ആക്രമിക്കപ്പെട്ട നടി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ‘അമ്മ’ സാഹചര്യമൊരുക്കണം: കുഞ്ചാക്കോ ബോബന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിംഗ് ആവശ്യത്തിന് രാത്രിയില്‍ യാത്ര തിരിച്ച യുവനടി ആക്രമിക്കപ്പെടുന്നു. രണ്ട് മണിക്കൂര്‍ നടിയുമായി കൊച്ചിയില്‍ കറങ്ങിയ സംഘം പാലാരിവട്ടത്ത് ഇവരെ ഉപേക്ഷിച്ചു.

തൃശൂരില്‍ നിന്ന് നടിയെ കൊച്ചിയിലെത്തിച്ച ഡ്രൈവര്‍ മാര്‍ട്ടിന്‍ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ എത്തിച്ചു. കാറിനകത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ആക്രമണം ക്വട്ടേഷനാണെന്ന് സംഘം പറഞ്ഞതായും നടി പരാതി നല്‍കി.

കേസിലെ പ്രതികളായ പള്‍സര്‍ സുനി അടക്കമുളളവര്‍ റിമാന്‍ഡിലാണ്. നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് നടന്‍ ദിലീപിന് മേല്‍ ചുമത്തിയത്. അറസ്റ്റിലായി ജയില്‍വാസത്തിന് ശേഷം ഇദ്ദേഹത്തിന് ജാമ്യം കിട്ടിയിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്.