അസാറാം ബാപ്പു മാത്രമല്ല കുറ്റക്കാരന്‍, സംഘപരിവാര്‍ കൂടിയാണ്‌

Image result for Asaram Bapu

ഗോകുല്‍ ഗോപാലകൃഷ്ണന്‍

സംഘപരിവാര്‍ കടന്നു കയറ്റത്താല്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് പ്രതീക്ഷയുടെ ഒരു തരി വെളിച്ചം പോലെ ഇന്നലെ പീഢനക്കേസില്‍ അസാറാം ബാപ്പുവിന്റെ വിധി വരുന്നത്.

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ അസാറാം ബാപ്പുവിന് ലഭിച്ചിരിക്കുന്നത്. വിധി പ്രസ്താവം കേട്ട് അസാറാം കുഴഞ്ഞു വീണു. അസാറാമിന്റെ ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പതിനാറുകാരിയുടെ ദേഹത്ത് കയറിയ പിശാചിനെ ഒഴിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

വെറുമൊരു പീഡനക്കേസ് പ്രതിയല്ല അസാറാം. ഒന്നാന്തരം ഒരു ക്രിമിനലാണ് അയാള്‍. പീഡനക്കേസിലെ സാക്ഷികള്‍ പലപ്പോഴായി ആക്രമിക്കപ്പെട്ടു. മൂന്നു പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. എന്തിനേറെ കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനു ലഭിച്ചത് 2000 ഭീഷണികളാണ്. അസാറാമിന് ജാമ്യം നല്‍കാതിരുന്ന ജഡ്ജിക്കു വരെ വധഭീഷണിയുണ്ടായിരുന്നു. അസാറാം 2013 മുതല്‍ ജയിലിലാണെങ്കിലും അയാളുടെ 10,000 കോടി രൂപയുടെ സാമ്രാജ്യം അതിശക്തമായി നിലനിന്നു. അസാറാമിന് വേണ്ടി അനുയായികള്‍ പുറത്ത് ശക്തമായ അക്രമങ്ങള്‍ അഴിച്ചു വിട്ടു.

‘ഈ നിമിഷം മരിച്ചാലും എനിക്ക് ദു:ഖമില്ല , കാരണം തന്റെ മകള്‍ക്ക് നീതി കിട്ടിയല്ലോ’

ഇതായിരുന്നു വിധി പ്രസ്താവത്തിനു ശേഷം ഇരയുടെ പിതാവ് പറഞ്ഞത്. ആ മനുഷ്യന്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ എന്തുമാത്രം വിശ്വാസം പുലര്‍ത്തിയിരുന്നു എന്നു ആ വാക്കുകള്‍ കേട്ടാല്‍ തിരിച്ചറിയാന്‍ കഴിയും. മറ്റ് എവിടെ നീതി കിട്ടിയില്ലെങ്കിലും കോടതിയില്‍ തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസം. ആ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങളാണ് നാം കുറച്ചു നാളുകളായി കണ്ടു വരുന്നത്. എന്നാലും ഇന്നലെ പുറത്ത് വന്ന വിധി നല്‍കുന്നത് ഇരുട്ടില്‍ അകപ്പെട്ട മനുഷ്യന് പ്രതീക്ഷയുടെ നേരിയ വെളിച്ചമാണ്.

അസുമല്‍ സിറുമാലാനിയില്‍ നിന്നും  അസാറാം ബാപ്പുവിലേക്ക്?

 

1941 ലാണ് അസുമല്‍ സിറുമാലാനി എന്ന അസാറാം ജനിക്കുന്നത്. വിഭജനത്തെ തുടര്‍ന്ന് തന്റെ കുടുംബത്തോടൊപ്പം അയാള്‍ അഹമ്മദബാദിലേക്ക് കുടിയേറി.കടുത്ത പട്ടിണിയിലായിരുന്നു അസാറാമിന്റെ കുട്ടിക്കാലം. തീര്‍ത്ഥാടകരെ തന്റെ കുതിര വണ്ടിയില്‍ അജ്മീര്‍ ഷെരിഫിലേക്ക് കൊണ്ടു പോവുകയായിരുന്നു അസുമലിന്റെ തൊഴില്‍. പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കാന്‍ അസുമലിന് താല്‍പര്യമില്ലായിരുന്നു. എങ്ങനെയും പണക്കാരനാവുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 15-ാം വയസില്‍ നാടുവിട്ട അസുമല്‍ പല തീര്‍ത്ഥസ്ഥലങ്ങളിലായി സമയം ചിലവിട്ടു. പതിയെ ദൈവമാണ് എറ്റവും വലിയ കച്ചവടമെന്ന് അസുമല്‍ മനസിലാക്കിയെടുത്തു.

അസാറാമിന്റെ ആശ്രമം

1970ല്‍ സബര്‍മതിയുടെ തീരത്ത് അസാറാം ഒരു കുടില്‍ കെട്ടി അത് തന്റെ ആശ്രമമാക്കി. അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു അസാറാം ബാപ്പുവെന്ന ആള്‍ ദൈവത്തിന്റെയും ഒന്നാന്തരം ഒരു ക്രിമിനലിന്‌റെയും വളര്‍ച്ച. ഇന്ന് രാജ്യത്ത് മുഴുവനായി 100 ആശ്രമങ്ങളും ലോകത്ത് മുഴുവനായി 1200 പ്രാര്‍ഥന കേന്ദ്രങ്ങളും ലോകം മുഴുവന്‍ 20 ദശലക്ഷം അനുയായികളുള്ള ആള്‍ ദൈവമാണ് അസാറാം.

Image result for Asaram Bapu’s atal bihari vajpayee

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജപേയ്‌ക്കൊപ്പം

രാഷ്ട്രീയ തലത്തിലും അസാറാമിന് ബന്ധങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്, എല്‍.കെ അദ്വാനി, നിതിന്‍ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാന്‍, രമന്‍ സിങ്, പ്രേംകുമാര്‍ ധുമാല്‍ എന്നീ ബിജെപി നേതാക്കളുമായും ദിഗ്വിജയ സിംഹ, കമല്‍നാഥ്, മോത്തിലാല്‍ വോറ എന്നീ കോണ്‍ഗ്രസ് നേതാക്കളുമായും നല്ല ബന്ധമാണ് അസാറാമിനുള്ളത്. എന്തിനേറെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പലപ്പോഴായി അസാറാമിനൊപ്പം വേദി പങ്കിട്ടിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

അസാറാമിന്റെ ഭാര്യ ലക്ഷ്മി ദേവി, മകന്‍ നാരായണ്‍ സായും മകളും ചേര്‍ന്നാണ് ആശ്രമ കാര്യങ്ങള്‍ നോക്കിയിരുന്നത്. അസാറാമിന്റെ ആശ്രമ ട്രസ്റ്റിന്റെ കീഴില്‍ ഡസണ്‍ കണക്കിന്  സ്‌കൂളുകളും, ആയുര്‍വേദ ഫാര്‍മസികളും ഉണ്ട്. ഇത്തരം സ്‌കൂളുകളില്‍ നിന്നുമാണ് തനിക്ക് വേണ്ട രീതിയില്‍ അനുയായികളെ അസാറാം വളര്‍ത്തിയെടുക്കുന്നത്.

Image result for Asaram Bapu with advani

അസാറാം അദ്വാനിക്കൊപ്പം

അസാറാമിന്റെ ആശ്രമത്തിനു നേരെയുള്ള  ആരോപണങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത് 2008ല്‍ ആശ്രമത്തിലെ രണ്ടു കുട്ടികളുടെ  മൃതദേഹങ്ങള്‍ ലഭിച്ചതിനു ശേഷമാണ്. ആശ്രമത്തിനുള്ളില്‍ അഭിചാരക്രിയകള്‍ നടക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

ജോധ്പൂര്‍ പീഡനക്കേസ്

 

2013 ആഗസ്റ്റിലാണ് പതിനാറുകാരിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അസാറാമിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കുന്നത്. അസാറാമിന്റെ ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പതിനാറുകാരിയുടെ ദേഹത്ത് കയറിയ പിശാചിനെ ഒഴിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. 2013 ആഗസ്റ്റ് 15നാണ് സംഭവം നടക്കുന്നത്.

ആഗസ്റ്റ് 31, 2013ന് അസാറാം അറസ്റ്റ് ചെയ്യപ്പെട്ടു. അസാറാം മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതു കാണിച്ച് അവരെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക സംതൃപ്തിക്ക് വേണ്ടി വിളിച്ചു വരുത്തുക എന്നതാണ് ലക്ഷ്യം.

2013 മുതല്‍ അസാറാം ജയിലിലായിരുന്നു. അസാറാമിന്റെ ജാമ്യാപേക്ഷകള്‍ ആറു തവണ തള്ളിക്കളഞ്ഞു. 2013 സെപ്തംബര്‍ 13ന് കേസ് പരിഗണിച്ചിരുന്ന സെഷന്‍ ജഡ്ജി മനോജ് കുമാറിന് അസാറാം അണികളില്‍ നിന്നും ജാമ്യം നല്‍കാത്തതിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചു.

ഭീഷണികളും കൊലപാതകങ്ങളും

ജയിലിനുള്ളിലായിരുന്നുവെങ്കിലും അസാറാം ശക്തമായി തന്നെ പുറത്ത് തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും അല്ലാത്തവരെ ഭീഷണിപ്പെടുത്താനും അനുയായികള്‍ ഇറങ്ങി തിരിച്ചു.

Image result for Asaram Bapu’s followers protest

 

2015 ഫെബ്രുവരിയില്‍ കേസിലെ സാക്ഷികളിലൊരാളായ രാഹുല്‍.കെ.സച്ചന്‍ ജോധ്പൂര്‍ കോടതിക്ക് മുന്നില്‍ വെച്ച് അക്രമിക്കപ്പെട്ടു.

2014 ഡിസംബറില്‍ കേസ് ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ സ്വസ്തമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇരയുുടെ സഹോദരനെ അനുയായികള്‍ ഭീഷണിപ്പെടുത്തി.

മറ്റൊരു പ്രധാന സാക്ഷിയായിരുന്ന ക്രിപാല്‍ സിങ് വെടിയേറ്റു മരിച്ചു. മരിക്കുന്നതിനു മുമ്പ് തന്നെ ആക്രമിച്ചവരുടെ പേരുകള്‍ ക്രിപാല്‍ പൊലീസിനു കൈമാറി. പിന്നീട് ഇവര്‍ അസാറാമിന്റെ അനുയായികളാണെന്ന് തിരിച്ചറിഞ്ഞു.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കുളിലെ പ്രിന്‍സിപ്പാലിനു നേരെയും വധഭീഷണികളുണ്ടായി. പെണ്‍കുട്ടിയുടെ ജനന തീയതി മാറ്റാന്‍ ആവശ്യപ്പെട്ടത് നടത്താതിരുന്നതിനാണ് ഭീഷണികള്‍ വന്നത്. വെടിയുണ്ടകള്‍ പാഴ്‌സലായി വരെ എത്തിയിരുന്നു.

കുറ്റകൃത്യങ്ങള്‍

Image result for Asaram Bapu

 

വെറുമൊരു പീഡനക്കേസ് മാത്രമല്ല അസാറാമിന്റെ പേരിലുള്ളത്. തെളിയക്കാന്‍ കഴിഞ്ഞ കുറ്റകൃത്യം മാത്രമാണ് ബലാല്‍സംഗ കേസ്.

2008ല്‍ അസാറാമിന്റെ ആശ്രമങ്ങളില്‍ രണ്ടു കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതില്‍ ഒരാളുടെ തല അടുത്തുള്ള ബക്കറ്റില്‍ നിന്നുമാണ് ലഭിച്ചത്. പക്ഷേ ആരും കേസ് എടുത്തില്ല. ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല.

അതിനുശേഷം ആശ്രമത്തിലെ രണ്ടു വിദ്യാര്‍ഥികളുടെ ശരീരം വികൃതമായ രീതിയില്‍ ഒരു വറ്റി വരണ്ട പുഴയില്‍ നിന്നും ലഭിച്ചു. ഒരാളുടെ ശരീരത്തിനുള്ളുില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരുന്നു. മറ്റൊരാള്‍ക്ക് രണ്ടു ചെവികളും ഇല്ലായിരുന്നു. ഈ സംഭവവും എങ്ങുമെത്താതെ പോയി.

2013ല്‍ മറ്റൊരു പീഡനക്കേസും അസാറാമിനെതിരെ വന്നു. ഇത്തവണ അസാറാമിന്റെ മകനും ഉള്‍പ്പെടുന്നു എന്നതാണ് പ്രത്യേകത. രണ്ടു സഹോദരങ്ങളാണ് ഇത്തവണ പരാതി നല്‍കിയത്. പിതാവിന്റെ വഴി സ്വീകരിച്ച നാരയണ്‍ സായ് ഈ കേസില്‍ ഇപ്പോള്‍ ജയിലിലാണ്.

ഈ കേസിലും പരാതിക്കാര്‍ക്കെതിരെയും സാക്ഷികള്‍ക്കെതിരെയും അക്രമങ്ങള്‍ നടന്നു. പരാതിക്കാരില്‍ ഒരാളുടെ ഭര്‍ത്താവിന് അജ്ഞാത അക്രമിയാല്‍ കുത്തേറ്റു.

ഈ കേസിലെ പ്രധാന സാക്ഷിയായിരുന്ന ആശ്രമത്തിലെ പാചകക്കാരന്‍ അഖില്‍ ഗുപ്ത വെടിയേറ്റു മരിച്ചു.

ഇരുവര്‍ക്കുെതിരെ മൊഴി നല്‍കിയ മഹേന്ദ്ര ചൗളക്ക് വെടിയേറ്റു. ചൗള നാരയണ്‍ സായിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു.

ആള്‍ദൈവങ്ങളുടെ രാജ്യം

ആള്‍ദൈവങ്ങളുടെ സമ്മേളനമാണ് ഇന്ത്യ എന്ന മഹാരാജ്യത്ത്. ഇവിടെ വിറ്റു പോകുന്ന എറ്റവും വിലയേറിയ വസ്തു ദൈവ വിശ്വാസമാണെന്നതിന് എറ്റവും വലിയ തെളിവാണ് മുക്കി മുക്കിന് കാണുന്ന ആള്‍ ദൈവ ആശ്രമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ അമൃതാനന്ദമയ് മുതല്‍ തുടങ്ങുന്നു ഇതിന്റെ കണക്കുകള്‍. ഇവരെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാരാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സിനിമാ താരങ്ങള്‍ മുതലുള്ള പ്രശസ്തര്‍ ഇവരുടെ വിശ്വാസികളാകുമ്പോള്‍ സാധാരണ മനുഷ്യരും ആ വലയില്‍ വീണ് പോകുന്നു.

ആള്‍ ദൈവങ്ങള്‍ക്ക് വളര്‍ച്ചക്ക് വളം നല്കുനത് സംഘപരിവാര്‍ പോലുള്ള സംഘടനകളാണ്. അവരുടെ മന്ത്രിസഭ പരിശോധിച്ചാല്‍ നമ്മുക്ക് മനസിലാക്കാന്‍ കഴിയും എത്ര സാക്ഷി മഹാരാജമാര്‍ ഉണ്ടെന്ന് കണക്കെടുത്താല്‍ മതിയാകും. അസാറാമിന് അടുപ്പമുള്ള നേതാക്കളെ നോക്കിയാല്‍ മതിയാകും എത്ര ബിജെപി നേതാക്കള്‍ ഇവരെ ആരാധിക്കുന്നു എന്ന് മനസിലാകും. എന്തിനു ഏറെ പറയുന്നു ബിജെപി എംപി സുബ്രഹ്മണ്യസ്വാമി അസാറാമിന് ജാമ്യം കിട്ടാത്തതിനെതിരെ വരെ പ്രതിഷേധം അറിയിച്ചു. അദ്ദേഹത്തിന് തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നാണ് സുബ്രഹ്മണ്യസ്വാമി പറഞ്ഞത്.

1997ല്‍ സ്വാമി പ്രേമാനന്ദയെ കൊലപതകത്തിനും ബലാല്‍സംഗത്തിനും ഇരട്ട ജീവപര്യന്തത്തിന് വിധിച്ചത് മുതല്‍ തുടരുന്നു ആള്‍ ദൈവങ്ങളുടെ ക്രൂരകൃത്യങ്ങളുടെ നിര.

Image result for swami premananda

സ്വാമി പ്രേമാനന്ദ

സ്വാമി അമൃതാചാര്യയെ ഇന്റര്‍പോള്‍ 2008ല്‍ അറസ്റ്റ് ചെയ്യുന്നത് പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനായിരുന്നു.

സ്വാമി നിത്യാനന്ദയെ പൊലീസ് പിടിക്കുന്നത് ബലാല്‍സംഗത്തിനാണ്.

മരണപ്പെട്ട കാഞ്ചി കാമകോടി പീഠത്തിലെ സ്വാമി ശ്രീ ജയേന്ദ്ര സരസ്വതി രണ്ട് കൊലപാതക കുറ്റങ്ങളിലെ പ്രധാന പ്രതിയാണ്.

ഇന്ത്യന്‍ ആള്‍ ദൈവങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണം ലഭിച്ചിരുന്ന സത്യാ സായ് ബാബയും ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടയാളാണ്. പക്ഷേ ഇന്ത്യന്‍ രാഷ്ട്രിയം അദ്ദേഹത്തിന്റെ കാല്‍ കീഴിലായിരുന്നതിവനാല്‍ ഒന്നും തന്നെ തെളിയക്കപ്പെട്ടില്ല.

 

കേരളത്തില്‍ അമൃതാനന്ദമയ്‌ക്കെതിരെ തന്നെ ആരോപണങ്ങള്‍ ഒരുപാടാണ്. പക്ഷേ ഒന്നും തന്നെ തെളിയക്കപ്പെട്ടില്ല, അല്ല തെളിയിക്കാന്‍ അനുവദിച്ചില്ല. പീഡനക്കേസില്‍ അകത്തായ സന്തോഷ് മാധവനും എല്ലാരാലും ആരാധിക്കപ്പെട്ടിരുന്ന ആള്‍ ദൈവമായിരുന്നു.

മുകളില്‍ പറഞ്ഞ എല്ലാ ആള്‍ദൈവങ്ങളുടെയും വളര്‍ച്ചയില്‍ സംഘപരിവാറിന്റെ പങ്ക് വളരെ വലുതാണ്‌

കോടതി വിധി

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്ന വിധിയാണ് ഇന്നലെ കോടതി പ്രസ്താവിച്ചത്. അസാറാമിന്റെ അനുയായികള്‍ മുഴക്കിയ ഭീഷണികള്‍ക്കു മുന്നില്‍ അടിപതറാതെ നിന്നു പൊരുതി നേടിയ ജയം. അനുയായികളാല്‍ കൊല്ലപ്പെട്ട സാക്ഷികള്‍ക്കും, പ്രലോഭനങ്ങളിലും ഭീഷണികളിലും വീണു പോകാതെ ഉറച്ചു നിന്ന സാക്ഷികള്‍ക്കും പൊലീസുകാര്‍ക്കുമുളള വിജയമാണിത്. കോടതിയില്‍ സാധാരണക്കാരന് വിശ്വാസം തിരികെ നല്‍കുന്ന വിജയം.

പക്ഷേ, സംഘപരിവാര്‍ സ്വാധീനത്താല്‍ മായ കോടനാനിയെയും അസീമാനന്ദയെയും മേല്‍  കോടതി വെറുതെ വിട്ടത് പോലെ അസാറാമും പുറത്തിറങ്ങിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം കീഴ്കോടതിയിലെ ഒരു തെളിവും മുകളിലെത്തുമ്പോള്‍ ഒന്നും അല്ലാതെ ആകുന്നു.