അസാൻജിനെതിരെ കൂടുതൽ കുറ്റാരോപണങ്ങളുമായി അമേരിക്ക

ബ്രിട്ടനില്‍ ജെയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജിനെതിരെ ചാരവൃത്തിയടക്കമുള്ള കൂടുതൽ  കുറ്റങ്ങൾ ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ഇതോടെ അസാൻജിനെ വിട്ടു കിട്ടുന്നതിനായി അമേരിക്കയും സ്വീഡനും തമ്മിലുള്ള യുദ്ധം മുറുകുകയാണ്.


അമേരിക്കയുടെ ഇറാക്ക്, അഫ്ഘാനിസ്ഥാൻ യുദ്ധങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളടക്കം ചോർത്തിയത് ചാരവൃത്തി നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക രംഗത്ത് വന്നിട്ടുള്ളത്. പെന്റഗണിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താണ് ഓസ്‌ട്രേലിയക്കാരനായ അസാൻജ്  വിവരങ്ങൾ ചോർത്തിയതെന്നാണ് അമേരിക്കയോട് ആരോപണം. 

അമേരിക്ക ഉന്നയിച്ചുട്ടുള്ള കുറ്റാരോപണങ്ങൾ 2013ൽ തന്നെ ഉണ്ടായിരുന്നവയാണെങ്കിലും ഇടക്കാലത്ത് അവ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 2013ൽ അമേരിക്കൻ സേനയിലെ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനെ കോർട്ട് മാർഷ്യൽ ചെയ്യുന്നതിലാണ് അന്നത് അവസാനിച്ചത്. 

ചാരവൃത്തിയാരോപണം വീണ്ടും ഉന്നയിക്കപ്പെട്ടത്  അസാൻജിന്റെ സ്ഥിതി പരുങ്ങലിലാക്കും. അതോടൊപ്പം അത് മാധ്യമപ്രവർത്തകർക്കെതിരെ പ്രയോഗിക്കപ്പെടുമെന്ന ഭീതിയും ഉയര്ന്നിട്ടുണ്ട്. പൊതുതാല്പര്യപ്രേരിതമായി   സർക്കാരിന്റെ  പ്രവർത്തനത്തെ സംബന്ധിച്ചുള്ള രേഖകൾ കൈമാറുന്ന ഉദ്യോഗസ്ഥരും അതുപയോഗിക്കുന്ന മാധ്യമപ്രവർത്തകരും ചാരവൃത്തിയാരോപണത്തിന് വിധേയരാകുമെന്ന ഭീതിയാണ് പലരും പങ്കുവയ്ക്കുന്നത്. 


2012ല്‍ രാഷ്ട്രീയ അഭയം തേടിയ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നും അസ്സാന്‍ജിനെ ഏപ്രിൽ 11ന്  പുറത്താക്കിയിരുന്നു. ബ്രിട്ടീഷ് പോലീസ് ഉടന്‍ തന്നെ  അസ്സാന്‍ജിനെ അറസ്റ്റ് ചെയ്തു. ജാമ്യം ലംഘിച്ച കുറ്റത്തിന് 50 ആഴ്ചത്തെ തടവുശിക്ഷ അനുഭവിക്കുകയാണിപ്പോള്‍ അസാൻജ്.ഇതിനിടയിൽ സ്വീഡനില്‍ അസ്സാന്‍ജിനെതിരായ ബലാല്‍സംഗകുറ്റത്തിന്റെ പുനരന്വേഷണം മെയ് 13നു തുടങ്ങി.


2010ല്‍ അസ്സാന്‍ജ് സ്വീഡന്‍ സന്ദര്‍ശിച്ചപ്പോള്‍ ബലാല്‍സംഗത്തിനിരയായിയെന്ന പരാതിയുമായി രണ്ടു സ്ത്രീകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നുണ്ടായ കേസാണിത്.സമയപരിധി കഴിഞ്ഞതിനാല്‍ സ്വീഡനില്‍ അസ്സാന്‍ജിനെതിരായ ലൈംഗിക പീഡന കേസ് 2017ല്‍ ഇല്ലാതെയായിരുന്നു. എന്നാല്‍ ബലാല്‍സംഗം ചെയ്തതായുള്ള ആരോപണം നിലനില്‍ക്കുകയാണ്. 


എംബസ്സിക്കുള്ളില്‍ കഴിഞ്ഞിരുന്ന അസ്സാന്‍ജിനെ സ്വീഡനിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതയൊന്നും കാണാതിരുന്നതിനാല്‍ സ്വീഡിഷ് അധികൃതരും കേസ് ഉപേക്ഷിച്ച മട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ അസാൻജിനെ വിട്ടുകിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ബലാല്‍സംഗ കുറ്റത്തിന് അസ്സാന്‍ജിനെ തടവിലാക്കുന്നതിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചാല്‍ യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നാണ് സ്വീഡിഷ് പ്രോസിക്യൂഷൻ പറയുന്നത്. 


ബലാല്‍സംഗ കേസിനു നിയമം അനുശാസിക്കുന്ന സമയപരിധി അടുത്ത ഓഗസ്റ്റില്‍ കഴിയും. എന്നാല്‍ കുറ്റം നിഷേധിച്ച അസ്സാന്‍ജ് അത് രാഷ്ട്രീയ പ്രേരിതമാണെന്നു പറയുന്നു, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 


സ്റ്റോക്‌ഹോമിന് വടക്കുള്ള ഉപ്‌സാല ഡിസ്ട്രിക്ട് കോടതിയിലാണ് സ്വീഡിഷ് പ്രോസിക്യൂഷന്‍ അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത്. അത് കേള്‍ക്കുന്നതിനുള്ള തീയതിയും സമയവും തീരുമാനിച്ചിട്ടില്ല. ബ്രിട്ടനിലെ നടപടികള്‍ക്കൊപ്പം സ്വീഡനിലെയും നടപടികള്‍ തുടരാന്‍ കഴിയുമെന്നാണ് സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാർ പറയുന്നത്.