ആകാശത്തെ ഇന്ധനം നിറക്കൽ – ഒരു ഫോഴ്സ് മൾട്ടീപ്ലയർ

ഋഷി ദാസ്. എസ്സ്

ആയുധങ്ങളുടെ പ്രഹര ശേഷിയും പ്രഹര പരിധിയും വളരെ വര്ധിപ്പിക്കാനുതകുന്ന സങ്കേതങ്ങളെയാണ് ഫോഴ്സ് മൾട്ടിപ്ലെയറുകൾ (force multiplier ) എന്ന് വിശേഷിപ്പിക്കുന്നത്.

ഉപഗ്രഹ ഗതിനിർണയ വിദ്യകളുപയോഗിച്ചു മിസൈലുകളുടെയും ഗൈഡഡ് ബോംബുകളുടെയും കൃത്യത വർധിപ്പിക്കുന്നത് ഫോഴ്സ് മൾട്ടീപ്ലയർ എന്ന സങ്കേതത്തിന്റെ ഏറ്റവും വലിയ ഒരുദാഹരണമാണ് . ഇവിടെ ഗതിനിർണയ ഉപഗ്രഹങ്ങൾ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ല. പക്ഷെ അവയുടെ പ്രവർത്തനം മറ്റു യുദ്ധോപകരണങ്ങളുടെ പ്രഹര കൃത്യത പലമടങ്ങു വർധിപ്പിക്കുന്നു.

പോർവിമാനങ്ങളുടെ വളരെ പ്രാധാന്യമേറിയ ഒരു അടിസ്ഥാന സാങ്കേതിക വസ്തുതയാണ് അവയുടെ കോംബാറ്റ് റേൻജ് അഥവാ കോംബാറ്റ് റേഡിയസ്. ഒരു വ്യോമ താവളത്തിൽ നിന്നും ആയുധങ്ങൾ വഹിച്ചുകൊണ്ട് ഒരു പോർവിമാനത്തിനു പറക്കാവുന്ന ഏറ്റവും കൂടിയ ദൂരമാണ് കോംബാറ്റ് റേൻജ് . കൂടുതൽ ഇന്ധനം നിറച്ചാൽ കുറച്ച് ആയുധങ്ങളെ മാത്രമേ വഹിക്കാനാകൂ. കൂടുതൽ ആയുധങ്ങൾ വഹിച്ചാൽ കൂടുതൽ ഇന്ധനം നിറക്കാനാവില്ല .

മാക്സിമം ടേക്ക് ഓഫ് വെയ്റ്റ് എന്ന ഭാരപരിധി കവിഞ്ഞാൽ പോർവിമാനത്തിനു പറന്നുയരാനും സാധിക്കില്ല . ഈ പരിമിതികൾ കാരണം പോർവിമാനങ്ങളുടെ കോംബാറ്റ് റേൻജ് പരിമിതമാണ്. ഒരു ഹെവി ഫൈറ്ററിനു ഏകദേശം 1500 കിലോമീറ്ററും ഒരു ലൈറ്റ് ഫൈറ്ററിനു ഏകദേശം 500 കിലോമീറ്ററുമാണ് സാധാരണ കോംബാറ്റ് റേൻജ്.

Related image

പക്ഷെ ആകാശത്തുവച്ചു ഇന്ധനം നിറക്കാനായാൽ പോർവിമാനങ്ങളുടെ കോംബാറ്റ് റേഡിയസ് ഇരട്ടിയോ മൂന്നിരട്ടിയോ ഒക്കെ ആക്കാനാകും. കൂടുതൽ ആയുധവും കുറച്ച് ഇന്ധനവുമായി പറന്നുയരുക. കുറേദൂരം പറന്ന ശേഷം ആകാശത്തു വച്ച് പരമാവധി ഇന്ധനം നിറക്കുക , ഈ രീതിയിൽ ഒന്നോ രണ്ടോ തവണ ആകാശത്തുവച്ചു ഇന്ധനം നിറച്ചാൽ 1000 കിലോമീറ്റർ കോംബാറ്റ് റേഡിയസ് ഉള്ള ഒരു പോർ വിമാനത്തിന്റെ കോംബാറ്റ് റേഡിയസ് 2000 -3000 കിലോമീറ്റർ വരെയാകും. പോർ വിമാനത്തിനു ഘടനാപരമായ ഒരു മാറ്റവും വരുത്താതെ തന്നെ അതിന്റെ റേൻജ് ഇരട്ടിയോ മൂന്നിരട്ടിയോ അതിലധികമോ ഒക്കെ ആകുന്നു. ഇങ്ങിനെയാണ് ആകാശത്തെ ഇന്ധനം നിറക്കൽ ഒരു ഫോഴ്സ് മൾട്ടിപ്ലയർ ആകുന്നത് .

പറയുന്നത് എളുപ്പമാണെങ്കിലും വളരെ സങ്കീർണമാണ് ആകാശത്തു വച്ചുളള ഇന്ധനം നിറക്കൽ. വലിയ യാത്രാവിമാനങ്ങളെയോ ചരക്കുവിമാനങ്ങളെയോ ഘടനാമാറ്റം വരുത്തിയാണ് ആകാശ ഇന്ധന ടാങ്കറുകളായി ഉപയോഗിക്കുന്നത്. യു. എസ് അവരുടെ പഴയ ബോയിങ് 707 യാത്രാവിമാനങ്ങളെ രൂപമാറ്റം വരുത്തിയാണ് കെ സി -135 എന്ന ടാങ്കർ വിമാനങ്ങൾ നിർമിച്ചത്.

റഷ്യ അവരുടെ ഇല്യൂഷിന്-76 ചരക്കുവിമാനത്തെ രൂപമാറ്റം വരുത്തി ഇല്യൂഷിന്-78 ടാങ്കർ വിമാനങ്ങൾ നിർമിച്ചു. ഈ ആകാശ ടാങ്കർ വിമാനങ്ങൾക്ക് 50 – 60 ടൺ ഇന്ധനം 2000 കിലോമീറ്റർ അകലേക്ക് കൊണ്ടുപോകാനാവും . ആറോ ഏഴോ ഹെവി ഫൈറ്ററുകൾക്ക് പൂർണമായും ഇന്ധനം നിറക്കാൻ ഇത് മതിയാവും. ഇങ്ങനെ ആകാശത്തിൽ വച്ച് ഇന്ധനം നിറച്ചാൽ ലൈറ്റ് ഫൈറ്ററുകൾക്കുപോലും ഹെവി ഫൈറ്ററുകളുടെ കോംബാറ്റ് റേൻജ് കൈവരിക്കാം. ഹെവി ഫൈറ്ററുകൾക്ക് വേണമെങ്കിൽ ദീർഘദൂര ബോംബേറുകൾക്ക് സമാനമായ പ്രഹരപരിധി ഈ പ്രക്രിയയിലൂടെ കൈവരിക്കാം.

Related image

ഇന്ത്യ ഇല്യൂഷിന്-78 ആകാശ ടാങ്കർ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട് . ഇവയിടെ ഉപയോഗത്തിലൂടെ നമ്മുടെ സുഖോയ് -30 MKI കളുടെ കോംബാറ്റ് റേൻജ് 1500 കിലോമീറ്ററിൽ നിന്നും 4000 -5000 കിലോമീറ്റർ വരെയായി വർദ്ധിപ്പിക്കാം .

ആകാശ ഇന്ധനം നിറക്കൽ വളരെ ചെലവേറിയ ഒരു പ്രക്രിയയാണ് . ആകാശത്തു വച്ച് ഇന്ധനം നിറക്കാനുള്ള ചെലവ് ഭൂമിയിൽ വച്ച് നിറക്കുന്നതിന്റെ പല മടങ്ങ് ചെലവേറിയതാണ് . അതിനാൽ തന്നെ സാധാരണ സാഹചര്യങ്ങളിൽ സ്ഥിരമായി ആകാശ ഇന്ധനം നിറക്കൽ നടത്താറില്ല .

ആകാശ ഇന്ധനം നിറക്കലിനുളള കഴിവ് ആര്ജിക്കുകയും , നിലനിർത്തുകയും ,അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുകയുമാണ് മിക്ക രാജ്യങ്ങളും ചെയ്യുന്നത്.