അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും; യു പ്രതിഭ എംഎല്‍എ

കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമത്തിന് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞ ശേഷമാണ് ഇനി കൂടുതല്‍ പറയുന്നില്ലെന്നും ഇവിടെ നിര്‍ത്തുകയാണെന്നും പ്രതിഭ വ്യക്തമാക്കിയത്.

വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്‍റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. എംഎല്‍എ ഫേസ്ബുക്കില്‍ കുറച്ചു.

എംഎല്‍എയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച്‌ Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച്‌ പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച്‌ വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച്‌ പനിയായി കിടപ്പിലാരുന്നു )..

വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്‍റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.