അവിശ്വാസം അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

Image result for theresa mayലണ്ടൻ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരേസ മേയ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മറി കടന്നത്. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 306 അംഗങ്ങളും എതിര്‍ത്ത് 325 പേരും വോട്ട് ചെയ്തു. പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെയാണ് മേയ് അവിശ്വാസത്തെ അതിജീവിച്ചത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 118 എംപിമാര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും അവിശ്വാസ വോട്ടെടുപ്പില്‍ അവര്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു.

ബ്രെക്‌സിറ്റ് കരാറില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായമുള്ളവരാണ് ഇവര്‍. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താതിരിക്കാനാണ് ഇവര്‍ മേയ്ക്ക് പിന്തുണ നല്‍കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 314 അംഗങ്ങളും വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ 10 അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് മേയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.