‘അൺബോക്സിങ്’ വിഡിയോ; 7 വയസ്സുകാരൻ റയാൻ യൂട്യൂബിൽ നിന്നും സമ്പാദിച്ചത് 155 കോടി

ന്യൂയോർക്ക്: ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് യുഎസ്സിൽ നിന്നുള്ള 7 വയസ്സുകാരൻ റയാൻ. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരപരിചിതനായ റയാൻ 22 മില്യൻ യുഎസ് ഡോളറാണു (155 കോടി രൂപ) ഈ വർഷം സമ്പാദിച്ചത്. ഫോർബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാർസ് 2018’ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് യുഎസ്സിൽ നിന്നുള്ള ഈ കുട്ടി.

പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യൂട്യൂബിൽ ഇന്നു സർവസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അൺബോക്സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയിൽ റയാൻ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളിൽ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ് നടൻ ജെയ്ക് പോളാണു പട്ടികയിൽ രണ്ടാം സ്ഥാനത്ത്.