ആചാരങ്ങളുടെ വെടിയും പുകയും ചോരയും ചീറ്റുന്ന ചിത്രങ്ങൾക്കുമേൽ മഞ്ഞുതരികൾ വീഴുന്നത്‌ പോലെ കണ്മുന്നിൽ ആ കുഞ്ഞിപ്പെണ്ണിന്റെ ചിരി

ഡോ. ഷിംന അസീസ്

വാർത്തകളിൽ മുഴുവൻ ഹർത്താലിലെ ചിതറിയോട്ടവും ഏറും ആക്രോശങ്ങളും. ഇതെല്ലാം കൂടി കണ്ട്‌ മനം മടുത്ത്‌ സ്‌ക്രോൾ ചെയ്യുന്നതിനിടക്ക്‌ സഖാവ്‌ സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക്‌ പഠിക്കാനായി കൈമാറാനുള്ള സമ്മതപത്രം വിതുമ്പലോടെ ഒപ്പിട്ട്‌ കൈമാറുന്ന ഭാര്യ സീനയുടെ ചിത്രം കണ്ടു. ചാരേ അവളുടെ അമ്മയെ ചേർന്ന്‌ നിന്ന്‌
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആശ്വസിപ്പിക്കുന്ന മകൾ…

മറ്റൊരു ചിത്രത്തിൽ ഉറച്ച വലംകൈയിൽ സുരക്ഷിതമായ ലാൽ സലാം പേറി, ചുണ്ടിൽ ചെറുപുഞ്ചിരിയുമായി അന്തിമാഭിവാദ്യം അർപ്പിക്കുന്ന ആ ചെറിയ പെൺകുട്ടി.

“ഇല്ല ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന്‌ കേട്ട്‌ ഇതിന്‌ മുൻപ്‌ നെഞ്ച്‌ പിടഞ്ഞത്‌ ‘നാൻ പെത്ത കിളിയേ’ എന്ന്‌ അഭിമന്യുവിന്റെ അമ്മ ആർത്ത്‌ കരഞ്ഞ ദൃശ്യങ്ങളോടൊപ്പമാണ്‌. അതിന്‌ മുൻപ്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയൊരിക്കലും കാണില്ലാത്തൊരാൾ കരയിച്ചത്‌ അട്ടപ്പാടിയിൽ മനുഷ്യരെന്ന്‌ പേരുള്ള ചിലർ മധുവിനെ ഇല്ലാതാക്കിയപ്പോഴും… പാവം, വിശന്നിട്ടായിരുന്നല്ലോ…

ചില മരണങ്ങൾ പാർട്ടിക്കും പക്ഷത്തിനുമെല്ലാം അപ്പുറം ചിലരെ ചിരഞ്‌ജീവികളാക്കുന്നു. മരണമില്ലാത്ത മനുഷ്യർ, മനുഷ്യരായിരിക്കുന്നതിന്റെ അർത്‌ഥം കാണിച്ചു തരുന്നവർ…

എത്രയുറങ്ങാൻ നോക്കിയിട്ടും ആചാരങ്ങളുടെ വെടിയും പുകയും ചോരയും ചീറ്റുന്ന ചിത്രങ്ങൾക്കുമേൽ മഞ്ഞുതരികൾ വീഴുന്നത്‌ പോലെ ആ കുഞ്ഞിപ്പെണ്ണിന്റെ ചിരി കൺമുന്നിൽ വന്ന്‌ വീഴുന്നു.

ചേതനയാണവൾ. മകൾ !

ഡോ. ഷിംന അസീസ്