അസമില്‍ പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം

ഗുവാഹത്തി: തമിഴ്‌നാടിന് പിന്നാലെ അസം സന്ദര്‍ശനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗോബാക്ക് വിളികള്‍. ഓള്‍ അസം സ്റ്റുഡന്റ്‌സ് യുണിയന്‍(എഎഎസ്‌യു) ആണ് മോദിക്കെതിരെ ഗോബാക്ക് വിളികള്‍ ഉയര്‍ത്തിയത്. ഇവര്‍ മോദിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി കാണിച്ചു. പൗരത്വ ബില്ലിനെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോദി ഗുവാഹത്തിയിലെത്തിയത്. രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അദ്ദേഹത്തിന്റെ വാഹനം പ്രവേശിക്കാന്‍ തുടങ്ങുമ്ബോഴാണ് ഗോബാക്ക് വിളികള്‍ ആരംഭിച്ചത്.

അതേസമയം തനിക്കെതിരെ കരിങ്കൊടി കാണിച്ച്‌ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ മോദി കൈവീശി കാണിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. അസമിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ മോദിയുടെ ശ്രമമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. ബിജെപിയുടെ അനുഭാവികളുംെ മന്ത്രിമാരായ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ, പിജൂഷ് ഹസാരിക തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് നേരെയാണ് മോദി കൈവീശിയതെന്നാണ് സൂചന. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടങ്ങുമെന്നും, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ബില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ കുറ്റപ്പെടുത്തി. മോദിയുടെ കോലം കത്തിക്കാനുള്ള നീക്കമാണ് ഇനി നടത്താന്‍ ഒരുങ്ങുന്നത്.