ആഗോള വ്യാപകമായി കനത്ത സമ്മര്‍ദം; ഇന്ത്യന്‍ ഓഹരിയും കൂപ്പുകുത്തുന്നു


ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1015 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 306 പോയിന്റില്‍ അധികം ഇടിഞ്ഞു. സെന്‍സെക്സ് 33,742ലും നിഫ്റ്റി 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.

അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന്‌ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. നികുതി കുറച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിരിച്ചടി നേരിട്ടത്. 2008 സപ്തംബറിന്‌ ശേഷമുള്ള ഏറ്റവും മോശം പ്രകടനത്തിനാണ് യുഎസ് ഓഹരി വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചിക 4.6ശതമാനം താഴ്ന്ന് 25,000ത്തില്‍ എത്തി. 1175 പോയിന്റിലും താഴെയാണ് ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ഏര്‍പ്പെടുത്തിയതുമൂലം കഴിഞ്ഞ കുറേ നാളുകളായി സെന്‍സെക്‌സ് കനത്ത ആഘാതം നേരിടുകയായിരുന്നു. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. പാദഫലം പുറത്തുവരുന്നതിന് മുമ്പായി ടാറ്റ മോട്ടേഴ്‌സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി.

ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്,് ഒഎന്‍ജിസി, വിപ്രോ, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.