അൽഷിമേഴ്‌സ് ഗ്രാമം ഒരുക്കാൻ ഫ്രാൻസ്

പാരീസ് : അല്‍ഷിമേഴ്‌സ് രോഗികള്‍ക്കായി ഫ്രാന്‍സില്‍ അല്‍ഷിമേഴ്‌സ് ഗ്രാമം ഒരുക്കുന്നു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 2019 അവസാനത്തോടെ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 120 തോളം അല്‍ഷിമേഴ്‌സ് രോഗികള്‍ ഗുണഭോക്താക്കൾ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി രോഗികള്‍ക്ക് ഇത് ആശ്രയമാകുമെന്ന് ന്യൂറോളജിസ്റ്റായ പ്രൊഫസര്‍ ഫ്രാന്‍കോയീസ് ഡാര്‍ട്ടിഗ്യൂസ് പറയുന്നത്. ഒരു ലക്ഷത്തില്‍ അധികം അല്‍ഷിമേഴ്‌സ് രോഗികള്‍ ഫ്രാന്‍സിലുണ്ട്. മുന്‍പ് നെതര്‍ലന്റില്‍ സമാനമായ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫ്രാന്‍സ് അല്‍ഷിമേഴ്‌സ് ഗ്രാമം എന്ന പദ്ധതിയുമായി രംഗത്തുവന്നത്.

യാതൊരു ചട്ടക്കൂടുമില്ലാതെ തുറന്ന ഘടനയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഗവേഷകരും 100 ഓളം പരിചാരകരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും രോഗികളോടൊപ്പം ഈ ഗ്രാമത്തില്‍ താമസിക്കും. ആശുപത്രിയുടെ അന്തരീക്ഷത്തില്‍ നിന്നും രോഗികളെ പൂര്‍ണമായും മാറ്റി നിർത്തി പരിചരിക്കുകയാണ് ലക്ഷ്യം. ഡോക്ടര്‍മാരടക്കം എല്ലാവരും ആശുപത്രി ചികിത്സാ രീതികളില്‍നിന്നും വ്യത്യസ്തമായായിരിക്കും പെരുമാറുക.