അസ്‌ഥികൾ കഥ പറയും, ശാസ്‌ത്രത്തിന്റെ ഭാഷയിൽ

ഡോ. ഷിംന അസീസ്

രാത്രി വെറുതേ വഴീക്കൂടെ നടക്കുമ്പോൾ ഒരാൾ പിറകീന്ന്‌ തോണ്ടി വിളിച്ചൂന്ന്‌ വെക്കുക. തിരിഞ്ഞ്‌ നോക്കുമ്പോൾ ദേ നിൽക്കുന്നു ഒത്ത ഒരു അസ്‌ഥികൂടം. ”അയ്യോ!…” എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. കാരണം എന്താന്നറിയോ? അസ്‌ഥികൂടങ്ങൾ ചിത്രങ്ങളിലും സിനിമകളിലും മാത്രമേ എഴുന്നേറ്റ്‌ വരൂ. അസ്‌ഥികൂടങ്ങളെ ഭീകരജീവികളാക്കുന്നത്‌ വെറും അന്ധവിശ്വാസമാണ്‌. യഥാർത്ഥ ജീവിതത്തിൽ അവ പഞ്ചപാവങ്ങളാണ്‌. അസ്‌ഥികൂടത്തിന്‌ മീതെയുള്ള മാംസപേശികളും ജീവനുമില്ലാതെ ഒരിടത്തും അസ്‌ഥികൂടങ്ങൾ നിലനിൽക്കില്ല. ഇത്രേം പറഞ്ഞ സ്‌ഥിതിക്ക്‌ നമുക്കിന്ന്‌ ഈ അസ്‌ഥിക്കൂമ്പാരത്തിന്റെ ഒപ്പമിരുന്ന്‌ #SecondOpinion വകുപ്പിൽ വല്ലതും മീണ്ടീം പറഞ്ഞുമിരിക്കാം.

നമ്മൾ ജനിക്കുന്ന സമയത്ത്‌ നമുക്ക്‌ 270 അസ്‌ഥികളാണുള്ളത്‌. ഇവയെല്ലാം തന്നെ വളർന്നും കൂടിച്ചേർന്നും ഒന്നായും ഒടുക്കം പ്രായപൂർത്തിയെത്തുന്ന കാലമാകുമ്പൊഴേക്ക്‌ ആകെ മൊത്തം 206 അസ്‌ഥികളായി എണ്ണം ചുരുങ്ങും. എണ്ണം ചുരുങ്ങിയത്‌ കൊണ്ട്‌ അവരുടെ ശക്‌തി കുറയുകയല്ല, പകരം ബലമുള്ളൊരു ചട്ടക്കൂടായി മാറുകയാണ്‌ ചെയ്യുക. ശരീരത്തിന്‌ സപ്പോർട്ട്‌ നൽകാനും, ശരീരത്തിന്‌ ആകൃതി നൽകാനും, ആന്തരികാവയവങ്ങളെ സംരക്ഷിക്കാനും, രക്‌തകോശങ്ങളെ ഉൽപാദിപ്പിക്കാനുമെല്ലാം കൈമെയ്‌ മറന്ന്‌ ഉൽസാഹിക്കുന്ന ആളാണ്‌ നമ്മുടെ അസ്‌ഥികൂടം. നമ്മുടെ വലിയ അസ്‌ഥികളുടെ മജ്ജക്കകത്താണ്‌ ചുവന്ന രക്‌താണുക്കളും ശ്വേത രക്‌താണുക്കളും പ്ലേറ്റ്‌ലറ്റുകളുമൊക്കെ പിറവി കൊള്ളുന്നത്‌. ഇതൊന്നും പോരാഞ്ഞിട്ട്‌ പല ലവണങ്ങളും സൂക്ഷിക്കുന്നയിടം കൂടിയാണ്‌ എല്ലുകൾ.

എല്ലിന്റെ വളർച്ചക്കും ബലത്തിനും ധാരാളം കാൽസ്യവും വൈറ്റമിൻ ഡിയുമൊക്കെ ആവശ്യമുണ്ട്‌. സൂര്യപ്രകാശത്തിൽ നിന്നുമാണ്‌ വൈറ്റമിൻ ഡി പ്രധാനമായും ലഭിക്കുക എന്നറിയാമല്ലോ? അപ്പോൾ മുഴുവൻ സമയവും ജോലിയും തിരക്കുമായി ഇരിക്കാതെ കുറച്ച്‌ നേരം വെയില്‌ കൊള്ളാനൊക്കെ ശ്രമിക്കണം. നട്ടുച്ചവെയിലിൽ നിന്ന്‌ കരിഞ്ഞു പോകുന്ന കാര്യമല്ല. രാവിലെയും വൈകുന്നേരവുമുള്ള വെയിൽ കൊള്ളാറുണ്ടോ? അത്‌ ധാരാളം മതി. പിന്നെ, ഇച്ചിരെ പാലും തൈരും റാഗിയുമൊക്കെ കഴിക്കണം.

ധാരാളം കാത്സ്യം എല്ലിന്റെ ബലത്തിന്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ഗർഭം, പ്രസവം എന്നീ പ്രക്രിയകൾ കടന്നു പോകാനുള്ള, ആർത്തവവിരാമത്തിന്‌ ശേഷം സ്വതവേ തന്നെ എല്ലുതേയ്‌മാനത്തിന്‌ സാധ്യത കൂടുതലുള്ള സ്‌ത്രീകൾ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വെയിലിൽ നിന്ന്‌ കിട്ടുന്ന വൈറ്റമിൻ ഡി, ഭക്ഷണത്തിൽ നിന്ന്‌ കിട്ടുന്ന കാത്സ്യം എന്നിവ നേടുന്നത്‌ അത്ര ശ്രമകരമല്ല. രണ്ടായാലും ശരീരത്തിൽ കുറവാണെങ്കിൽ സപ്ലിമെന്റുകൾ കഴിക്കണം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നിർബന്ധമായും കാത്സ്യം ഗുളിക കഴിക്കണം. അല്ലെങ്കിൽ ഉള്ള കാത്സ്യം കുഞ്ഞാവ കൊണ്ടോവും. ഒരു കാര്യം കൂട്ടിച്ചേർക്കാനുള്ളത്‌, സ്‌ത്രീകൾക്ക്‌ യോനിയിലൂടെ പോകുന്ന വെള്ള നിറമുള്ള ഡിസ്‌ചാർജ്‌ ‘അസ്‌ഥിയുരുക്കം’ എന്ന പേരിലാണ്‌ പരക്കേ അറിയപ്പെടുന്നത്‌. ഗർഭപാത്രത്തിൽ നിന്നുള്ള സ്വാഭാവികസ്രവം മാത്രമാണത്‌. ഒരിക്കലും അസ്‌ഥി ഉരുകി ഒലിച്ചു വരില്ല. ആ സ്രവത്തിന്‌ ദുർഗന്ധമോ നിറവ്യത്യാസമോ ചൊറിച്ചിലോ ഇല്ലാത്ത പക്ഷം അതിന്‌ ചികിത്സ ആവശ്യവുമില്ല.

ആണിലും പെണ്ണിലും അസ്‌ഥികൂടത്തിന്‌ ചെറിയ രൂപവ്യത്യാസങ്ങളുണ്ട്‌. എന്നാൽ മറ്റു ജീവികളിൽ ഉള്ളത്ര പ്രകടമായ ആൺപെൺ വ്യത്യാസങ്ങൾ മനുഷ്യരുടെ അസ്‌ഥികൂടത്തിൽ ഇല്ല. ഗർഭസ്‌ഥിശുവിനെ ഉൾക്കൊള്ളാനും പ്രസവിക്കാനും വേണ്ടി സ്‌ത്രീകൾക്ക്‌ ഇടുപ്പിലെ അസ്‌ഥികൾക്ക്‌ വ്യാസം കൂടുതലുണ്ടാകും എന്നതാണ്‌ ഈ വ്യത്യാസങ്ങളിൽ പ്രധാനമായ ഒരു കാര്യം. തലയോടിലും മറ്റ്‌ അസ്‌ഥികളിലും ഉള്ള ഈ വ്യത്യാസങ്ങൾ ഫോറൻസിക്‌ വിദഗ്‌ധരെ അസ്‌ഥികൂടത്തിനുള്ളിൽ ജീവിച്ചിരുന്ന മനുഷ്യനെ കണ്ടെത്തുന്നതിൽ വളരെയേറെ സഹായിക്കുന്ന ഒരു ക്ലൂവാണ്‌.

എല്ലിന്‌ പരിക്ക്‌ പറ്റിയാൽ പരിശോധിക്കുന്ന ഏറ്റവും സാധാരണമായ ടെസ്‌റ്റിന്‌ എക്‌സ്‌റേ പരിശോധന എന്നാണ്‌ പറയുന്നത്‌. കൂടുതൽ വിശദാംശങ്ങൾ ആവശ്യമുള്ളപ്പോൾ കൂടുതൽ സങ്കീർണമായ മറ്റു പരിശോധനകൾ ചെയ്യാറുണ്ട്‌. അസ്‌ഥിയുടെ പരിക്കുകൾ മാത്രമല്ല, ഒരു വ്യക്‌തിയുടെ വളർച്ചയുടെ തോതും, പല രോഗങ്ങളും എക്‌സ്‌റേ പരിശോധിച്ച്‌ മനസ്സിലാക്കാനാവും. അസ്‌ഥിക്കകത്തെ മജ്ജ പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുത്ത്‌ പരിശോധിക്കുന്നത്‌ പല രോഗങ്ങളും നിർണ്ണയിക്കുന്നതിൽ നിർണ്ണായകപങ്ക്‌ വഹിക്കുന്നുണ്ട്‌.

ഓരോ എല്ലിന്‌ മീതെയും പ്രത്യേകമായ വരകളും കുറികളും കുഴിയും കുത്തും വളവുമൊക്കെയുണ്ട്‌. തലയോട്ടിയിലാകട്ടെ കുറേയേറെ ദ്വാരങ്ങൾ പോലുമുണ്ട്‌. ഇതെന്തിനാണെന്നറിയുമോ? നമ്മുടെ ശരീരത്തിലെ പേശികൾ അറ്റാച്ച്‌ ചെയ്യാനും നാഡികളും സിരകളും ഞരമ്പുകളും പാസ്‌ ചെയ്യാനുമൊക്കെയാണ്‌ വരച്ച്‌ വെച്ച കണക്കിന്‌ ഇവയെല്ലാമുള്ളത്‌. ഇതെല്ലാം പഠിക്കുന്ന ശാസ്‌ത്രശാഖക്ക്‌ ‘ഓസ്‌റ്റിയോളജി’ എന്നാണ്‌ പറയുക. തലയോട്ടിയിലെ ഏറ്റവും വലിയ ദ്വാരത്തിലൂടെയാണ്‌ സുഷുമ്‌നാനാഡി പുറത്തേക്ക്‌ വന്ന്‌ നട്ടെല്ലിനകത്തേക്ക്‌ കയറുന്നത്‌. ഇപ്പോൾ സ്വന്തം അസ്‌ഥികൂടത്തെയോർത്ത്‌ അത്യാവശ്യം അഭിമാനമൊക്കെ തോന്നുന്നില്ലേ?
വാൽക്കഷ്‌ണം : എല്ലുകൾക്ക്‌ രണ്ട്‌ ഭാഗമാണുള്ളത്‌. വളർന്ന്‌ കൊണ്ടിരിക്കുന്ന എപിഫൈസിസും, ബാക്കിയുള്ള മെറ്റാഫൈസിസും. ഓരോ എല്ലിന്റെയും വളർച്ച പൂർണമാകുന്ന പ്രായമെത്തുമ്പോൾ എപിഫൈസിസുകൾ കൂടിച്ചേർന്ന്‌ ആ എല്ല്‌ വളർച്ച പൂർണമാക്കിയതായി പ്രഖ്യാപിക്കും. ഓരോ അസ്‌ഥിയുടേയും എപിഫൈസിസ്‌ ഫ്യൂസ്‌ ചെയ്യുന്നത്‌ ഓരോ പ്രായത്തിലാണ്‌. അപ്പോൾ, ഒരസ്‌ഥി മാത്രം ഒരിടത്ത്‌ നിന്ന്‌ കിട്ടിയെന്നിരിക്കട്ടെ, അതിന്റെ ബാഹ്യമായ രൂപത്തിൽ നിന്ന്‌ തന്നെ അത്‌ സത്രീയുടേതോ പുരുഷന്റേതോ എന്ന്‌ ഏകദേശം പറയാനാവും. അതിന്റെ എക്‌സ്‌റേ എടുത്ത്‌ പരിശോധിച്ചാൽ എപിഫൈസിസുകളുടെ എണ്ണവും രൂപവും പിടികിട്ടും. അതിൽ നിന്ന്‌ വ്യക്‌തിയുടെ ഏകദേശപ്രായം പിടികിട്ടും. ചില എല്ലുകളുടെ നീളം ചില പ്രത്യേക ഫോർമുലകളിൽ ചേർത്താൽ ആ വ്യക്‌തിയുടെ ഏകദേശ ഉയരം പിടികിട്ടും. മരണശേഷം അസ്‌ഥികൂടം ഒരിക്കലും എഴുന്നേറ്റ്‌ വന്ന്‌ കഥ പറയില്ലെന്ന്‌ നേരത്തേ പറഞ്ഞല്ലോ. പക്ഷേ, അസ്‌ഥികൾ കഥ പറയും, ശാസ്‌ത്രത്തിന്റെ ഭാഷയിൽ.