അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്ന് മണി, വെളിച്ചവുമായി ഈ നാട്ടില്‍ത്തന്നെ കാണുമെന്ന് ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കക്കന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും ‘വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്’ എന്നായിരുന്നു മണിയുടെ പോസ്റ്റ്. സേവ് ഇലക്ട്രിസ്റ്റി എന്ന ഹാഷ്ടാഗോടെയുള്ള മണിയുടെ ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബൽറാം എംഎല്‍എയും രംഗത്തെത്തി. അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷന്‍ എടുക്കാന്‍ സിഡി അടയ്ക്കാന്‍ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികള്‍ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണുമെന്നുമായിരുന്നു ബൽറാമിന്റെ ഫെയ്‌സ്ബുക്കിലൂടെ തന്നെയുള്ള മറുപടി.