അതിലെ 48000 ഏക്കർ ഭൂമിയാണ്‌ മുതുമല വന്യജീവി സങ്കേതത്തിനായി കൊടുത്തത്‌. ആദ്യം 99 വർഷത്തെ കരാറിനായിരുന്നു ഭൂമി കൊടുത്തത്‌. കാലങ്ങൾ കഴിഞ്ഞു ഭക്തൻ തമ്പുരാൻ നമ്പോലക്കോട്‌ പോയി വേട്ടക്കൊരു മകനെ തൊഴുന്നത്‌ മുടക്കിയില്ലാ .ഒരു ദിവസം തമ്പുരാൻ നമ്പോലക്കോട്‌ പോയി തേവരെ തൊഴണ സമയം , തനിക്ക്‌ വയസ്സായി എന്നും നിലമ്പൂർ നിന്ന് ഇവിടെ വരെ വന്ന് തൊഴാൻ വയ്യാതായി എന്നും തന്റെ കൂടെ നിലമ്പൂർക്ക്‌ വന്നൂടെ എന്നും അഭ്യർത്ഥിച്ചു. വേട്ടക്കൊരു മകൻ അതിന്‌ സമ്മതം മൂളുകയും, തന്റെ മക്കൾക്ക്‌ ( കാടിന്റെ മക്കൾക്ക്‌) എല്ലാ വർഷവും ഒരിക്കൽ ഊട്ട്‌ നടത്തണമെന്നും തമ്പുരാനോട്‌ പറഞ്ഞു . തമ്പുരാൻ തേവർക്ക്‌ അങ്ങനെ ചെയ്തേക്കാം എന്ന് വാക്ക്‌ കൊടുക്കുകയും ചെയ്തു . ഉടൻ തേവർ നമ്പോലക്കോടുള്ള മണ്ഡപത്തിലെ തൂണിലേക്ക്‌ അപ്രത്യക്ഷനായി. നമ്പോലക്കോട്‌ ഇന്നും തേവർക്ക്‌ പൂജ ഈ തൂണിലാണ്‌ നടത്തുന്നത്‌ . തേവർ അവിടെ നിന്ന് വന്ന് നേരെ ഇപ്പോൾ കാണുന്ന നിലമ്പൂർ വേട്ടക്കൊരുമകൻ കാവിനു മുന്നിലുള്ള കരുവൻ കാവിലാണ്‌ ആദ്യം കുടി കൊണ്ടത്‌. അവിടെ നിന്ന് പിന്നീടാണ്‌ ഇപ്പോൾ കാണുന്ന കാവ്‌ നിർമ്മിച്ച്‌ അതിലേക്ക്‌ ആവാഹിക്കുകയും ചെയ്തു .കിഴക്കുമ്പാട് ഇല്ലക്കാരാണ്‌ കാവിലെ തന്ത്രം.

ധനു 20 ന്‌ തുടങ്ങി ആറ്‌ ദിവസം നീണ്ടു നിൽക്കുന്ന വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ കളം പാട്ട്‌ മഹോത്സവം വളരെ പ്രസിദ്ധിയേറിയതാണ്‌. അതിൽ അഞ്ചു ദിവസം വേട്ടക്കരന്റെ കളവും ,ആറാമത്തെ ദിവസം അയ്യപ്പന്റെ കളവും ആണ്‌ നടക്കാറുള്ളത്‌.അതിൽ നാലാമത്തെ ദിവസത്തെ വല്ലിയ കളം പാട്ട്‌ ദിവസം സർവ്വാണി സദ്യ നടത്താറുണ്ട്‌ . അത്‌ കാടിന്റെ മക്കൾക്ക്‌ ഊട്ട്‌ കൊടുക്കാം എന്ന് തേവർക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കാനായി നടത്തുന്നതാണ്‌ . നൂറ്റാണ്ടുകളായി ആ ചടങ്ങ്‌ ഒരു മുടക്കവും കൂടാതെ നടന്നു പോരുന്നു .സർവ്വാണി സദ്യയ്ക്ക്‌ കാടിന്റെ മക്കൾ എല്ലാം നിലമ്പൂർ വന്നെത്തും. തോർത്ത്‌ വിരിച്ച്‌ അതിൽ ഇല വച്ച്‌ അതിൽ ചോറും കറികളും എല്ലാം ഒരുമിച്ച്‌ പൊതിഞ്ഞ്‌, അതും എടുത്ത്‌ തങ്ങൾ താമസിക്കുന്ന സ്ഥലത്ത്ര് കൊണ്ട്‌ വന്ന് , അവിടെയുള്ള പാറപ്പുറത്ത്‌ വച്ച്‌ ആ ഭക്ഷ്ണം ഉണക്കി കാത്തു സൂക്ഷിച്ച്‌ വയ്ക്കും . തങ്ങളുടെ വീട്ടിൽ ആർക്കെലും വല്ല അസുഖങ്ങൾ വന്നാൽ അതാണ്‌ പിന്നീട്‌ മരുന്നായി ഉപയോഗിക്കുക . ആലോചിച്ചു ആചാരങ്ങളുടെ മഹനീയത. അന്ന് സദ്യ കഴിഞ്ഞ്‌ , ആദിവാസി മൂപ്പന്‌ ഒരു കൊട്ടയിൽ ചോറ്‌ നൽകും .അദേഹം അതും എടുത്ത്‌ ആഹാരം മതിയോ എന്ന് മൂന്ന് പ്രാവശ്യം വിളിച്ച്‌ പറഞ്ഞ്‌ കൊട്ടയും കൊണ്ട്‌ പടിപ്പുര കടന്ന് പോകും . അതോടെ സർവ്വാണി സദ്യ അവസാനിക്കും . കാലങ്ങളായി നടക്കുന്ന ഈ ചടങ്ങ്‌ കാടിന്റെ മക്കളും കോവിലകവുമായുള്ള ബന്ധത്തെയും കൂടി സൂചിപ്പിക്കുന്നു. അത്‌ പോലെ പാട്ടുത്സവത്തിന്റെ അഞ്ചാം ദിനം കരുവൻ കാവിൽ പാലും വെള്ളരി എന്നൊരു ചടങ്ങ്‌ നടക്കാറുണ്ട്‌ . പണ്ട്‌ കാലത്ത്‌ നാട്ടിൻപ്പുറത്തെ ഭഗവതി ക്ഷേത്രങ്ങളിൽ നിന്നുള്ള പതിനെട്ടര കോമരങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കുമായിരുന്നു . നാട്ടിൽ പകർച്ച വ്യാധികൾ വരാതിരിക്കാൻ മൂർത്തികളെ പ്രീതിപ്പെടുത്താ വേണ്ടി നൂറ്റാണ്ടുകളായി നടക്കുന്ന ചടങ്ങാണിത്‌. ഇന്നും അത്‌ മുറ പോലെ നടക്കുന്നു.നിലമ്പൂർ വേട്ടക്കൊരു മകൻ ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധിയേറിയ വേട്ടക്കരൻ ക്ഷേത്രമാണ്‌ . നിലമ്പൂർ പാട്ടുത്സവം നാടിന്റെയും കാടിന്റെയും കൂടി ഉത്സവമാണ്‌.

നിലമ്പൂർ കോവിലകക്കാരുടെ പരദേവത തിരുവളയനാട്ട്‌ ഭഗവതിയാണ്‌. വല്ലിയ കോവിലകത്ത്‌ വാളും കെടാവിളക്കും വച്ചാരാധനയുണ്ട്‌. നവരാത്രി ഒൻപത്‌ ദിവസവും ശാക്തേയ പൂജ പതിവുണ്ട്‌ . ഇഷ്ടദേവത വേട്ടക്കരൻ ആണ്‌ . പുതിയ കോവിലകത്തെ മച്ചിൽ ശ്രീ ചക്രം സ്ഥാപിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുന്നെ തന്ത്രി കുടുംബമായ കിഴക്കുമ്പാട്ടു നിന്ന് സന്യാസി ആയ പോലെ ഒരു ദിവ്യൻ ആണ്‌ മച്ചിൽ തങ്കത്തകിടിൽ തീർത്ത ശ്രീചക്രം സ്ഥാപിച്ചത്‌.രണ്ട്‌ നേരം മച്ചിൽ വിളക്ക്‌ വയ്ക്കും. എല്ലാ മാസവും വെളുത്ത തൃതീയക്ക്‌ പാൽപ്പായസം നിവേദ്യമടക്കം വൈഷ്ണപൂജ പതിവുണ്ട്‌

ഐരാവത സമൻ ഗുരുവായൂർ കേശവനും നിലമ്പൂർ കോവിലകത്തെ ആനകളും-

1921 ലെ ലഹളക്കാലം. കോവിലകത്തെ സ്ത്രീ ജനങ്ങൾ എല്ലാം വേട്ടക്കരൻ ക്ഷേത്രത്തിൽ തൊഴാൻ ചെന്ന നേരം . ലഹളക്കാർ കോവിലകം ലക്ഷ്യമാക്കി വരുന്നു എന്ന വിവരം അവർക്ക്‌ കിട്ടി . എല്ലാവരും ഭയചകിതരായി ക്ഷേത്രത്തിന്റെ ഉള്ളിൽ ഇരുന്നു . അന്നത്തെ കാരണവരായ ഒരു തമ്പാട്ടി ഗുരുവായൂർ കണ്ണനോട്‌ ഉള്ളുരുകി പ്രാർത്ഥിച്ചു. ലഹളക്കാർക്ക്‌ തങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ലെൽ ഭഗവാന്‌ ഒരു ആനയെ സമർപ്പിക്കാം എന്നു . ഭഗവാന്റെ അനുഗ്രഹത്താൽ ലഹളക്കാർ ക്ഷേത്രത്തിലേക്ക്‌ പ്രവേശിക്കാനോ , ഒന്നിനും സാധിച്ചില്ലാ . ആ പ്രാർത്ഥന നിറവേറ്റാനായി,അന്ന് നിലമ്പൂർ കോവിലകത്തുള്ളവരുടെ കണ്ണിലുണ്ണിയായ എവറസ്റ്റ്‌ എന്ന ആനക്കുട്ടിയെ ഭഗവാന്‌ കോവിലകത്തെ കാരണവർ നടയ്ക്കിരുത്തി . അന്ന് നടയ്ക്കിരുത്താൻ 28 രൂപ നാലണയാണ്‌ കോവിലക്കാർക്ക്‌ ചിലവായത്‌. ആ ആനയാണ്‌ ഐരാവത സമൻ , കൃഷ്ണപ്രിയൻ , ഗജരാജൻ ഗുരുവായൂർ കേശവൻ . ഭഗവാനോളം തന്നെ പുണ്യം ചെയ്ത ജന്മം. ഗുരുവായൂരപ്പന്‌ ആദ്യം നടയ്ക്കിരുത്തി കിട്ടിയ ആന കേശവൻ ആണെന്ന് കരുതുന്നു. ഗുരുവായൂർ കേശവനെ അറിയാത്ത മലയാളികൾ ഉണ്ടൊ .

ഒരു കാലത്ത കോവിലകത്ത്‌ എഴുപത്തി രണ്ടോളം ആനകൾ ഉണ്ടായിരുന്നു . കാരണം കാടിന്റെ ഉടകൾ കോവിലകക്കാരായിരുന്നല്ലോ . കാട്ടിൽ നിന്ന് ആനകളെ ധാരാളം ലഭിക്കുമായിരുന്നു . അതിൽ ഏറ്റവും എന്നെ അദ്ഭുതപ്പെടുത്തിയ രണ്ടാം ലോക മഹായുദ്ധകാലത്ത്‌ കോവിലകത്തെ പതിനേഴോളം ആനകൾക്ക്‌ റേഷൻ കാർഡുണ്ടായിരുന്നു എന്നതാണ്‌ .ലഹളക്കാലത്ത്‌ നിലമ്പൂരിലെ മുസ്ലീം സഹോദരങ്ങൾ എല്ലാം കോവിലകത്തിന്റെ സംരക്ഷണത്തിനായി ഉണ്ടായിരുന്നു. ലഹളക്കാർ എല്ലാം വന്നത്‌ അന്യ ദേശത്ത്‌ നിന്നായിരുന്നു .1921 ലെ ലഹള സമയത്ത്‌ നിലമ്പൂർ കോവിലകത്തെ സകല അംഗങ്ങളും തൃശൂർ ശക്തൻ തമ്പുരാൻ പാലസിൽ കൊച്ചി രാജാവിന്റെ അഥിതികളായി ചെന്നു . അന്ന് ഒരു മൊയ്തീൻ എന്ന് പേരുള്ള വ്യക്തിയായിരുന്നു കോവിലകാംഗങ്ങളെ തോണിയിൽ ചാലിയാറിലൂടെ ഫറോക്കിലേക്ക്‌ എത്തിച്ചത്‌. ഫറോക്കിൽ നിന്നാണവർ തൃശൂർക്ക്‌ ചെന്നത്‌. ആ മൊയ്തീൻ എന്ന വ്യക്തിയോടുള്ള നന്ദി സൂചകമായി കോവിലകം പാർട്ടീഷൻ കഴിയുന്നത്‌ വരെ അവരുടെ കുടുംബത്തിന്‌ ജീവിക്കാനുള്ള നെൽ നൽകിയിരുന്നു. കോവിലക്കാർ എല്ലാം തൃശൂർ പോയ സമയം റോഡ്‌ മാർഗ്ഗം ആനകളെയും കോയമ്പത്തൂർ നിന്നുള്ള ഒരു ചെട്ടിയാർ തൃശൂർക്ക്‌ എത്തിച്ചു .

ആനകളെ അന്ന് കെട്ടിയിരുന്നത്‌ തേക്കിൻ ക്കാട്‌ മൈതാനിയിലായിരുന്നു . അന്ന് അവിടെ ചിലവിനായി രണ്ടാനകളെ ലേലം ചെയ്യുകയും ചെയ്തിരുന്നു. അന്ന് തൃശൂർ ശക്തൻ തമ്പുരാൻ പാലസിൽ വച്ച്‌ കോവിലകത്തെ കാരണവർ മരണപ്പെട്ടു. സ്വന്തം മണ്ണിൽ മാത്രെ കാരണവരെ ദഹിപ്പിക്കാൻ പാടൂ എന്നൊരു നിയമമുള്ളതിനാൽ കൊച്ചി തമ്പുരാനിൽ നിന്ന് പാലസ്സിൽ ആറടി നീളത്തിൽ മൂന്ന് അടി വീതിയിൽ ഭൂമി വാങ്ങി, അവിടെ നിലമ്പൂർ കോവിലകത്തെ കാരണവരുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. ഇന്നും തൃശൂർ ശക്തൻ തമ്പുരാൻ പാലസിൽ ചെന്നാൽ തമ്പുരാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം നമുക്ക്‌ കാണാം .

ഏറനാടിന്റെയും നിലമ്പൂരിന്റെയും വളർച്ചയിൽ നിലമ്പൂർ കോവിലകത്തിന്‌ വല്ലിയ പങ്കാണുള്ളത്‌. നിലമ്പൂർ കാട്‌ എന്ന വനസമ്പത്ത്‌ ഇന്നും ഇങ്ങനെ എങ്കിലും നിള നിൽക്കണ കാരണം കോവിലകത്തിലെ ചില വ്യക്തികൾ എടുത്ത മുൻ കരുതൽ കൊണ്ടാണ്‌. ഇനി വരുന്ന ഭാഗങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കത്‌ മനസിലാകും .

പണ്ട്‌ കാലത്ത്‌ കോവിലകത്തുള്ളവർക്ക്‌ അസുഖം വന്നാൽ കോഴിക്കോടാണ്‌ പോകാറുള്ളത്‌. അതിനുള്ള സൗകര്യം കോവിലകത്തുണ്ടായിരുന്നു. സാധാരണക്കാരായ നിലമ്പൂർക്കാർക്ക്‌ അസുഖം വന്നാൽ ചികിത്സിക്കാൻ അവിടെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലാ . ആ പ്രശ്നത്തിന്‌ അറുതി വരുത്താനായി അന്നത്തെ കാരണവർ ഒന്നര ഏക്കർ സ്ഥലത്തിൽ ഒരു ക്ലീനിക്ക്‌ നിലമ്പൂരിൽ നിർമ്മിച്ചു. അവിടെ തളിപ്പറമ്പിൽ നിന്നുള്ള കുഞ്ഞമ്പു എന്ന ഡോക്ടറെ നിയമിക്കുകയും , അദേഹത്തിന്‌ താമസിക്കാൻ ഒരു ക്വാർട്ടേഴ്സും നിർമ്മിച്ചു കൊടുത്തു.ആ ഹോസ്പിറ്റൽ ആണ്‌ ഇന്നത്തെ നിലമ്പൂർ താലൂക്ക്‌ ഹോസ്പിറ്റൽ. അത്‌ പോലെ നിലമ്പൂരിൽ പോലീസ്‌ സ്റ്റേഷൻ നിർമ്മിക്കാനായി അര ഏക്കർ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു .നിലമ്പൂരിൽ റെയിൽ വേ സ്റ്റേഷൻ നിർമ്മാണത്തിനായി 150 ഏക്കർ സ്ഥലം നിലമ്പൂർ കോവിലകം റയിൽവേക്ക്‌ കൈമാറ്റം നടത്തി . നിലമ്പൂരിലെ ജനങ്ങൾക്ക്‌ വൈദ്യുതി ലഭിക്കാനായി 1952 ഇൽ ഊട്ടി- ഗൂഡല്ലൂർലെ പൈക്കാറ ഹൈഡ്രോ ഇൽക്ട്രിക്‌ പ്രൊജക്ടിൽ നിന്ന് വൈദ്യുതി ലഭിക്കാൻ 1300 ഓളം തേക്കിൻ ഇലക്ട്രിക്ക്‌ പോസ്റ്റുകൾ കോവിലം നൽകി. 1953 ഇൽ നിലമ്പൂരിൽ വൈദ്യുതി ലഭിച്ചു. നിലമ്പൂർ സർവ്വീസ്‌ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ സ്ഥാപിക്കാൻ മുൻ കൈ എടുത്തവരിൽ കോവിലകത്തെ അംഗങ്ങളും ഉണ്ടായിരുന്നു.

നിലമ്പൂരിൽ ഇന്ന് കാണുന്ന വികസനങ്ങൾക്കെല്ലാം തുടക്കം കുറിച്ച വ്യക്തി എന്നോ , അതുമല്ലെൽ ആധുനിക നിലമ്പൂരിന്റെ പിതാവെന്നൊ നമുക്ക്‌ വിളിക്കാവുന്ന മഹാത്മാവായിരുന്നു ശ്രീ മാനവേദൻ രാജ .അദേഹത്തിന്‌ മാത്രമെ നിലമ്പൂർ കോവിലകത്ത്‌ രാജ പട്ടം ലഭിച്ചിട്ടുള്ളൂ.അദേഹത്തിന്‌ മാത്രമെ നിലമ്പൂർ കോവിലകത്ത്‌ രാജ പട്ടം ലഭിച്ചിട്ടുള്ളൂ. നല്ല വായനശീലവും ലോക വിവരവും ഇദേഹത്തിനുണ്ടായിരുന്നു . 1922 ഇൽ കോവിലകത്തിന്റെ തമ്പുരാൻ ആയി അവരോധിക്കപ്പെട്ട ശ്രീ മാനവേദൻ രാജയുടെ ദീർഘ വീക്ഷണമാണ്‌ നിലമ്പൂരിനെ ഇന്ന് കാണുന്ന നിലമ്പൂരാക്കി മാറ്റിയത്‌. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കാനായി സ്കൂൾ തുടങ്ങിയ അദ്ദേഹം ( ഇന്നത്തെ ഗവൺമന്റ്‌ മാനവേദൻ സ്കൂൾ) നിലമ്പൂരിൽ റെയിൽ വേ സ്റ്റേഷൻ വരുവാനായും , ആശുപത്രി , പാലങ്ങൾ,തുടങ്ങിയവയും നിർമ്മിച്ചു . നാട്ടിൽ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനായി അദേഹം ശ്രമിച്ചിരുന്നു .കേരളകലാമണ്ഡലത്തിന്റെ നിർമ്മാണത്തിൽ ശ്രീ മാനവേദൻ രാജയുടെ പങ്ക്‌ വലുതാണ്‌ . വള്ളത്തോളും മുകുന്ദ രാജയും കൂടി കലാമണ്ഡലം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ തമ്പുരാനെ കാണുകയും , അതിന്‌ പരിഹാരമായി തമ്പുരാന്റെ നേതൃത്വത്തിൽ 1930 ഇൽ ഗുരുവായൂരിൽ വച്ചു നറുക്കെടുപ്പ്‌ നടത്തുന്ന പോലെ ഭാഗ്യക്കുറി തുടങ്ങി . രണ്ട്‌ ലക്ഷം ഭാഗ്യക്കുറി അടിക്കുകയും,ഒരു രൂപ ഒരു ടിക്കറ്റിന്‌ വിലയിടുകയും, ഒന്നാം സമ്മാനം 12000 ഉറുപ്പിക എന്നും നിശ്ചയിച്ചു.നറുക്കെടുപ്പ്‌ വൈകിയപ്പോൾ പല അപസ്വരങ്ങൾ ഉയർന്നപ്പോൾ തമ്പുരാൻ ഇങ്ങനെ പറഞ്ഞുവത്രെ. വൈകി എങ്കിലും ഈ നറുക്കെടുപ്പ്‌ അതിന്റെ സംഘാടകർ നടത്തും .പുതുക്കിയ നറുക്കെടുപ്പ്‌ അറിയിച്ചിട്ടുണ്ട്‌ , ചില സാങ്കേതിക കാരണങ്ങളാലാണ്‌ ഇത്‌ സംഭവിച്ചത്‌. ആ ദിവസവും നടത്താതിരുന്നാൽ ഭാഗ്യക്കുറി എടുത്തവർക്കെല്ലാം പണം തിരിച്ച്‌ തരുമെന്നും തമ്പുരാൻ അറിയിച്ചു .

ആ ഒരൊറ്റ വാക്കാണ്‌ കലാമണ്ഡലം ഇന്നിങ്ങനെ നമുക്ക്‌ കാണാൻ ഇടയാക്കിയത്‌.മലബാർ കോൺഗ്രസ്സിൽ അംഗമായിരുന്ന തമ്പുരാൻ ഹോറൂൾ പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു.മഞ്ചേരിയിൽ വച്ചു മലബാർ കുടിയാൻ സമ്മേളനത്തിന്‌ നേതൃത്വം കൊടുത്ത തമ്പുരാൻ വേദിയിൽ ഇരിക്കാതെ, സദസ്സിൽ സാധാരണക്കാരനായി ഇരുന്നപ്പോൾ സംഘാടകർ വിഷമിച്ച്‌ പോവുകയും അതിനുത്തരമായി തമ്പുരാൻ പറഞ്ഞത്‌ ഞാനും ഒരു കുടിയാൻ ആണെന്നായിരുന്നു . ആലോചിച്ചു നോക്കൂ തമ്പുരാന്റെ ലാളിത്യം , എളിമ .ലഹള നടക്കണ കാലത്ത്‌ പുഴക്കടവിൽ ഒരു കരച്ചിൽ കേട്ട തമ്പുരാൻ കാര്യസ്ഥനോട്‌ കാര്യം തിരക്കി വരാൻ പറഞ്ഞു . കാര്യസ്ഥൻ കടവിൽ ചെന്ന് കണ്ട കാഴ്ച്ച ഭയാനകമായിരുന്നു . ഒരു വെളുത്തേടനും ഭാര്യയും വധിക്കപ്പെട്ടിരിക്കുന്നു . ഒരു കൊച്ചു കുഞ്ഞ്‌ അവിടെ ഇരുന്നു നിലവിളിക്കുന്നു . ആ ദമ്പതികളുടെ മകളായിരുന്നു ആ കുഞ്ഞ്‌. കാര്യസ്ഥൻ ഉടൻ കാര്യം തമ്പുരാനോട്‌ അവതരിപ്പിച്ചു. ഉടൻ തന്നെ തമ്പുരാൻ ആ കൊച്ചു കുഞ്ഞിനെ കോവിലകത്തേക്ക്‌ കൂട്ടി കൊണ്ടു വരികയും തന്റെ മക്കളോടൊപ്പം , വളർത്തി, പഠിപ്പിച്ച്‌ , നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയയ്ച്ചു . സ്വന്തം മകളെ പോലെ തന്നെ അദേഹം ആ കുട്ടിയെ നോക്കി . തമ്പുരാൻ എന്ന വാക്ക്‌ പൊന്നാക്കിയ മഹാത്മാവ്‌ തന്നെ അല്ലെ ശ്രീ മാനവേദൻ രാജ . കലാസ്വാദകൻ ആയിരുന്ന തമ്പുരാൻ കഥകളി ,കൂത്ത്‌, തുള്ളൽ , കൂടിയാട്ടം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്കെല്ലാം കോവിലകത്ത്‌ വേദിയൊരുക്കയും ചെയ്തിരുന്നു. ഇന്നും കോവിലകക്കാർ ആ വഴിയിൽ തന്നെ സഞ്ചരിച്ച്‌ കലകളെ പ്രോത്സാഹിപ്പിച്ച്‌ പോരുന്നു.

നിലമ്പൂർ കോവിലകത്തെ അംഗമായ ശ്രീ ടി എൻ. ഗോദവർമ്മൻ തിരുമുൽപ്പാട്‌ ( 1929-2016) കാടുകളുടെ തമ്പുരാൻ എന്നും അതുമല്ലെൽ ഇന്ത്യൻ പരിസ്ഥിതി വ്യവസ്ഥയ്ക്ക്‌ വഴികാട്ടിയായ മഹത്‌ വ്യക്തിത്വം എന്നും അറിയപ്പെടുന്നു . ആരാണ്‌ ശ്രീ ഗോദവർമ്മൻ തിരുമുൽപ്പാട്‌ എന്നറിയണമെങ്കിൽ ഗൂഗിളിൽ അദേഹത്തിന്റെ നൂറു കണക്കിന്‌ ലേഖനങ്ങൾ കാണാനാകും നമുക്ക്‌.

വനത്തിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ച് വിൽപ്പന നടത്തുന്ന പരിസ്ഥിതി നാശത്തിനെതിരെ 1995ൽ ഗോദവർമ്മൻതിരുമുൽപ്പാട് സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ് രാജ്യത്തെ വനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ ഉത്തരവായി മാറിയത്.ടി എൻ ഗോദവർമ്മൻ തിരുമുൽപ്പാട്‌ വേഴ്സസ്‌ യൂണിയൻ ഓഫ്‌ ഇന്ത്യ ഡബ്ല്യൂ പി ( സി)202/95 എന്ന പ്രശസ്തമായ കേസും വനത്തിൽ നിന്നും ഒരുതരത്തിലുള്ള മരങ്ങളും കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ മുറിക്കരുത് എന്ന വിധിന്യായവും ഇന്ത്യൻ വനനിയമത്തിന്റെ കാതലാണ്.ഒരു കാലത്ത്‌ കോവിലകത്ത്‌ സംരക്ഷണത്തിലായിരുന്ന നിലമ്പൂർ/ നീലഗിരി വനങ്ങൾ പിന്നീട്‌ സർക്കാർ ഏറ്റെടുക്കയും , ഒരിക്കൽ തിരുമുൽപ്പാട്‌ സർക്കാർ ഏറ്റെടുത്തിട്ടും വനത്തിൽ നിന്നും ധാരാളം മരങ്ങൾ മുറിച്ച്‌ കടത്തി കൊണ്ടു പോവുകയും, വനം നശീകരണം നടക്കുന്നു എന്നറിയുകയും, ആ ദുരവസ്ഥ നേരിട്ട്‌ കാണുകയും വിഷണ്ണനാവുകയും ചെയ്തഅദ്ദേഹം നീലഗിരി കാടുകളിൽ വനം മാഫിയ നടത്തുന്ന കൊള്ളയ്ക്കെതിരെ,1995 ഇൽ സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജ്ജി നൽകുകയും , 1996ഇൽ ആ കേസിന്‌ വന്ന വിധി 80ലെ വനനിയമവും, 78ലെ മൃഗസംരക്ഷണനിയമത്തിലും പ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതിന്‌ കാരണമായി.1996 ൽ വന്ന സുപ്രീംകോടതി നിയമം മൂലം വനഭൂമി എന്നാൽ എന്താണെന്നും അതിന്‌ കൃത്യമായ നിർ വചനം കൊടുക്കയും ചെയ്തപ്പോൾ സംരക്ഷിക്കപ്പെട്ടത്‌ നമ്മുടെ പ്രകൃതിയും , സുവർണ രേഖകളിൽ എഴുതപ്പെട്ടത്‌ ശ്രീ ടി എൻ ഗോദവർമ്മൻ തിരുമുൽപ്പാടിന്റെ നാമവും കൂടിയാണ്‌ . മാഫിയകൾ വനം വെട്ടുന്ന ദൃശ്യങ്ങൾ വക്കീലും തിരുമുൽപ്പാടും ചേർന്ന് ആരുമറിയാതെ പകർത്തി അത്‌ സുപ്രീം കോടതിയിൽ സമർപ്പിക്കുകയും , ശ്രീ തിരുമുൽപ്പാട്‌ തന്നെ സുപ്രീം കോടതിയിൽ വാദിക്കുകയും ചെയ്തു , അഡ്വക്കറ്റ്‌ നമ്പ്യാർ ആയിരുന്നു അദേഹത്തിന്റെ വക്കീൽ. ‌ ശ്രീ തിരുമുൽപ്പാടിന്‌ സുപ്രീം കോടതിയെ കാരണങ്ങൾ കൃത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നു. പലപ്പോഴും അദേഹത്തിന്റെ നിയമവശങ്ങളെ കുറിച്ചുള്ള അറിവ്‌ ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.അതെല്ലാം കൊണ്ടാണ്‌ ഈ ഒരു നിയമം നിലവിൽ വന്നതും.ടി എൻ ഗോദവർമ്മൻ തിരുമുൽപ്പാട്‌ വേഴ്സസ്‌ യൂണിയൻ ഓഫ്‌ ഇന്ത്യ ഡബ്ല്യൂ പി ( സി)202/95 എന്ന പ്രമാദമായ കേസ്‌ രണ്ട്‌ വാള്യമായി ലോകോളേജ്‌ വിദ്യാർത്ഥികൾക്ക്‌ പഠിക്കാനുള്ള പുസ്തകം ആയി മാറി . അതൊരു ചരിത്രമായി.ഈ മഹാത്മാവിനെ മലയാളികൾക്ക്‌ അറിയുമൊ എന്നറിയില്ലാ .അദേഹം പോലുമറിയാതെ ഇന്നദേഹത്തെ ലോകം പഠിക്കുന്നു . ഡെറാഡൂൺ ഫോറസ്റ്റ്‌ ഇൻസ്റ്റിട്ട്യൂട്ടിലെ ഉദ്യോഗസ്ഥരും, ഇന്ത്യയിലെ നാനാ ഭാഗത്തെ പരിസ്ഥിതി സംബന്ധമായ ഉദ്യോഗസ്ഥരും മറ്റും അദേഹത്തെ കാണാൻ വരികയും, പ്രകൃതി സംരക്ഷിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിനും തങ്ങളുടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . ഒരു പ്രസിദ്ധനായ വ്യക്തി പറഞ്ഞത്‌ തിരുമുൽപ്പാടില്ലായിരുന്നെൽ ഇന്ത്യയിലെ കാടുകൾ എല്ലാം നശിച്ച്‌ പോയെനെ എന്നാണ്‌ . മലയാളികളെ ഇദേഹം നമുക്ക്‌ അഭിമാനമാണ്‌ ലോകത്തിന്‌ തന്നെ അഭിമാനമാണ്‌ . കാടിന്‌ വേണ്ടിയും , നമുക്ക്‌ വേണ്ടിയുമാണ്‌ അദേഹം തന്റെ ജീവൻ പോലും കൊടുക്കാൻ തയ്യാറായി പോരാടിയത്‌. ഇദേഹത്തെ നമുക്ക്‌ ഇന്ത്യൻ വന നിയമത്തിന്റെ പിതാവെന്ന് അഭിമാനത്തോടെ വിളിക്കാം.എന്റെ പ്രിയപ്പെട്ട സുഹൃത്തായ ശ്രീ രാജേന്ദ്ര വർമ്മാജിയുടെ പിതാവാണിദേഹം . ഈ പുണ്യാത്മാവിനെ പരിചയപ്പെടാൻ എനിക്കൊരിക്കൽ സാധിച്ചിട്ടുണ്ട്‌. അതൊരു വല്ല്യ ഭാഗ്യായി ഞാൻ കരുതുണു.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്രു നിലമ്പൂർ കോവിലകം സന്ദർശ്ശിച്ചിട്ടുണ്ട്‌ .അന്ന് വല്ലിയ കോവിലകത്താണ്‌ അദേഹം വിശ്രമിച്ചത്‌. ഇനിയും ഒരുപാടുണ്ട്‌ എഴുതാനുണ്ട്‌ നിലമ്പൂർ കോവിലകത്തിന്റെ സംഭാവനകളെ കുറിച്ചും , മറ്റും. പക്ഷെ എഴുത്തിന്‌ നീളം കൂടുമെന്നതിനാൽ ഇവിടെ നിർത്തുന്നു.ഈ ഒരു പാരഗ്രാഫുകൾ വായിച്ചാൽ പ്രിയർക്ക്‌ മനസിലാകും നിലമ്പൂർ കോവിലകത്തിന്റെ പ്രസക്തി

ഏകദേശം അഞ്ഞൂറോളം അംഗങ്ങൾ നിലമ്പൂർ കോവിലകം പരമ്പരയിൽ ഉണ്ട്‌ . ഇവരിൽ ഒരംഗമാണ്‌ നിലമ്പൂർ വേട്ടയ്ക്കൊരു മകനും. കോവിലകം പാർട്ടീഷ്യൻ നടക്കുമ്പോൾ ഒരു ഓഹരി വേട്ടയ്ക്കൊരു മകനായും അവർ മാറ്റി വച്ചു .ഇപ്പോഴത്തെ നിലമ്പൂർ കോവിലകത്തെ കാരണവർ ശ്രീ ടി . എൻ വിജയ വർമ്മ അദേഹവും , സ്ത്രീകളിൽ കാരണവർ എൻ കെ ഭാനുമതി തമ്പാട്ടിയും ആണ്‌.കഴിഞ്ഞ 34 വർഷമായി നിലമ്പൂർ പുതിയ കോവിലകത്ത്‌ വച്ച്‌ കുടുംബ സംഗമം നടക്കുന്നുണ്ട്‌ . അതും തുടർച്ചയായി .ഇന്നത്തെ കാലത്ത്‌ ഒരു തവണ കുടുംബ സംഗമം നടക്കുക എന്ന് വച്ചാലെ അദ്ഭുതാണ്‌ . ഈ ഒരുമ കോവിലകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുന്നു.

നിലമ്പൂർ പുതിയ കോവിലകത്തിൽ ഇപ്പോൾ താമസിക്കുന്ന കോവിലകത്തിന്റെ ഉടമസ്ഥാവകാശമുള്ള ശ്രീമതി തമ്പാട്ടിയും ഭർത്താവ്‌ ശ്രീ ചിറക്കൽ കോവിലകം രവി വർമ്മാജിയും ആണ്‌ . അവർക്ക്‌ രണ്ട്‌ മക്കൾ . മകൾ ശ്രീ വിദ്യ വർമ്മ – ഭർത്താവ്‌ ശ്രീ രവി വർമ്മ ( മക്കൾ അശ്വിൻ വർമ്മ . രുഗ്മിണി വർമ്മ) മകൻ വിനോദ്‌ വർമ്മ – ഭാര്യ ശ്രീജ ( മകൻ വിനോദ്‌) . രവി വർമ്മാജിയും കുടുംബവും കോവിലകം വളരെ മനോഹരമായി തന്നെ സൂക്ഷിക്കുന്നുണ്ട്‌ .

നിലമ്പൂർ കോവിലകത്തിന്റെ തറവാടായ നിലമ്പൂർ പുതിയ കോവിലകം ഇന്ന് അതിജീവനത്തിന്റെ പാതയിൽ ആണ്‌ . കാലത്തെ അതിജീവിച്ചെങ്കിലും ഇപ്രാവശ്യത്തെ പ്രളയ മഴ കുറച്ച്‌ നാശനഷ്ടങ്ങൾ പുതിയ കോവിലകത്ത്‌ വരുത്തി. എങ്കിലും അതെല്ലാം അതി ജീവിച്ച്‌, വീണ്ടും മനോഹരിയായി പുതിയ കോവിലകം . ഇത്രയും ചരിത്ര പ്രാധാന്യമുള്ള ,വാസ്തുവിദ്യയുടെ മകുടോദാഹരണമായ പുതിയ കോവിലകം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹെറിറ്റേജ്‌ ഹോം സ്റ്റേ കൂടിയാണ്‌ . അതിഥികളെ സ്വീകരിക്കാൻ മധു ഏട്ടനും കുടുംബവും അവിടെ ഉണ്ടാകും നിറഞ്ഞ പുഞ്ചിരിയോടെ . പഴമയുടെ ഭംഗി ഒട്ടും ചോരാതെ, സംസ്കാരവും പൈതൃകവും കാത്ത്‌ സൂക്ഷിച്ച്‌ ഈ ഹോം സ്റ്റേ നന്നായി പോകുന്നുണ്ട്‌ . ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുള്ളവർ ഇന്ന് നിലമ്പൂർ കോവിലകവും , നിലമ്പൂരിന്റെ പ്രകൃതി കാണുവാനായും പുതിയ കോവിലകത്ത്‌ വരുന്നുണ്ട്‌.ഇതൊരു ബിസിനസ്സ്‌ മാർഗ്ഗമല്ലാ . മറിച്ച്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള , ഇത്രയും ചരിത്ര പ്രാധാന്യമുള്ള നിലമ്പൂർ പുതിയ കോവിലകത്തിന്റെ അതിജീവനത്തിന്‌ വേണ്ടിയാണ്‌ . പുതിയ കോവിലകം ഹെറിറ്റേജ്‌ ഹോം സ്റ്റേയുടെ ലിങ്ക്‌ ചുവടെ കൊടുക്കുന്നു. ഹോം സ്റ്റേ ബുക്കിംഗ്‌ ഈ പേജിലൂടെയും ആവാം.
https://www.facebook.com/PuthiyaKovilakamHeritageHomeStay/

ഈ കോവിലകം നമ്മുടെ നാടിന്റെ അഭിമാനമാണ്‌ . അതെന്നും ഇങ്ങനെ നിലനിൽക്കുക തന്നെ വേണം.കഴിഞ്ഞ പ്രാവശ്യത്തെ മാമാങ്കത്തിന്‌ വേദിയായത്‌ പുതിയ കോവിലകമായിരുന്നു . ഞങ്ങൾ അമ്പതോളം പേർ അന്ന് അവിടെ ആയിരുന്നു താമസിച്ചിരുന്നു . ഇത്രയും ചരിത്ര പ്രാധാന്യമുള്ള നിലമ്പൂർ കോവിലകത്ത്‌ താമസിക്കുക എന്ന് വച്ചാൽ തന്നെ ഭാഗ്യല്ലെ ..ഇനിയും ഒരുപാട്‌ ‌ മാമാങ്കത്തിന്‌ പുതിയ കോവിലകം വേദിയാകും.മധു ഏട്ടനും കുടുംബവും നമുക്ക്‌ സ്വാഗതമേകിയിട്ടുണ്ട്‌. പുതിയ കോവിലകത്തിന്റെ അതിജീവനത്തിനായി മാമാങ്കം എന്നും കൂടെ ഉണ്ടാകും .കാരണം ചരിത്ര സ്മാരകങ്ങൾ എന്നും നിലനിൽക്കേണ്ടവയാണ്‌. കാലങ്ങൾ കഴിഞ്ഞാലും നിലമ്പൂർ കോവിലകത്തിന്റെ പ്രസിദ്ധമായ ആ പാറാവും, കോവിലകങ്ങളും ആഢ്യത്വത്തോടെ തലയുയർത്തി നിൽക്കും.