അസമയത്ത് ആപ്പിള്‍ കഴിച്ചാല്‍?

 

 

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ പടിക്കു പുറത്തുനിര്‍ത്തും എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഈ ചൊല്ല് വെറുതെയല്ല. ഇംഗ്ലീഷില്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന വിളിപ്പേരുളള ആപ്പിളിന് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകളുണ്ട്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍ തോന്നിയ സമയത്ത് ആപ്പിള്‍ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യപ്രദം ചില പ്രത്യേക സമയത്തു കഴിക്കുന്നതാണെന്നാണു ഗവേഷകര്‍ പറയുന്നത്. പ്രതിരോധശേഷി വളരെയധികം കൂട്ടാന്‍ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിള്‍. ആയുര്‍വേദത്തില്‍ ഓരോ പഴവും കഴിക്കാന്‍ പ്രത്യേകസമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ആപ്പിളിന്റെ കാര്യവും. ആപ്പിള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ് എന്നാണു ഗവേഷകര്‍ പറയുന്നത്.

മറ്റേതു പഴത്തെക്കാളും ആപ്പിള്‍ രാവിലെ ശീലമാക്കുന്നതാണ് ആരോഗ്യത്തിനു ഉത്തമവും. അതുപോലെ, ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കാന്‍സറിനു കാരണമാകുന്ന കാര്‍സിയോജെന്‍സ് (carcinogens) നീക്കം ചെയ്യാനും ആപ്പിള്‍ കഴിക്കുന്നതു കൊണ്ട് സാധിക്കും. എന്നാല്‍ ഉച്ചനേരത്തോ വൈകിട്ടോ രാത്രിയിലോ ആണ് ആപ്പിള്‍ കഴിക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ ഗുണം കിട്ടില്ല. രാത്രിയില്‍ ആപ്പിള്‍ കഴിക്കുന്നത് ഗ്യാസ് ഉണ്ടാക്കും. ഇത് ഉറക്കം കെടുത്തുകയും ചെയ്യും. അതുപോലെ ഈ സമയത്ത് ആപ്പിള്‍ കഴിച്ചാല്‍ അതിലുള്ള ഓര്‍ഗാനിക് ആസിഡ് വയറ്റിലെ ആസിഡിന്റെ അളവ് ക്രമാതീതമായി കൂട്ടുകയും അങ്ങനെ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കാന്‍സറിനെ ചെറുക്കുന്നു

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫല്‍വനോയിഡ് കാന്‍സര്‍ കോശങ്ങളുടെ ത്വരിത വളര്‍ച്ചയെ തടയുന്നു. പ്രധാനമായും സ്തനാര്‍ബുദത്തെ തടയാന്‍ ആപ്പിള്‍ ഏറെ സഹായകരമാകുന്നു.

അമിതവണ്ണം കുറയ്ക്കാം

ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും.

 

പ്രമേഹരോഗികള്‍ക്കും കഴിക്കാം

മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. ടൈപ്പ് 2 പ്രമേഹത്തിന് നല്ലൊരു ഔഷധം കൂടിയാണ് ആപ്പിള്‍.

ഹൃദയത്തിന്റെ ആരോഗ്യം

ആപ്പിള്‍ കഴിക്കുന്നത് സ്ട്രോക്കിനെ പ്രതിരോധിക്കാനും ശരീരത്തിലെ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകളും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.