‘അവരും നമുക്കിടയിൽ ജീവിക്കാൻ അർഹതയുള്ള മനുഷ്യരാണ്‌..കൂടെ നിൽക്കണം, കൂട്ടാവണം’

ഡോ. ഷിംന അസീസ്

കഴിഞ്ഞ ദിവസത്തെ ഹർത്താലിന്‌ ഹേതുവായതൊരു ആത്മഹത്യയാണ്‌. അതേത്തുടർന്ന്‌ ആത്മഹത്യയെന്ന്‌ പറയുന്ന സംഗതി ഭീരുത്വമാണ്‌ എന്നൊക്കെ പറഞ്ഞ്‌ മരിച്ചവരെ ട്രോളാനും തെറി പറയാനുമൊക്കെ തുനിയുന്ന പലരെയും കണ്ടു സ്‌ട്രീമിൽ. അവരുടെ ശ്രദ്ധക്ക്‌…

– ആരും തമാശക്ക്‌ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കാറോ ചെയ്യാറോ ഇല്ല. അതൊരു ഗതികേടിന്റെയോ താങ്ങാനാവാത്ത മനോവിഷമത്തിന്റെയോ പാരമ്യതയാണ്‌. അവർ മറ്റാരേക്കാളും പരിഗണനയും സ്‌നേഹവും അർഹിക്കുന്നുണ്ട്‌. ആത്മഹത്യാപ്രവണത കൃത്യമായ വൈകാരികപിന്തുണയും ചികിത്സയും കൊണ്ട്‌ ഭേദപ്പെടുത്താവുന്ന ഒന്നാണ്‌.

– ‘നീ പോയി ചത്തോ’ എന്ന്‌ വേണ്ടപ്പെട്ടവർ പറയുന്നതോട്‌ കൂടി കടുത്ത വിഷാദമുള്ളവർ അരക്ഷിതാവസ്‌ഥയുടെ കൊക്കയിലേക്ക്‌ വീണു പോകുന്ന ഒരവസ്‌ഥയുണ്ട്‌. ഈഗോ ഒക്കെ തൽക്കാലം മാറ്റിവച്ച് ഒന്ന്‌ കൂടെ നിന്ന്‌ കൊടുത്തേക്കുക. അവർ തിരിച്ച്‌ കയറിക്കോളും. നേരിട്ടല്ലെങ്കിൽ പോലും അവരുടെ കൊലപാതകികൾ ആവരുത്‌.

– ആത്മഹത്യ ചെയ്യും എന്ന്‌ സൂചന തരുന്നവരെ ഒന്ന്‌ സൂക്ഷിക്കുന്നതാണ്‌ ശരി. ‘ശ്രദ്ധ കിട്ടാൻ വേണ്ടി സെന്റിയടിക്കുന്നു’ എന്നൊക്കെ ആക്ഷേപിക്കുന്നവർ ചിലപ്പോൾ ഒരായുഷ്‌കാലം കരഞ്ഞ്‌ തീർക്കാനുള്ള നിക്ഷേപമാകും നടത്തുന്നത്‌.

– ആത്മഹത്യ ചെയ്യുന്നവരിൽ പലരും അതിന്‌ മുൻപുള്ള മാസങ്ങളിൽ മാനസികരോഗത്തിന്‌ ചികിത്സ തേടിയിട്ടുള്ളവരാണ്‌. കൃത്യമായ ചികിത്സ തേടുന്നതും നേരത്തിന്‌ മരുന്ന്‌ കഴിക്കുന്നതും ആവശ്യമെങ്കിൽ സൈക്കോളജിസ്‌റ്റിന്റെ സേവനം തേടുന്നതും നാണക്കേടായി കരുതരുത്‌. ഇതും ഒരു രോഗം തന്നെയാണ്‌. അസുഖം മാറുന്നത് വരെ ചികിത്സ തുടരുകയും വേണം. മന്ത്രവാദചികിത്സയോ വിശ്വാസചികിത്സയോ അല്ല ഇവർക്ക്‌ ആവശ്യം.

– ഗൂഗിളും മെഡിക്കൽ വിവരവുമൊക്കെ വിരൽതുമ്പിലുള്ള കാലമാണ്‌. എത്ര വിവരമുണ്ടെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും രോഗാവസ്‌ഥയിലുള്ള ആൾക്ക്‌ തന്റെ അവസ്‌ഥയെക്കുറിച്ച്‌ ഉൾക്കാഴ്‌ച ഉണ്ടെങ്കിൽ പോലും രണ്ട്‌ മിനിറ്റ്‌ നേരത്തേ വൈകാരികതള്ളിച്ചയിൽ സർവ്വം ഒടുങ്ങാം. ദയവ്‌ ചെയ്‌ത്‌ കൂടെ നിൽക്കണം. ഉള്ളിന്റെ ഉള്ളിൽ ജീവിക്കാൻ ആശയില്ലാഞ്ഞിട്ടല്ല, തലച്ചോറിലെ സെറട്ടോണിനും ഡോപമിനും ക്രമരഹിതമായി പ്രവർത്തിച്ച്‌ പ്രതീക്ഷകൾ ഒടുങ്ങിയിട്ടാണ്‌ ഇത്തരം ചിന്തകൾ ഇവരെ ബുദ്ധിമുട്ടിക്കുന്നത്‌. ഏതോ നേരത്ത്‌ ചെയ്‌ത്‌ പോകുന്നത്‌. രോഗമാണ്‌, അവരെ സഹായിക്കണം.

– ദൈവഭയമില്ലാഞ്ഞിട്ടും മതവിശ്വാസമില്ലാഞ്ഞിട്ടും ധിക്കാരം കൊണ്ടും അഹങ്കാരം കൊണ്ടും ഒന്നുമല്ല മരിക്കാൻ തോന്നുന്നത്‌. അത്‌ പറഞ്ഞ്‌ ആവർത്തിച്ച്‌ കുറ്റപ്പെടുത്തി മുറിവിൽ മുളകുപൊടി ഇടരുത്‌.

– മുൻപൊരിക്കൽ ആത്മഹത്യക്ക്‌ ശ്രമിച്ച്‌ പരാജയപ്പെട്ടവർ ആ ശ്രമം ആവർത്തിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്‌. കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്‌തിട്ടുണ്ടെങ്കിലോ മുൻപ്‌ ശ്രമിച്ചിട്ടുണ്ടെങ്കിലോ ഈ സാധ്യത കൂടുതലാണ്‌. വളരെ ശ്രദ്ധ വേണം.

– ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന സെക്ഷൻ 309 IPC ഇപ്പോൾ നിലവിലില്ല. സ്വയം ഇല്ലാതാക്കാൻ ശ്രമിക്കുന്നയാൾ മറിച്ച്‌ തെളിയിക്കും വരെ കടുത്ത മാനസികാഘാതത്തിന്‌ അടിമയാണ്‌ എന്നാണ്‌ നിയമം നിരീക്ഷിക്കുന്നത്‌. ഇതും അവരോട്‌ കൂടെ നിൽക്കണം എന്ന സന്ദേശമാണ്‌ നൽകുന്നത്‌.

ഓർക്കുക, ആത്മഹത്യയൊരു തമാശയല്ല, താന്തോന്നിത്തരമല്ല, തോന്നിവാസവുമല്ല. നമുക്കിടയിൽ ജീവിക്കാൻ അർഹതയുള്ള മനുഷ്യരാണ്‌. കൂടെ നിൽക്കണം, കൂട്ടാവണം.