അസൂറികളില്ലാത്ത ലോകകപ്പ്

മിലാന്‍: ഇതാ ലോകകപ്പില്‍ നിന്നുള്ള ഏറ്റവും ഞെട്ടുന്നു വാര്‍ത്ത. അടുത്ത ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി ഉണ്ടാവില്ല. അറുപത് വര്‍ഷത്തിനുശേഷമാണ് ഇതിഹാസങ്ങള്‍ ഏറെ പിറന്ന അസൂറികളില്ലാത്ത ഒരു ലോകകപ്പിന് പന്തുരുളാന്‍ പോകുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഇറ്റാലിയന്‍ ഫുട്ബോള്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഇത്. സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്.

1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലാണ് ഇറ്റലി ഇതിന് മുന്‍പ് യോഗ്യത നേടാതിരുന്നത്. 1930ല്‍ യുറുഗ്വായില്‍ നടന്ന പ്രഥമ ലോകകപ്പിലും അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള എല്ലാ ലോകകപ്പിലും നീലപ്പട തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു.