ആജീവനാന്ത വിലക്ക്: ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതിയുടെ നോട്ടീസ്. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ തെളിവായി ഫോണ്‍ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചു. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാലു ലക്ഷം ജിജു ജനാര്‍ദ്ധനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ തങ്ങളുടെ കൈവശമുണ്ടെന്നാണ് ബിസിസിഐ അറിയിച്ചത്.

ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ നടപടിയെടുത്തത്.