അസംഖാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്; ജയപ്രദ

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് നടിയും രാംപൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ ജയപ്രദ. ഇത്തരം വ്യക്തികള്‍ വിജയിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കും. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ലേ? സ്ത്രീകള്‍ എവിടെ പോകുമെന്നും അവര്‍ ചോദിച്ചു. അദ്ദേഹം കരുതുന്നത് താന്‍ രാംപൂറില്‍ നിന്ന് പേടിച്ചോടുമെന്നാണ്. എന്നാല്‍ താന്‍ തിരിച്ചുപോകില്ലെന്നും ജയപ്രദ വ്യക്തമാക്കി.

‘അസംഖാന്‍ തനിക്കെതിരെ നടത്തി‍യ പരമാര്‍ശത്തില്‍ പുതുമ തോന്നുന്നില്ല. 2009 ല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ നടത്തിയ പരമാര്‍ശത്തിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല. താനൊരു സ്ത്രീയാണ്. ഇപ്പോഴും അദ്ദേഹം അന്ന് പറഞ്ഞ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല.’ -അവര്‍ പറഞ്ഞു.

അതിനിടെ, ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.