അവസാനഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടി പ്രമുഖര്‍

ന്യൂഡല്‍ഹി:   ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്‌ പോകും. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റുകളിലും  പഞ്ചാബിലെ പതിമൂന്നും ബംഗാളിലെ ഒന്‍പതും സീറ്റുകളിലാണ് നാളെ പോളിങ്.

ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടുവീതവും ഹിമാചല്‍പ്രദേശിലെ നാലും  ജാര്‍ഖണ്ഡിലെ മൂന്നും ചണ്ഡീഗഡിലെ ഒരുസീറ്റിലും നാളെയാണ് തിരഞ്ഞെടുപ്പ്.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍ പോരാടുന്ന പട്നസാഹിബ്, ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ മല്‍സരിക്കുന്ന ഗുരുദാസ്പുര്‍, കോണ്‍ഗ്രസിന്റെ പവന്‍കുമാര്‍ ബന്‍സാലും നടി കിരണ്‍ ഖേറും പോരാട്ടം നടത്തുന്ന ചണ്ഡീഗഡ് തുടങ്ങിയവയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.