അലോക് വര്‍മ കോഴ വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ നീക്കുന്നതിന് കാരണമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായ പ്രധാന ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഇല്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വര്‍മ്മയെ നീക്കാന്‍ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ വിയോജനക്കുറിപ്പിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വര്‍മ്മയ്‌ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് ഖാര്‍ഗെ വ്യക്തമാക്കി. അലോക് വര്‍മ്മ കോഴ വാങ്ങിയെന്നത് അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നാണ് സിവിസി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള കുറിപ്പ് വ്യക്തമാക്കുന്നത്. കോഴ നല്‍കിയെന്നതിന് വ്യക്തമായ തെളിവില്ല. സാഹചര്യ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറിപ്പില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയാണ് വര്‍മ്മയ്‌ക്കെതിരെ കോഴ അരോപണം ഉന്നയിച്ചത്. സിബിഐ അന്വേഷണം നേരിട്ട വ്യവസായിയില്‍നിന്ന് വര്‍മ്മ രണ്ട് കോടിരൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം. ഹരിയാനയിലെ സ്ഥലം ഏറ്റടുക്കലുമായി ബന്ധപ്പെട്ട ആരോപണത്തിലും കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിവിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അലോക് വര്‍മ്മയ്‌ക്കെതിരായ പത്ത് ആരോപണങ്ങളില്‍ ആറും അടിസ്ഥാന രഹിതമാണെന്നാണ് സിവിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഐആര്‍സിടിസി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഒരാളുടെ പേര് പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സുപ്രധാന അന്വേഷണ ഏജന്‍സിയുടെ തലപ്പത്തുള്ള വ്യക്തിയെന്ന നിലയില്‍ കാട്ടേണ്ട ആര്‍ജവം അദ്ദേഹത്തില്‍നിന്ന് ഉണ്ടായില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഐആര്‍സിടിസി കേസില്‍ ഒഴിവാക്കപ്പെട്ട വ്യക്തി വര്‍മ്മയ്ക്ക് വ്യക്തമായി അറിയുന്നയാളാണെന്ന് സിവിസി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആരോപണങ്ങളില്‍ അന്വേഷണം തുടരേണ്ടതിനാല്‍ വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിലപാടാണ് ഉന്നതാധികാര സമിതി കൈക്കൊണ്ടത്.

എന്നാല്‍, സിബിഐ ഡയറക്ടറെന്ന നിലയില്‍ വര്‍മ്മയുടെ അധികാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വീകരിച്ചത്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനാല്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട 77 ദിവസത്തെ സേവന കാലാവധി നീട്ടിനല്‍കണമെന്നും ഖാര്‍ഗെ ആവശ്യമുന്നയിച്ചിരുന്നു.